Total Pageviews

Wednesday, 20 May 2020

ഉപയോഗാധിഷ്ഠിത സാമ്പത്തികതയിലേക്ക്‌


ബിരുദപ്പരീക്ഷയെഴുതാന്‍ ആത്മവിശ്വാസമില്ലാതെ ഞാന്‍ കഴിയുമ്പോഴാണ് കലാകൗമുദിയില്‍ 'അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍' എന്ന ലേഖനപരമ്പര ഗുരു നിത്യചൈതന്യയതി പ്രസിദ്ധീകരിച്ചതു വായിച്ച് അദ്ദേഹത്തോടൊപ്പം പഠിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന ആഗ്രഹം എന്നില്‍ മൊട്ടിടുന്നത്.
അക്കാലത്ത് രണ്ടും നാലും വരികളില്‍ പൂര്‍ത്തിയായിരുന്ന ധാരാളം കവിതകള്‍ ഞാന്‍ എഴുതിയിരുന്നു. അവയിലുപയോഗിച്ചിരുന്ന പദങ്ങള്‍ പരിമിതമായിരുന്നെങ്കിലും അവയിലൂടെ ആവിഷ്‌കൃതമായ ഭാവങ്ങള്‍ ഒരു കാലിഡോസ്‌കോപ്പില്‍ നാലോ അഞ്ചോ വളപ്പൊട്ടുകള്‍ ചേര്‍ന്നു രചിക്കുന്ന ചിത്രങ്ങള്‍ പോലെ വിചിത്രസുന്ദരങ്ങളായിരുന്നു. അതുകൊണ്ട് കാലിഡോസ്‌കോപ്പിനെ 'വൈചിത്ര്യദര്‍ശിനി'യെന്നും എന്റെ ചെറു കവിതകളെ കാലിഡോസ്‌കോപ്പിക്ക് കവിതകളെന്നും ഞാന്‍ വിളിച്ചിരുന്നു. ഗുരുവിനയച്ച കത്തില്‍ ഞാന്‍ അവയില്‍നിന്ന് എന്റെ അന്നത്തെ അവസ്ഥ ആവിഷ്‌കരിച്ചിരുന്ന
അഹംമഹാതമസ്സുതിര്‍ത്തു നില്ക്കയാ-
ണിഹംപരങ്ങളെ മറച്ചു മെന്നിലെ
മഹത്വമായിരുള്‍പ്പരപ്പിലാഴ്ത്തിയും
വിഹംഗമെന്നെയീ ഭുജംഗമാക്കിയും
എന്ന നാലു വരി കവിതയും ചേര്‍ത്ത് അദ്ദേഹത്തോടൊത്ത് ഒരു മാസം താമസിക്കാനുള്ള അനുവാദത്തിനായി ഒരു കത്തെഴുതി. മൂന്നാം ദിവസം അദ്ദേഹത്തിന്റെ കൂടെ അന്നുണ്ടായിരുന്ന ആരോ അദ്ദേഹം പറഞ്ഞു കൊടുത്തതനുസരിച്ച് എഴുതിയ മറുപടി കിട്ടി. ഇംഗ്ലീഷിലായിരുന്നു, അത്. സുഖമില്ലാത്തതിനാലാണ് സ്വന്തം കൈപ്പടയില്‍ മറുപടി അയയ്ക്കാത്തത് എന്നും സുഖമായാലുടനെ മറുപടി അയയ്ക്കും എന്നുമായിരുന്നു, സാരം.
രണ്ടു മൂന്നു ദിവസത്തിനകം അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിലുള്ള മറുപടി കിട്ടി. അത് അതേപടി ഉദ്ധരിക്കാം.
പ്രിയപ്പെട്ട ജോസാന്റണീ,
എനിക്കു ശരീരസുഖമില്ലാതെ കിടപ്പിലായിരുന്നപ്പോഴാണു താങ്കളുടെ കത്തു കിട്ടിയത്. ജോസിന്റെ സ്വന്തം കവിതയില്‍ക്കൂടി രൂപംകൊടുത്തിരിക്കുന്ന പ്രശ്‌നം വായിച്ചപ്പോള്‍ സെന്റ് ജോണ്‍ ഓഫ് ദി ക്രോസിന്റെ  'ഡാര്‍ക്ക് നൈറ്റ്' എന്ന കവിതയാണ് ഓര്‍മ്മ വന്നത്.
