AN INTERNATIONAL AND INTERACTIVE SOCIO-CULTURAL CUM EDUCATIONAL MULTI-MEDIA TRANSMISSION അന്തര്‍ദ്ദേശീയ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മള്‍ട്ടി മീഡിയാ വാര്ത്താപ്രസരണം
Total Pageviews
Friday, 20 December 2019
മനോഭാവം: സഹകരണ പ്രസ്ഥാനങ്ങൾക്കൊരു മാതൃകയായി തലപ്പലം സർവീസ് ...
മനോഭാവം: സഹകരണ പ്രസ്ഥാനങ്ങൾക്കൊരു മാതൃകയായി തലപ്പലം സർവീസ് ...: കേരളം സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണിന്ന്. യുവാക്കള്‍ കേരളം വിട്ടു വിദേശങ്ങളില്‍ ജോലി ചെയ്തു ...
Wednesday, 4 December 2019
Sunday, 24 November 2019
നിത്യചൈതന്യയതിയുടെ വിദ്യാഭ്യാസസങ്കല്പം
ജോസാന്റണി
1982-ല്‍ ഇന്ത്യയില്‍
ഗുരു നിത്യചൈതന്യയതി ഏര്‍പ്പാടാക്കിയ 'കൈത്തറിയിലൂടെ ആത്മസാക്ഷാത്ക്കാരം'
എന്ന പഠനപരിപാടിയെ അന്ന് ഇന്ത്യയിലുണ്ടായിരുന്ന വിദ്യാഭ്യാസസംവിധാനത്തിന്
യാതൊരു വിധത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതില്‍ ആദ്യന്തം പങ്കെടുക്കാന്‍ ഭാഗ്യം
കിട്ടിയ അപൂര്‍വം പേരില്‍ ഒരാളാണു ഞാന്‍. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കാലത്തിനു
മുമ്പേ സഞ്ചരിച്ച ഗുരു നിത്യചൈതന്യയതിയുടെ വിദ്യാഭ്യാസസങ്കല്പത്തിന് ഇപ്പോള്‍ (രണ്ടര
വ്യാഴവട്ടം കഴിഞ്ഞപ്പോള്‍) വളരെ പ്രസക്തിയും ആവിഷ്‌കാരസാധ്യതയും ഉണ്ട് എന്ന ബോധ്യത്തോടെയാണ്.
'ഈസ്റ്റ് വെസ്റ്റ്
യൂണിവേഴ്‌സിറ്റി ഓഫ് യൂണിറ്റീവ് സയന്‍സ്'
മറ്റു യൂണിവേഴ്‌സിറ്റികളെപ്പോലെ 'യൂണിവേഴ്‌സിറ്റി-ഇന്‍-ഫിറ്റ്'
(university- in-fit) അല്ലെന്നും 'യൂണിവേഴ്‌സിറ്റി-ഔട്ട്-ഫിറ്റ്'
(university-out-fit) ആണെന്നും പറഞ്ഞുകൊണ്ടാണ്
ഗുരു എന്നെ ക്ഷണിച്ചത്. മിക്ക യൂണിവേഴ്‌സിറ്റികളും ലോകത്തെ പലതായി കാണാന്‍ പഠിപ്പിക്കുന്ന
മള്‍ട്ടി വേഴ്‌സിറ്റികള്‍ (multi-versities) ആയിരിക്കുമ്പോള്‍
ഈ യൂണിവേഴ്‌സിറ്റി ലോകത്തെയും ലോകത്തിലെ അനേകം വിഷയങ്ങളെയും സ്വന്തം താത്പര്യത്തോടു
ചേര്‍ത്തിണക്കി ഒന്നായി കാണാന്‍ പഠിപ്പിക്കുന്ന യഥാര്‍ഥ യൂണി-വേഴ്‌സിറ്റി (uni-versity)
ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'നിങ്ങള്‍