എനിക്കു ചില ഉത്തരേന്ത്യന്‍ സ്‌നേഹിതന്മാരുണ്ട്. കവികള്‍. അവര്‍ ഉറുദു ഭാഷയില്‍ ഗസലുകള്‍ എഴുതാറുണ്ട്. അവയും കാലിഡോസ്‌കോപ്പിക്കാണ് 'വൈചിത്ര്യദര്‍ശിനി' എന്ന പ്രയോഗം എനിക്കു പിടിച്ചു.
അത്യധികമായ അഹംബോധം എന്നു സ്വയമേ കുറ്റപ്പെടുത്തുന്നത് ആത്മനിന്ദയാണ്. അഹംബോധമില്ലാത്തവരായി ആരുമില്ല. പ്രമേയങ്ങളെ ബഹുലമാക്കുകയും അതില്‍ അനല്പമായ രതിയുളവാക്കുകയും ചെയ്യുമ്പോള്‍ പ്രമാതാവ് അല്പം ചീര്‍ക്കാതിരിക്കുകയില്ല. അതൊരു വലിയ കുറ്റമായി കരുതേണ്ടതില്ല.
കുറച്ചു ന്യൂറോസിസ് ബാധിച്ചിട്ടുണ്ട്. അത് നമ്മുടെ സാമൂഹികമായ നൈതികബോധവും അതില്‍നിന്നുണ്ടാകുന്ന കുറ്റബോധവുംകൊണ്ട് ഇന്ത്യയിലെ 80 ശതമാനം ആളുകള്‍ക്കുള്ളതില്‍നിന്ന് വ്യത്യാസപ്പെട്ടതൊന്നുമല്ല. സാരമില്ല.
ഇവിടെ വന്ന് ഒരു മാസം താമസിക്കുന്നതില്‍ വിരോധമില്ല. കഴിയുന്നത്ര സഹായിക്കാം. വരുന്നപക്ഷം മാര്‍ച്ചുമാസം ഒന്നാം തീയതി വരിക.
                                                            സ്‌നേഹപൂര്‍വ്വം നിത്യ
1980 മാര്‍ച്ച് 1-നുതന്നെ ഞാന്‍ ഞാന്‍ ഊട്ടിയിലെത്തിയതും ഒരു മാസം അദ്ദേഹത്തോടൊത്തു കഴിഞ്ഞതും ഒന്നും ഇപ്പോള്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. 'ഇപ്പോള്‍ പരീക്ഷയെ നേരിടുകതന്നെ വേണം. തോറ്റാല്‍ തോല്ക്കട്ടെ, തോല്ക്കുന്നെങ്കില്‍ തോറ്റെന്നു സമ്മതിക്കാനുള്ള തന്റേടമാണു പ്രധാനം' എന്നു നിര്‍ദേശിച്ചാണ് എന്നെ അദ്ദേഹം തിരിച്ചയച്ചത്. പരീക്ഷയില്‍ ജയിക്കുമെന്ന് എനിക്കു ബോധ്യമുണ്ടായിരുന്ന ഇംഗ്ലീഷിനു തോറ്റതും തോല്ക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഹിന്ദിക്ക് ജയിച്ചതും പരീക്ഷകരിലുണ്ടായിരുന്ന എന്റെ വിശ്വാസം പൂര്‍ണമായി നഷ്ടപ്പെടുത്തി. പിന്നീട് ഓഷോയുടേതും ജെ കൃഷ്ണമൂര്‍ത്തിയുടേതും ഉള്‍പ്പെടെ പത്തോളം ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഞാന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചെങ്കിലും പിന്നെ ഒരിക്കലും സര്‍വകലാശാലാ പരീക്ഷകളൊന്നും എഴുതാന്‍ പോയിട്ടില്ല. (ഗുരുവിന്റെ ചില കൃതികള്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ 'വിവര്‍ത്തനമല്ല, സ്വാംശീകരിച്ച് സ്വന്തമായി എഴുതലാണ് ജോസാന്റണിക്കും എനിക്കും നല്ലത് എന്നായിരുന്നു അദ്ദഹത്തിന്റെ നിര്‍ദേശം എന്ന വസ്തുത പ്രത്യേകം പറയാനുണ്ട്).  MAN എന്നതിലും വലിയൊരു ബിരുദമില്ലെന്നാണ് ഞാന്‍ ഇന്നു വിശ്വസിക്കുന്നത്.
തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം കടന്നുപോയി. ഞാനും ഗുരുവും തമ്മില്‍  കത്തുകളിലൂടെയുള്ള ബന്ധംമാത്രം തുടര്‍ന്നു.  ഇടയ്ക്ക് എന്റെ പിതാവിന്റെ മരണം മൂലം എനിക്ക് വീട്ടില്‍നിന്ന് എങ്ങും പോകാനാവില്ലാത്ത സാഹചര്യവും ഉണ്ടായി. ആയിടയ്ക്കാണ് ഗുരു ഒരു പഠനപരിപാടി ആയോജനം ചെയ്യുന്നത്. അതില്‍ ഞാനും പങ്കെടുക്കണമെന്ന് ഗുരു നിര്‍ബന്ധമായി ആവശ്യപ്പെടുക മാത്രമല്ല, കേരളത്തിനു പുറത്തു ജോലിചെയ്തിരുന്ന എന്റെ ചേട്ടന്മാരോട് തിരിച്ചു നാട്ടിലെത്താന്‍ കത്തിലൂടെ പ്രേരിപ്പിക്കുകയും ചെയ്തു. ആ പഠനപരിപാടിയെപ്പറ്റിയാണ് ഇന്നു പറയാന്‍ ഉദ്ദേശിക്കുന്നത്.
1982-ല്‍ ഇന്ത്യയില്‍ ഗുരു നിത്യചൈതന്യയതി ഏര്‍പ്പാടാക്കിയ 'കൈത്തറിയിലൂടെ ആത്മസാക്ഷാത്ക്കാരം' എന്ന പഠനപരിപാടിയെ അന്ന് ഇന്ത്യയിലുണ്ടായിരുന്ന വിദ്യാഭ്യാസസംവിധാനത്തിന് യാതൊരു വിധത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതില്‍ ആദ്യന്തം പങ്കെടുക്കാന്‍ ഭാഗ്യം കിട്ടിയ അപൂര്‍വം പേരില്‍ ഒരാളാണു ഞാന്‍. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കാലത്തിനു മുമ്പേ സഞ്ചരിച്ച ഗുരു നിത്യചൈതന്യയതിയുടെ വിദ്യാഭ്യാസസങ്കല്പത്തിന് ഇപ്പോള്‍ (3 വ്യാഴവട്ടം കഴിഞ്ഞപ്പോള്‍) വളരെ പ്രസക്തിയും ആവിഷ്‌കാരസാധ്യതയും ഉണ്ട് എന്ന ബോധ്യത്തോടെയാണ്.
'ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് യൂണിറ്റീവ് സയന്‍സ്'  മറ്റു യൂണിവേഴ്‌സിറ്റികളെപ്പോലെ 'യൂണിവേഴ്‌സിറ്റി-ഇന്‍-ഫിറ്റ്' (university- in-fit) അല്ലെന്നും 'യൂണിവേഴ്‌സിറ്റി-ഔട്ട്-ഫിറ്റ്' (university-out-fit) ആണെന്നും പറഞ്ഞുകൊണ്ടാണ് ഗുരു എന്നെ ക്ഷണിച്ചത്. മിക്ക യൂണിവേഴ്‌സിറ്റികളും ലോകത്തെ പലതായി കാണാന്‍ പഠിപ്പിക്കുന്ന മള്‍ട്ടി വേഴ്‌സിറ്റികള്‍ (multi-versities) ആയിരിക്കുമ്പോള്‍ ഈ യൂണിവേഴ്‌സിറ്റി ലോകത്തെയും ലോകത്തിലെ അനേകം വിഷയങ്ങളെയും സ്വന്തം താത്പര്യത്തോടു ചേര്‍ത്തിണക്കി ഒന്നായി കാണാന്‍ പഠിപ്പിക്കുന്ന യഥാര്‍ഥ യൂണി-വേഴ്‌സിറ്റി (uni-versity) ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'നിങ്ങള്‍ നിങ്ങളുടെ താത്പര്യം രേഖപ്പെടുത്തുക' (You register your interest) എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഒപ്പം അദ്ദേഹം വ്യക്തമാക്കി: ''ഇപ്പോള്‍ നിങ്ങള്‍ക്ക് കൈത്തറിയില്‍ താത്പര്യമൊന്നും തോന്നുന്നില്ലെങ്കിലും നിങ്ങള്‍ക്ക് ഈ സെമണ്‍സ്റ്ററില്‍ പങ്കെടുക്കാം.''  ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ പ്രചാരണത്തിലും സാമൂഹിക പരിഷ്‌കരണത്തിലും സാഹിത്യത്തിലും ഒക്കെയാണ് എനിക്കു താത്പര്യമെന്നറിയാവുന്ന ഗുരു എന്തിന് എന്നെ ഈ പഠനപരിപാടിയിലേക്കു ക്ഷണിക്കുന്നു എന്ന എന്റെ ഉള്ളിലുയര്‍ന്ന (ഞാന്‍ വ്യക്തമാക്കുകയൊന്നും ചെയ്യാത്ത) സംശയത്തിന് ഗുരു നല്കിയ മറുപടി ഏതാണ്ട് ഇനി കുറിക്കുംപ്രകാരമായിരുന്നു:
''നിങ്ങളോട് കൈത്തറിനെയ്ത്ത് പഠിക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ക്ക് താത്പര്യമുള്ള ഏതു വിഷയത്തെയും 'കൈത്തറി'യോടു ചേര്‍ത്തുവച്ചു പഠിക്കാനാണ് ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്ക് സാമൂഹിക സാമ്പത്തിക പരിഷ്‌കരണങ്ങളിലാണ് താത്പര്യമെങ്കില്‍ കൈത്തറിത്തൊഴിലാളികളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും അവ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും പഠിച്ചാല്‍ നിങ്ങള്‍ പഠിക്കുന്ന വിഷയത്തെ നിങ്ങളുടെ ആത്മസാക്ഷാത്കാരത്തിന് അത് സഹായകമാക്കാം. കരകൗശലം യാന്ത്രികമല്ല. സര്‍ഗശക്തിയുടെ പ്രയോഗത്തിന് അതില്‍ ഇടമുണ്ട്. പക്ഷേ, ഉപജീവനത്തിനുവേണ്ടി കൂടുതല്‍ അളവില്‍ ഉത്പാദിപ്പിക്കേണ്ട സ്ഥിതി വന്നാല്‍ സര്‍ഗശേഷിക്ക് അവിടെ ഇടമില്ലാതെ പോകും. സര്‍ഗശേഷിക്ക് ഇടം നഷ്ടപ്പെടില്ലാത്തവിധം കൈത്തറി സാങ്കേതികവിദ്യയെ പരിഷ്‌കരിക്കുന്നതിനെപ്പറ്റി, ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ താത്പര്യമുള്ളവര്‍ക്കു പഠിക്കാം. ആധുനികമായ നിറക്കൂട്ടുകളും ഡിസൈനുകളും നല്കി വസ്ത്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ എങ്ങനെയൊക്കെ സാധിക്കും എന്ന് കലാകാരന്മാര്‍ക്കു പഠിക്കാം. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്‍ ഈ മേഖലയില്‍ തൊഴില്‍ചെയ്യുന്നവരുടെ ഭൗതികവും മാനസികവുമായ സാഹചര്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സ്വന്തം സര്‍ഗമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കാം. വാണിജ്യതന്ത്രത്തില്‍ തത്പരരായവര്‍ കൈത്തറി ഉത്പന്നങ്ങളുടെ വിപണന-കയറ്റുമതി സാധ്യതകളെക്കുറിച്ചു പഠിച്ചോളൂ. സാമ്പത്തികശാസ്ത്രത്തില്‍ തത്പരരായവര്‍ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ കൈത്തറിയുടെ പങ്ക് എത്രമാത്രമെന്നും കൈത്തറിക്ക് കൂടുതല്‍ പ്രാമുഖ്യം നല്കിയാല്‍ തൊഴിലവസരങ്ങള്‍ എത്രമാത്രം വര്‍ധിപ്പിക്കാനാവുമെന്നും പഠിച്ചാല്‍ അത് നാടിനും കൈത്തറിത്തൊഴിലാളികള്‍ക്കും പ്രയോജനം ചെയ്‌തേക്കും. ഇനിയും നിങ്ങള്‍ക്ക് ഇതിലൊന്നുമല്ല, രാഷ്ട്രീയത്തിലാണ് താത്പര്യമെങ്കില്‍പ്പോലും മഹാത്മാഗാന്ധി 'ഖാദി'യെ എന്നപോലെ നിങ്ങള്‍ക്ക് കൈത്തറിയെ ഒരു സാമ്പത്തിക സമരോപകരണമാക്കാനാവുമോ എന്നു പഠിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ചുരുക്കത്തില്‍ നിങ്ങള്‍ക്ക് താത്പര്യമുള്ള വിഷയം ഏതായാലും അതിനോടു ചേര്‍ത്തുവച്ച് നിങ്ങള്‍ക്ക് കൈത്തറിയെപ്പറ്റി പഠിക്കാനാവും. അങ്ങനെ പഠിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജന്മനാ ലഭ്യമായിട്ടുള്ള  അഭിരുചികളെ പോഷിപ്പിക്കാനും ആത്മസാക്ഷാത്കാരം നേടാനുമാവും. സര്‍വോപരി വൈവിധ്യത്തിലെ ഏകത്വം ദര്‍ശിക്കാനും വൈവിധ്യങ്ങള്‍ ഏകത്വത്തിലാണ് എന്ന ഉള്‍ക്കാഴ്ചയോടെ ലോകത്തെ യഥാര്‍ഥ യൂണി-വേഴ്‌സ് (ൗിശ്‌ലൃലെ) ആയി അനുഭവിച്ചറിയാനും യഥാര്‍ഥ 'യൂണി-വേഴ്‌സിറ്റി'യെയും 'വിദ്യാഭ്യാസ'ത്തെയും 'മള്‍ട്ടി-വേഴ്‌സിറ്റി'യില്‍നിന്നും 'വിദ്യാഭാസ'ത്തില്‍നിന്നും വ്യത്യസ്തമായി കണ്ടറിയുവാനും നിങ്ങള്‍ക്കു ശേഷി ലഭിക്കും.