നിങ്ങളുടെ താത്പര്യം രേഖപ്പെടുത്തുക' (You register your interest) എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഒപ്പം അദ്ദേഹം വ്യക്തമാക്കി: ''ഇപ്പോള്‍ നിങ്ങള്‍ക്ക് കൈത്തറിയില്‍ താത്പര്യമൊന്നും തോന്നുന്നില്ലെങ്കിലും
നിങ്ങള്‍ക്ക് ഈ സെമണ്‍സ്റ്ററില്‍ പങ്കെടുക്കാം.'' ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ
പ്രചാരണത്തിലും സാമൂഹിക പരിഷ്‌കരണത്തിലും സാഹിത്യത്തിലും ഒക്കെയാണ് എനിക്കു താത്പര്യമെന്നറിയാവുന്ന
ഗുരു എന്തിന് എന്നെ ഈ പഠനപരിപാടിയിലേക്കു ക്ഷണിക്കുന്നു എന്ന എന്റെ ഉള്ളിലുയര്‍ന്ന
(ഞാന്‍ വ്യക്തമാക്കുകയൊന്നും ചെയ്യാത്ത) സംശയത്തിന് ഗുരു നല്കിയ മറുപടി ഏതാണ്ട് ഇനി
കുറിക്കുംപ്രകാരമായിരുന്നു:
''നിങ്ങളോട് കൈത്തറിനെയ്ത്ത്
പഠിക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ക്ക് താത്പര്യമുള്ള ഏതു വിഷയത്തെയും 'കൈത്തറി'യോടു ചേര്‍ത്തുവച്ചു പഠിക്കാനാണ് ആവശ്യപ്പെടുന്നത്.
നിങ്ങള്‍ക്ക് സാമൂഹിക സാമ്പത്തിക പരിഷ്‌കരണങ്ങളിലാണ് താത്പര്യമെങ്കില്‍ കൈത്തറിത്തൊഴിലാളികളുടെ
സാമ്പത്തികസ്ഥിതിയെക്കുറിച്ചും അവ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും പഠിച്ചാല്‍
നിങ്ങള്‍ പഠിക്കുന്ന വിഷയത്തെ നിങ്ങളുടെ ആത്മസാക്ഷാത്കാരത്തിന് അത് സഹായകമാക്കാം. കരകൗശലം
യാന്ത്രികമല്ല. സര്‍ഗശക്തിയുടെ പ്രയോഗത്തിന് അതില്‍ ഇടമുണ്ട്. പക്ഷേ, ഉപജീവനത്തിനുവേണ്ടി കൂടുതല്‍ അളവില്‍ ഉത്പാദിപ്പിക്കേണ്ട സ്ഥിതി വന്നാല്‍ സര്‍ഗശേഷിക്ക്
അവിടെ ഇടമില്ലാതെ പോകും. സര്‍ഗശേഷിക്ക് ഇടം നഷ്ടപ്പെടില്ലാത്തവിധം കൈത്തറി സാങ്കേതികവിദ്യയെ
പരിഷ്‌കരിക്കുന്നതിനെപ്പറ്റി, ശാസ്ത്ര സാങ്കേതിക വിദ്യകളില്‍
താത്പര്യമുള്ളവര്‍ക്കു പഠിക്കാം. ആധുനികമായ നിറക്കൂട്ടുകളും ഡിസൈനുകളും നല്കി വസ്ത്രങ്ങള്‍
കൂടുതല്‍ മനോഹരമാക്കാന്‍ എങ്ങനെയൊക്കെ സാധിക്കും എന്ന് കലാകാരന്മാര്‍ക്കു പഠിക്കാം.
നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്‍ ഈ മേഖലയില്‍ തൊഴില്‍ചെയ്യുന്നവരുടെ ഭൗതികവും മാനസികവുമായ
സാഹചര്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സ്വന്തം സര്‍ഗമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കാം.