നിങ്ങളുടെ ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ താത്പര്യങ്ങളെ കൂട്ടിയിണക്കാന്‍ ഒരു ചരടുമാത്രമാണ് ഈ പഠന പരിപാടിയില്‍, കൈത്തറി. സ്വന്തം താത്പര്യങ്ങളുടെ, സ്വധര്‍മത്തിന്റെ പാത കണ്ടെത്തിയാലേ ആര്‍ക്കും സ്വന്തം ആത്മസത്യം തിരിച്ചറിയാനാവൂ. അതിനു സഹായിക്കുന്ന വിദ്യാഭ്യാസമേ യഥാര്‍ഥ വിദ്യാഭ്യാസമാവൂ.''
തുടര്‍ന്ന് ബാലരാമപുരം മുതല്‍ കണ്ണൂര്‍വരെയുള്ള വിവിധസ്ഥലങ്ങളിലൂടെ സഞ്ചരിച്ചും കൈത്തരിസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും അവിടെയുള്ളവരുമായി അഭിമുഖങ്ങല്‍ നടത്തിയുമായിരുന്നു പഠനപരിപാടി മുമ്പോട്ടു പോയത്. അതിനിടയ്ക്ക് പഠനസംഘത്തിലുണ്ടായിരുന്ന സഹകണവകുപ്പുദ്യോഗസ്ഥനായിരുന്ന വിശ്വംഭരന്‍സാറിന്റെ സഹായത്തോടെ കൈത്തറി സഹകരണസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയിരുന്ന ഉത്സവകാല റിബേറ്റ് എന്ന ആനുകൂല്യങ്ങളെ കൈത്തറിയ്‌ക്കോ കൈത്തറി തൊഴിലാളികള്‍ക്കോ യാതൊരു പ്രയോജനം കിട്ടില്ലാത്തവിധത്തില്‍ ചിലര്‍ സമര്‍ഥമായി ചൂഷണം ചെയ്യുന്നതെങ്ങനെ എന്നു ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരാള്‍തന്നെ ഇടംകൈകൊണ്ടും വലംകൈകൊണ്ടും ഒപ്പിട്ട് കൈത്തറി സഹകരണസംഘം രജിസ്റ്റര്‍ ചെയ്യുകയും നൂലുംമറ്റും വാങ്ങിയതിന്റെയും വസ്ത്രങ്ങളൊന്നും ഉണ്ടാക്കാതെതന്നെ റിബേറ്റുകാലത്ത വന്‍തോതില്‍ വസ്ത്രങ്ങള്‍ വിറ്റഴിച്ചതിന്റെയും  രേഖകള്‍ കൃത്രിമമായി ഉണ്ടാക്കി വലിയതോതില്‍ സര്‍ക്കാരില്‍നിന്നു പണം വെട്ടിച്ചിരുന്ന കാര്യമാണ് ഞങ്ങള്‍ക്ക് തെളിവുകള്‍സഹിതം ശേഖരിക്കാന്‍ കഴിഞ്ഞത്. അവ കേരളസര്‍ക്കാരിന്റെ വ്യവസായവകുപ്പു സെക്രട്ടറിയെത്തന്നെ ആ വര്‍ഷത്തെ ഗുരുകുല കണ്‍വന്‍ഷനിലേക്കു ക്ഷണിച്ച് നേരിട്ട് നല്കണമെന്നു ഗുരു തീരുമാനിച്ചു. അത് പരസ്യമായി വായിച്ച് അദ്ദേഹത്തിനു സമര്‍പ്പിക്കാനുള്ള നിയോഗം എനിക്കായിരുന്നു. റിബേറ്റുവെട്ടിപ്പിനെപ്പറ്റി നിരവധി പത്രങ്ങള്‍ ഫീച്ചറുകള്‍ തയ്യാറാക്കുന്നതിനും റിബേറ്റു നല്കുന്നതിനുള്ള സര്‍ക്കാര്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതിനും ആ പഠനറിപ്പോര്‍ട്ട് പ്രചോദനമായി.  എത്രവലിയ നേട്ടമാണത് എന്നു മനസ്സിലാക്കാന്‍ കേരളത്തിലെ എത്ര വ്യവസ്ഥാപിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇങ്ങനെ സാമൂഹികപ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍  സാധിച്ചിട്ടുണ്ട്  എന്ന് അന്വേഷിക്കണം.
പഠനപരിപാടിയില്‍ ഞങ്ങള്‍ക്കു കിട്ടിയ ഒരു മുഖ്യപാഠം നടരാജഗുരുവിന്റെ സാമ്പത്തികദര്‍ശനത്തിന്റെ ശാസ്ത്രീയതയെയും സമകാലികപ്രസക്തിയെയും പറ്റിയുള്ള അടിസ്ഥാന ധാരണമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പിന്നീടൊരിക്കല്‍ എഴുതിയ ഒരു ലേഖനത്തില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഈ സ്മരണകള്‍ സമാപിപ്പിക്കാം.
......സാമ്പത്തികശാസ്ത്രത്തെ മൂല്യാധിഷ്ഠിതമായി പഠിക്കാന്‍ എനിക്കു പ്രേരണനല്കിയ ഗുരു നിത്യചൈതന്യയതിയോടും അദ്ദേഹ ത്തിന്റെ  ഗുരു നടരാജഗുരുവിനോടും എന്റെ കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് അവരില്‍നിന്നു കിട്ടിയ ചില ചിന്തകള്‍ ഞാന്‍ ഒന്നു പങ്കുവയ്ക്കട്ടെ.  
കൈയില്‍ പണം ധാരാളമുള്ളവരല്ല, ഓഹരിവിപണിയില്‍ പണമെറിഞ്ഞു കളിക്കാന്‍ തയ്യാറാകുന്നവരുടെ പണമുപയോഗിച്ച് ബുദ്ധിപൂര്‍വം ചൂതാട്ടം നടത്താന്‍ ശേഷിയുള്ള ബഹുരാഷ്ട്രകുത്തകകളാണ് ഇന്ന് ലോകം ഭരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ത്തന്നെ ലോകം ഭരണകൂടങ്ങള്‍ക്കതീതവും നേര്‍ത്ത അതിര്‍വരമ്പുകള്‍ മാത്രമുള്ളതുമായിത്തീര്‍ന്നിട്ടുമുണ്ട്. മാര്‍ക്‌സിന്റെ കാലത്തിനുശേഷം ലോകത്തു സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ വേണ്ടതുപോലെ പഠിക്കാതെ ഇന്നത്തെ സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാന്‍ ആര്‍ക്കുമാവില്ല.
ലോക സാമ്പത്തികരംഗം ഒരു വലിയ പ്രതിസന്ധിയിലാണെന്ന് എല്ലാവരും പറയുന്നു.  ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയുകയും ഉത്പാദനം ആവശ്യത്തെക്കാള്‍ കൂടുതലാവുകയും ചെയ്യുന്നതിന്റെ ഫലമാണിതെന്ന് പറയാം. പക്ഷേ ഈ സമാധാനം അടിസ്ഥാന കാരണത്തെ സ്പര്‍ശിക്കുന്നേയില്ല. എന്തുകൊണ്ടാണ് ഉപഭോക്താക്കള്‍ക്ക്  ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയുന്നത്? പണി ചെയ്ത് പണം നേടാനുള്ള അവസരം കുറയുന്നതുകൊണ്ടുതന്നെ. ഈ പ്രശ്‌നം ലോകസാമ്പത്തികതയിലെ നിര്‍ണായക ശക്തിയായ അമേരിക്കയില്‍ ശക്തമായതെങ്ങനെയാണ്?