വാണിജ്യതന്ത്രത്തില്‍ തത്പരരായവര്‍ കൈത്തറി ഉത്പന്നങ്ങളുടെ വിപണന-കയറ്റുമതി സാധ്യതകളെക്കുറിച്ചു
പഠിച്ചോളൂ. സാമ്പത്തികശാസ്ത്രത്തില്‍ തത്പരരായവര്‍ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ കൈത്തറിയുടെ
പങ്ക് എത്രമാത്രമെന്നും കൈത്തറിക്ക് കൂടുതല്‍ പ്രാമുഖ്യം നല്കിയാല്‍ തൊഴിലവസരങ്ങള്‍
എത്രമാത്രം വര്‍ധിപ്പിക്കാനാവുമെന്നും പഠിച്ചാല്‍ അത് നാടിനും കൈത്തറിത്തൊഴിലാളികള്‍ക്കും
പ്രയോജനം ചെയ്‌തേക്കും. ഇനിയും നിങ്ങള്‍ക്ക് ഇതിലൊന്നുമല്ല, രാഷ്ട്രീയത്തിലാണ്
താത്പര്യമെങ്കില്‍പ്പോലും മഹാത്മാഗാന്ധി 'ഖാദി'യെ എന്നപോലെ നിങ്ങള്‍ക്ക് കൈത്തറിയെ ഒരു സാമ്പത്തിക സമരോപകരണമാക്കാനാവുമോ എന്നു
പഠിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ചുരുക്കത്തില്‍ നിങ്ങള്‍ക്ക് താത്പര്യമുള്ള വിഷയം
ഏതായാലും അതിനോടു ചേര്‍ത്തുവച്ച് നിങ്ങള്‍ക്ക് കൈത്തറിയെപ്പറ്റി പഠിക്കാനാവും. അങ്ങനെ
പഠിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജന്മനാ ലഭ്യമായിട്ടുള്ള അഭിരുചികളെ പോഷിപ്പിക്കാനും ആത്മസാക്ഷാത്കാരം നേടാനുമാവും.
സര്‍വോപരി വൈവിധ്യത്തിലെ ഏകത്വം ദര്‍ശിക്കാനും വൈവിധ്യങ്ങള്‍ ഏകത്വത്തിലാണ് എന്ന ഉള്‍ക്കാഴ്ചയോടെ
ലോകത്തെ യഥാര്‍ഥ യൂണി-വേഴ്‌സ് (uni-verse) ആയി അനുഭവിച്ചറിയാനും
യഥാര്‍ഥ 'യൂണി-വേഴ്‌സിറ്റി'യെയും 'വിദ്യാഭ്യാസ'ത്തെയും 'മള്‍ട്ടി-വേഴ്‌സിറ്റി'യില്‍നിന്നും 'വിദ്യാഭാസ'ത്തില്‍നിന്നും
വ്യത്യസ്തമായി കണ്ടറിയുവാനും നിങ്ങള്‍ക്കു ശേഷി ലഭിക്കും.
നിങ്ങളുടെ ഓരോരുത്തരുടെയും
വ്യത്യസ്തങ്ങളായ താത്പര്യങ്ങളെ കൂട്ടിയിണക്കാന്‍ ഒരു ചരടുമാത്രമാണ് ഈ പഠന പരിപാടിയില്‍, കൈത്തറി. സ്വന്തം താത്പര്യങ്ങളുടെ,
സ്വധര്‍മത്തിന്റെ പാത കണ്ടെത്തിയാലേ ആര്‍ക്കും സ്വന്തം ആത്മസത്യം തിരിച്ചറിയാനാവൂ.
അതിനു സഹായിക്കുന്ന വിദ്യാഭ്യാസമേ യഥാര്‍ഥ വിദ്യാഭ്യാസമാവൂ.''