അമേരിക്ക ഒരു രാഷ്ട്രമെന്ന നിലയില്‍ വന്‍തോതില്‍ പണം ഉണ്ടാക്കിക്കൊണ്ടിരുന്നത് രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കിക്കൊണ്ടും അവയെ തമ്മിലടിപ്പിക്കാന്‍ ആയുധങ്ങള്‍ വ്യാപകമായി വിറ്റഴിച്ചുകൊണ്ടും ഒക്കെയായിരുന്നു. എന്നാല്‍ ആയുധനിര്‍മാണക്കമ്പനികള്‍ക്ക് മറ്റൊന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇന്ന് ലോക വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഉത്പന്നങ്ങള്‍ വിവരങ്ങളും വിനോദോപാധികളുമാണ്. അമേരിക്കക്കാര്‍ക്ക് 100 ഡോളര്‍ നല്കിയാല്‍ മാത്രം ചെയ്യുന്ന പണി ലോകത്തിലെ മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ അതിന്റെ പത്തിലൊന്നു പണം കൊടുത്താല്‍ ചെയ്യുന്ന സ്ഥിതി പണ്ടേ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് സ്വന്തം നാട്ടിലിരുന്നു തന്നെ പണി പൂര്‍ത്തിയാക്കി ഉത്പാദകര്‍ക്ക് നല്കാവുന്നവിധം വിവരസാങ്കേതികവിദ്യ വികസിച്ചുകഴിഞ്ഞു. കമ്പനികളെ ബഹുരാഷ്ട്ര സ്വഭാവമുള്ളതാക്കിയാല്‍ ഉത്പാദനപ്രക്രിയ ഭരണകൂടങ്ങളുടെ നിയന്ത്രണത്തില്‍നിന്നു സ്വതന്ത്രമാക്കാനും അതിലുപരി ഭരണകൂടങ്ങളെ സ്വന്തം താളത്തിനു തുള്ളുന്നവയാക്കി മാറ്റാനും ഓഹരിവിപണിയില്‍ ചില കള്ളക്കളികളിലൂടെ പണം വര്‍ധിപ്പിക്കാനും ആവുമെന്നും അവ മനസ്സിലാക്കി. അവ രാഷ്ട്രതാത്പര്യങ്ങള്‍ക്കും ജനതകളുടെ താത്പര്യങ്ങള്‍ക്കും അതീതമായി സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുമാത്രം വിധേയമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നത്.
അല്പംകൂടി അടിസ്ഥാനപരമായി ഈ പ്രശ്‌നങ്ങളെ സമീപിച്ചാല്‍ നമുക്ക് ഒരു കാര്യം വ്യക്തമാവും. സാധനങ്ങള്‍ പരസ്പരം കൈമാറിയിരുന്ന ബാര്‍ട്ടര്‍ സംവീധാനത്തെ പണം എന്ന ടോക്കണ്‍ ഉപയോഗിച്ച് കൂടുതല്‍ സൗകര്യപ്രദമാകുമാറ് മാറ്റിമറിച്ചതാണ് സാമ്പത്തിക മേഖലയിലെ മൂല്യത്തകര്‍ച്ചയുടെതന്നെ അടിസ്ഥാനം. ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമായി അമേരിക്ക പരിഗണിക്കപ്പെടാന്‍ കാരണം വിദേശവ്യാപാരത്തില്‍ അവരുടെ ഡോളറാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമായി വിനിമയം ചെയ്യപ്പെട്ടിരുന്നത് എന്നതിനാലാണ്. ഓരോ രാജ്യത്തുനിന്നും വിദേശത്താവശ്യമുള്ള ഉത്പന്നങ്ങള്‍ വിദേശത്തേക്കു കയറ്റുമതി ചെയ്ത് നേടുന്ന പണം ഡോളറായി കൂടുതല്‍ കൈവശമുള്ള രാജ്യങ്ങളും സമ്പന്നരാജ്യങ്ങളായി അംഗീകരിക്കപ്പെട്ടുപോന്നു.
എന്നാല്‍ ഒരു രാജ്യത്ത് ഉള്ള വിഭവങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളുടെ സാമ്പത്തിക നില കണക്കിലെടുക്കാന്‍ ആരുംതന്നെ തയ്യാറായിട്ടില്ല. ഇന്ന് ലോകസാമ്പത്തികരംഗത്ത് മുമ്പിലെത്തിനില്ക്കുന്ന ചൈനയും ഇന്ത്യയും തന്നെയാണ് ഈ വിധത്തില്‍ ലോകസാമ്പത്തികതയെ വിലയിരുത്തിയാല്‍ അമേരിക്കയുടെയൊക്കെ  വളരെ വളരെ മുമ്പിലുള്ളത്. സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് നമ്മുടെ രാജ്യത്തെ എന്നേക്കുമായി മോചിപ്പിക്കാന്‍ പണത്തിനുള്ള വിനിമയമൂല്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് പണം സ്വരൂപിക്കുന്ന പ്രവണതകളെ മുളയിലേ നുള്ളാനും നാം തീരുമാനിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം പലിശ, ലോട്ടറി മുതലായവയിലൂടെ നേടുന്ന പണം അധാര്‍മികമാണെന്ന് മുസ്ലീം മതമൗലികവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചത് ശ്രദ്ധിക്കാനിടയായി. അപ്പോള്‍ മൗലികവാദത്തിന്റെ  മൗലികത ഇക്കാര്യത്തില്‍ വളരെയേറെ പ്രയോജനപ്പെടുത്താവുന്നതും പ്രയോജനപ്പെടുത്തേണ്ടതുമാണല്ലോ എന്നു തോന്നി. ഓഹരിവിപണിയില്‍ നിക്ഷേപിച്ചും 'കാള'യും 'കരടി'യും കളിച്ചും നേടുന്ന പണത്തെയും ഇങ്ങനെതന്നെ അധാര്‍മികമായി കാണേണ്ടതല്ലേ?