തുടര്‍ന്ന് ആറുമാസത്തോളം
കേരളത്തിലുുള്ള നിരവധി കൈത്തറി ഉത്പാദനകേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ ശേഖരിച്ച
വിവരങ്ങളില്‍ ചിലത് കേരളത്തിലെ വ്യവസായ വകുപ്പിലെ ഒരുന്നദ്യോഗസ്ഥന് നേരിട്ടു സമര്‍പ്പിക്കേണ്ടതുണ്ടന്ന്
ഗുരു തീരുമാനിച്ചു. ഇന്നും ഉപഭോക്താക്കള്‍ക്ക് ഉത്സവവേളകളില്‍ കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങള്‍
നല്കുകയും സംഘങ്ങള്‍ നല്കിയ വിലയിളവ് ഖാദി കൈത്തറി മേഖലകളിലെ സഹകരണസംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി
അവയ്ക്ക് റിബേറ്റ് ആയി നല്കുകയും ചെയ്യുന്ന സമ്പ്രദായം നിലവിലുണ്ട്. അതുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ധാരാളം വ്യാജ കൈത്തറിസഹകരണസംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലായിരുന്നു ഞങ്ങള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാനുണ്ടായിരുന്നത്.
സഹായമര്‍ഹിക്കുന്ന തൊഴിലാളികളാരെയും അംഗങ്ങളാക്കാതെ രൂപീകരിച്ച വ്യാജസംഘങ്ങളില്‍ പലതിലും
ഉണ്ടായിരുന്നത് കുറെ വ്യാജനാമങ്ങളില്‍ ഒരാള്‍തന്നെ ഇടംകൈകൊണ്ടും വലംകൈകൊണ്ടും ഒപ്പിട്ട്
അംഗങ്ങളാക്കിയവരായിരുന്നു. ഇങ്ങനെയുണ്ടാക്കിയ സംഘങ്ങളില്‍ പലതിലും നൂല്‍വാങ്ങിയതിന്റെയും
തുണി ഉത്പാദിപ്പിച്ചതിന്റെയും വിറ്റഴിച്ചതിന്റെയും ഒക്കെ കണക്കുകളും വ്യാജമായിരുന്നു.
അവയുടെ അടിസ്ഥാനത്തില്‍ അക്കാലത്ത് ഈ വ്യാജസംഘങ്ങളുടെ പേരില്‍ കോടിക്കണക്കിനുരൂപയാണ്
കൈത്തറിയുമായി യഥാര്‍ഥത്തി ല്‍ ബന്ധമേയില്ലാത്ത അനേകം വ്യക്തികള്‍ സര്‍ക്കാരില്‍നിന്ന്
തട്ടിയെടുത്തുകൊണ്ടിരുന്നത്. ഈ കണ്ടെത്തല്‍ 1982-ലെ ഗുരുകുലകണ്‍വെന്‍ഷനി ല്‍ അവതരിപ്പിക്കാനും അതില്‍വച്ച് വ്യവസായവകുപ്പിലെ
സമുന്നതനായ ഒരുദ്യോഗസ്ഥനു സമര്‍പ്പിക്കാനും ഗുരു നിയോഗിച്ചത് എന്നെയായിരുന്നു എന്ന്
ചാരിതാര്‍ഥ്യത്തോടെ ഓര്‍മിക്കുന്നു.
ആ പഠനപരിപാടിയിലെ അനുഭവങ്ങളും
ഗുരു എനിക്കു പകര്‍ന്നുതന്ന അമൂല്യമായ അറിവുകളും താത്പര്യമുള്ളവര്‍ക്കായി ഈ പേജിലൂടെ
പങ്കുവയ്ക്കാന്‍ ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രതികരണങ്ങള്‍ താഴെത്തെന്നെ എഴുതുമല്ലോ.
Friday, 21 June 2019
മൂകാംബികയും മൗനമുദ്രകളും
ജോസാന്റണി (manobhavam@gmail.com)
മൂകാംബിക ഒരസുരന്റെ ആസുരവിക്രിയകളെ കീഴടക്കിയത് ആ
അസുരനെ മൂകനാക്കിക്കൊണ്ടായിരുന്നു. അങ്ങനെയാണോ അമ്മ മൂകാംബികയായത്? അതോ അമ്മയുടെ
സ്വരൂപത്തിലും സ്വഭാവത്തിലുമുള്ള
മൗനമുദ്രകള്‍ കൊണ്ടോ?
അമ്മയെന്നോട് ആവശ്യപ്പെടുന്നത് എനിക്കുള്ളിലുള്ള
അസുരനെ മൂകനാക്കലാണോ അമമയുടെ മൗനമുദ്രകളുടെ അര്‍ഥതലങ്ങളില്‍ മുങ്ങിക്കുളിക്കലാണോ?
എന്തിനു നീ മൂകനാകണം എന്ന് അമ്മ ചോദിക്കുമ്പോള്‍
എനിക്ക് ഓര്‍മ്മ വരുന്നത് റോബര്‍ട്ടിനെയാണ്. വിശ്വപൗരനും അരാജകനുമായിരുന്ന റോബര്‍ട്ട്
മഹാസമാധി. സാമൂഹിക നിയമങ്ങളെ അവഗണിച്ചിരുന്ന റോബര്‍ട്ട് കുറെക്കാലം
കൊല്ലൂരുണ്ടായിരുന്നു. റോബര്‍ട്ടിനെ ഞാന്‍ കണ്ടിട്ടുണ്ടോ? എനിക്ക് ഓര്‍മ്മ
വരുന്നില്ല. കണ്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോള്‍ എനിക്ക് ഓര്‍മ്മിക്കാനായി
ഒരു റോബര്‍ട്ട് ഉണ്ടായിരുന്നു. ഒരു മഹാഗുരുവിന് മഹാസ്വപ്നം സമ്മാനിച്ച റോബര്‍ട്ട്.
ഗുരുപറഞ്ഞു: ''റോബര്‍ട്ട് നീ മഹാസമാധിയിലാണ്. സമാധി
വിട്ടുണരുമ്പോള്‍ നിനക്കെല്ലാം മനസ്സിലാകും.'' റോബര്‍ട്ട്
ഉണര്‍ന്നോ? എനിക്കറിയില്ല. എനിക്കറിയാവുന്നത് പുഴുവിന്
പൂമ്പാറ്റയാകണമെങ്കില്‍ കുറെക്കാലം സമാധിയില്‍ കഴിയേണ്ടതുണ്ട് എന്നുമാത്രമാണ്.
ഇത്രയും എഴുതിയപ്പോള്‍ എന്റെ ഗുരുമാതൃകയായ ഗണപതിയുടെ
രൂപം മനസ്സിലുണര്‍ന്നു. മൗനം എങ്ങനെ വാചാലമാകാം എന്നു കാണിച്ചുതരുന്ന, വിശേഷമായി
ഗ്രഹിക്കേണ്ട, വിഗ്രഹം. ലോകഗുരുവായ ഗണപതി മൂകനായി എന്നെ
പഠിപ്പിക്കുന്നത് എന്തെല്ലാമാണ്? എല്ലാം കേള്‍ക്കണമെന്ന്
ധ്വനിപ്പിക്കുന്ന വലിയ ചെവികള്‍. കേള്‍ക്കുന്നതെല്ലാം ഉള്‍ക്കൊള്ളേണ്ടതില്ലെന്നും
മൃഗങ്ങള്‍ അവയ്ക്കു ഭക്ഷ്യയോഗ്യമായ ആഹാരസാധനങ്ങള്‍ മണത്തുനോക്കി
മനസ്സിലാക്കുന്നതുപോലെ അറിയേണ്ടകാര്യങ്ങള്‍ മാത്രം വിവേകപൂര്‍വ്വം
സ്വാംശീകരിക്കണമെന്നും ധ്വനിപ്പിക്കുന്ന വലിയ മൂക്ക് - തുമ്പിക്കൈ. ഒരു കൈയില്‍
വിഘ്‌നങ്ങളെ തകര്‍ത്തെറിഞ്ഞ് മുന്നേറണം എന്നു ധ്വനിപ്പിക്കുന്ന കോടാലി. മറുകൈയില്‍
ചിലപ്പോഴൊക്കെ ഒരു ചുവടു പിന്നോട്ടു വച്ചശേഷമേ മുന്നേറാനാവൂ എന്നു
ധ്വനിപ്പിക്കുന്ന, ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം
വ്യക്തമാക്കുന്ന, ആനത്തോട്ടി. പുറത്തേക്കു നോക്കുമ്പോഴും
ഉള്ളിലുള്ളതുംകൂടി ചേര്‍ന്നതാണ് ഓരോ അനുഭവവും എന്ന് മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന
പാതിയടഞ്ഞ കണ്ണുകള്‍. വസ്തുനിഷ്ഠമായി ഒരു സ്ത്രീരൂപമല്ലാതെ അമ്മയെയോ കാമുകിയെയോ
(ഉള്ളിലെ ഓര്‍മ്മകള്‍ കൂട്ടിച്ചേര്‍ക്കാതെ) ആര്‍ക്കും കാണാനാവില്ലല്ലോ.