ഗുരു നിത്യചൈതന്യയതിയുടെ വീക്ഷണത്തില്‍ തനിക്കാവശ്യമായ ഉപയോഗമെന്തെന്നറിഞ്ഞ് വിനിമയംചെയ്യുമ്പോള്‍ മാത്രമാണ് പണം യഥാര്‍ഥത്തില്‍ ഗുണം ചെയ്യുന്നത് എന്ന ബോധ്യത്തിലാണ് ഏക പരിഹാരമാര്‍ഗം! അതിന് പറഞ്ഞുതന്ന പ്രായോഗിക പരിഹാരമാര്‍ഗം ഓരോ തരത്തില്‍ ലഭിക്കുന്ന പണത്തെയും ഓരോ പ്രത്യേക ഉപയോഗമൂല്യമായി മനസ്സിലാക്കി ചെലവഴിക്കുക എന്നതാണ്. അതായത്,  അതിന് അദ്ദേഹം കാണിച്ചു തന്നിരുന്ന ഒരു മാതൃക വളരെ ശ്രദ്ധേയമായി തോന്നുന്നു. തനിക്ക് ലേഖനങ്ങളുടെ പ്രതിഫലമായി പ്രസിദ്ധീകരണങ്ങള്‍ നല്കിയിരുന്ന പ്രതിഫലം യാതൊരു കാരണവശാലും, ഗുരുകുലത്തിലെത്ര ദാരിദ്ര്യമുണ്ടെങ്കിലും സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയില്ലെന്നും അത് വിദ്യാഭ്യാസസഹായം ആവശ്യപ്പെട്ടുവരുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്നും പറഞ്ഞപ്പോള്‍ അതിന്റെ ആഴവും അര്‍ഥവും എനിക്കു മനസ്സിലായിരുന്നില്ല. (ഇന്നും എത്രപേര്‍ക്ക് ഇതു മനസ്സിലാവും എന്നറിയില്ല.) തികച്ചും സാധാരണക്കാരായ പല സ്ത്രീകളും തങ്ങളുടെ കൈവശം വരുന്ന പണം ഈ വിധത്തില്‍മാത്രമേ ചെലവിടാറുള്ളു എന്നു കാണാന്‍ ഇടയായിട്ടുണ്ട്. ഭരണകൂടങ്ങള്‍ ബജറ്റിലെ പണം വകമാറ്റി ചെലവു ചെയ്യുന്നതും വിഭവങ്ങളുടെ ഉത്പാദനത്തിനായി നിക്ഷേപിക്കുന്ന ഓഹരിപ്പണം ചൂതാട്ടത്തിനെന്നതുപോലെ ഉപയോഗിച്ച് വന്‍തോതില്‍ ലാഭമുണ്ടാക്കുകയോ നഷ്ടമുണ്ടാക്കുകയോ ചെയ്യുന്നതും ഒക്കെ പണത്തെ വിനിമയമൂല്യമുള്ളതായി എന്നതിലുപരി ഉപയോഗമൂല്യം തന്നെയായി കണ്ട് ചെലവഴിച്ചു ശീലിക്കേണ്ടതിന്റെ പ്രധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.  അദ്ദേഹം ചെയ്തിരുന്ന കാര്യം മൗലികമായി മനസ്സിലാക്കേണ്ട ഒന്നാണെന്ന് എനിക്കിപ്പോള്‍ ഉത്തമബോധ്യമുണ്ട്. എന്നാല്‍ ഇനിയും സ്വജീവിതത്തിലേക്ക് അത് പകര്‍ത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഈ ലേഖനം അതിനെനിക്കു പ്രേരകമാകട്ടെ, നിങ്ങള്‍ക്കും!

No comments:

Post a Comment