ജീവിതാനുഭവങ്ങള്‍ മധുരമായി ആസ്വദിക്കാനുള്ളതാണെന്ന് വയറു നിറഞ്ഞിരിക്കുമ്പോഴും
കൈയില്‍ മധുരപലഹാരവുമായിരുന്ന് ഉദ്‌ബോധിപ്പിക്കുന്ന ഗണപതി. തന്റെ അഹന്തയാകുന്ന
കൊമ്പ് ഒടിച്ച് അതുകൊണ്ടാണ് എഴുതേണ്ടതെന്നു ധ്വനിപ്പിക്കുന്ന ഗണപതി. സര്‍ഗ്ഗാത്മകതയിലെ
ബോധാബോധതലങ്ങളെ തൊട്ടുകാണിക്കുന്ന മഹാഭാരതരചനാ സന്ദര്‍ഭം. താനെഴുതുന്നവേഗതയില്‍
പറഞ്ഞുതന്നാല്‍ പകര്‍ത്താമെന്ന അഹന്ത. താന്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍
ഗ്രഹിച്ചിട്ടുമാത്രമേ പകര്‍ത്താവൂ എന്ന വ്യാസനിര്‍ദ്ദേശത്തിലല്ലേ, യഥാര്‍ഥത്തില്‍ ഗണപതിയുടെ കൊമ്പൊടിഞ്ഞത്?
വൃദ്ധരായ ശിഷ്യര്‍ക്കുമുമ്പില്‍ ആല്‍മരച്ചുവട്ടില്‍
ജ്ഞാനമുദ്രകാണിച്ച് മൗനമായിരിക്കുന്ന പതിനാറുകാരന്‍ മാര്‍ക്കണ്‌ഡേയനോ
ശങ്കരാചാര്യരോ? ആരായാലും മൗനമുദ്രിതമായ ജ്ഞാനസാഗരത്തില്‍
മുങ്ങിക്കുളിച്ച് ഉണരാനുള്ളതാണ്
നമ്മുടെയെല്ലാം ജന്മം എന്നു ഞാനിന്നറിയുന്നു.
സുഷുപ്തിവിട്ട് ഉണരാന്‍ കാലമായിരിക്കുന്നു.
എഴുത്തായാലും മറ്റെന്തു കര്‍മ്മമായാലും എന്തും ബോധപൂര്‍വ്വമായിരിക്കട്ടെ എന്ന
ഉപദേശം എന്നും നമുക്കു മാര്‍ഗദര്‍ശകമാകട്ടെ.
ഗണപതി മഹാഭാരതം പകര്‍ത്തിയപ്പോള്‍ സംഭവിച്ചതു പോലെ
നമുക്കും സംഭവിക്കട്ടെ! പോരേ?
Monday, 28 January 2019
ആ ബാലൻ നീ തന്നെ!
കവിത - ജോസാന്റണി
അറിയണം:
നമ്മള്‍ക്കെതിര്‍നില്പതാര്‍? അവന്‍
ഒരു
രാക്ഷസന്‍, കണ്‍കള്‍ ചെവികളും കോടികള്‍!
അവനുള്ള
നാവുകളുമതുപോലെ കോടികള്‍!!
അവനെയെതിരിട്ടിടാന്‍
നമ്മള്‍ക്കുമതുപോലെ
അവയവങ്ങള്‍
കോടി വേണമോ? ദാവീദി-
നവയവങ്ങള്‍
മര്‍ത്യസഹജമായുള്ളതേ
ഉണ്ടായിരുന്നുള്ളു!
ബുദ്ധിയോ ശക്തിയോ
സ്വന്തമല്ലെന്നുമതു
ദൈവമേകുന്നതാ-
ണെന്നുമോര്‍ത്താണവന്‍
ഗോലിയാത്തിന്നോടു
പടവെട്ടുവാനായിറങ്ങിത്തിരിച്ചതെ-
ന്നൊരു
നിമിഷമോര്‍മിച്ചുമേകാഗ്രദൃഷ്ടിയൊടു-
മൊരു
കവണയെയ്താല്‍ സുനിശ്ചിതമാം ജയം!
എങ്കിലും
ഏകനാം രാക്ഷസന്നോടിവിടെ
യുദ്ധം
നയിക്കുവാന്‍ നായകന്‍ ഞാനെന്ന
ഭാവത്തൊടായിരം
പേരുണ്ടവര്‍ക്കിനിയു-
മിവിടെയൊരു
ദാവീദു വന്നു നിന്നീടവെ
അംഗീകരിക്കുവാന്‍
ആവില്ല, ദൈവമാം
'ഒരു
ബാലനായിനിയുമെന്‍ ജന്മ'മെന്നിതാ
അരുളു,ന്നതേറ്റുപാടുന്നു ഞാന്‍,
ഉള്‍ക്കൊണ്ടു
'പടനയിക്കാനവനെ
യനുവദിച്ചീടുക!'
ആ
ബാലനാരെന്ന ചോദ്യത്തിനുത്തരം:
''നീതന്നെ,യെന്‍
മനവുമെന്‍ മിഴിയുമുള്ള നീ
നിന്നിലെ
നിന്നഹങ്കാരംവെടിഞ്ഞിടില്‍
ദാവീദുതന്നെ,''
'ദൈവം തരും അമ്പുകൾ
അവ വിവേകത്തൊടെയ്തീടില്‍ സുനിശ്ചിതം
ഗോലിയാത്തിന്‍
പതനമീ യുഗാന്ത്യത്തിലും!'
Wednesday, 23 January 2019
നിന്മുഖമങ്ങിങ്ങു കണ്ടിടുമ്പോള്‍
ഞങ്ങ,ളിങ്ങുള്ളയലാളരാമേവരും
തങ്ങളില്‍ സ്‌നേഹാര്‍ദ്രഭാവമോടെ
എങ്ങുമങ്ങെന്നറി,ഞ്ഞാനന്ദജീവിത-
മിങ്ങുള്ള സ്വര്‍ഗമിന്നെന്നറിഞ്ഞാല്‍
തിങ്ങിയൊഴുകിടുമാ ധാര സ്‌നേഹമായ്
എങ്ങെങ്ങുമെന്നും തിളങ്ങുമല്ലോ!
നന്മ ഭവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍
നിന്മുഖമങ്ങിങ്ങു കണ്ടിടുമ്പോള്‍
നന്മ വെളിച്ചമായിങ്ങണയും, ഇരുള്‍
-തിന്മ, വര്‍ണാദിക-ളസ്തമിക്കും!
എല്ലാവരും, നന്മയുള്ളിലുള്‍ക്കൊള്‍വതാ-
മെല്ലാമെന്നല്ലിലും കണ്ടറിയാന്‍
ഞാന്‍ മിഥ്യയെന്നറിഞ്ഞെന്‍ സ്മൃതീസങ്കല്പ-
മെന്‍ മനസ്സും മാറ്റിയൊക്കെ നോക്കാന്‍
നിന്മിഴിയാലെയിങ്ങുള്ളവയൊക്കെയും
നന്മയായ് കണ്ടറിഞ്ഞാസ്വദിക്കാന്‍
നിന്നരുളെന്നിരുളെന്നറിഞ്ഞിങ്ങുള്ള
നന്മതന്നാഹാരമായ് തിന്മയെ
മാറ്റുവാന്‍, നെല്ലിനും താമരയ്ക്കും
ചെളി-
മണ്ണിലാം പോഷണമെന്നറിയാന്‍
നെല്ലിക്ക കയ്പും മധുരവുമെന്നപോല്‍
പുല്ലിനംതന്നെ നെല്ലെന്നറിയാന്‍
എന്നിലെ നിന്നെ ഞാന്‍ കണ്ടറിഞ്ഞീടുവാന്‍
നിന്നില്‍ നീയെന്നെയടക്കിടേണം!
Saturday, 5 January 2019
എതിരന്‍ കതിരവന് ഒരു പ്രതികരണം
(ഇന്നലെ പാലായില്‍ എതിരന്‍ കതിരവന്റെ ഒരു പ്രഭാഷണം ഉണ്ടായിരുന്നു. അതു കേട്ടപ്പോള്‍ നാരായണഗുരുവിന്റെ ഭാഷയില്‍ എന്നില്‍നിന്നൊഴുകിവന്ന ഒരു പ്രതികരണമാണ് താഴെ:)
എതിരാ, കതിരവനെതിരായിരുളാ-
ണെതിര്‍നില്പവനോ കതിരൊളിയാം വാള്‍!
ഇരുളില്ലെന്നതു സത്യം! കതിരൊളി
ചിതറവെയവയുള്‍ക്കൊ,ണ്ടവയെല്ലാം
അവനവനായെന്നുള്ളൊരു കരുതലി-
ലുരുവാകുന്നിരുളെന്നുള്ളറിവില്‍
നിറമായിരവും ഒരുമിച്ചിരുളായ്
അറിയുന്നൂ നീ മസ്തിഷ്‌കത്തില്‍!
''മിഴിയില്‍ക്കൂടി മസ്തിഷ്‌കത്തില്‍
പ്രതിബിംബിപ്പതു തലതിരിവോടെ!
നിറമായ് നാമറിയുന്നവയല്ലാ
കാണും വസ്തുവിലുള്ള നിറങ്ങള്‍!
ഉള്ള പ്രകാശക്കതിരുകളെല്ലാം
ഉള്‍ക്കൊള്ളുമ്പോള്‍ വസ്തു കറുപ്പായ്!
സകലം പ്രതിബിംബിപ്പിക്കുന്നവയോ
വെണ്മനിറഞ്ഞവയെന്നറിയേണം!!''
ഇങ്ങനെ പറയും ശാസ്ത്രത്തോടായ്
ഇരുള്‍ മാറ്റും ഗുരുവിന്നരുളിങ്ങനെ:
സകലതുമുള്ളവയാണറിഞ്ഞിടുമ്പോ-
ളവയുരുവാകുകയാണു നിന്നി,ലിപ്പോള്‍
ഇവിടെയിതെന്നതിലേറെ സത്യമില്ല,
അതിലറിയുന്നതുപോലെയാണു സത്യം!
വിശകലനങ്ങളിലൂടെയൊന്നുമില്ലെ-
ന്നരുളവെയെന്നെയൊഴിഞ്ഞ സത്യമെന്തെ-
ന്നരുളുക, ഞാനിവിടിന്നറിഞ്ഞതെല്ലാം
അരുളിരുളില്‍ തെളിയിച്ച വെട്ടമല്ലേ?
അറിയുക: എന്നിലെ സത്യമിന്നു നിന്നില്‍
പ്രതിഫലിതം മൊഴിയൂടെ, ശബ്ദജാലം!
അതിനകമര്‍ഥശതങ്ങള്‍ തിങ്ങിടുമ്പോള്‍
കഥയറിയാതിവിടാടിടുന്നു മായ!!
Subscribe to:
Posts (Atom)