എതിരാ, കതിരവനെതിരായിരുളാ-
ണെതിര്‍നില്പവനോ കതിരൊളിയാം വാള്‍!
ഇരുളില്ലെന്നതു സത്യം! കതിരൊളി
ചിതറവെയവയുള്‍ക്കൊ,ണ്ടവയെല്ലാം
അവനവനായെന്നുള്ളൊരു കരുതലി-
ലുരുവാകുന്നിരുളെന്നുള്ളറിവില്‍
നിറമായിരവും ഒരുമിച്ചിരുളായ്
അറിയുന്നൂ നീ മസ്തിഷ്‌കത്തില്‍!
''മിഴിയില്‍ക്കൂടി മസ്തിഷ്‌കത്തില്‍
പ്രതിബിംബിപ്പതു തലതിരിവോടെ!
നിറമായ് നാമറിയുന്നവയല്ലാ
കാണും വസ്തുവിലുള്ള നിറങ്ങള്‍!
ഉള്ള പ്രകാശക്കതിരുകളെല്ലാം
ഉള്‍ക്കൊള്ളുമ്പോള്‍ വസ്തു കറുപ്പായ്!
സകലം പ്രതിബിംബിപ്പിക്കുന്നവയോ
വെണ്മനിറഞ്ഞവയെന്നറിയേണം!!''
ഇങ്ങനെ പറയും ശാസ്ത്രത്തോടായ്
ഇരുള്‍ മാറ്റും ഗുരുവിന്നരുളിങ്ങനെ:
സകലതുമുള്ളവയാണറിഞ്ഞിടുമ്പോ-
ളവയുരുവാകുകയാണു നിന്നി,ലിപ്പോള്‍
ഇവിടെയിതെന്നതിലേറെ സത്യമില്ല,
അതിലറിയുന്നതുപോലെയാണു സത്യം!
വിശകലനങ്ങളിലൂടെയൊന്നുമില്ലെ-
ന്നരുളവെയെന്നെയൊഴിഞ്ഞ സത്യമെന്തെ-
ന്നരുളുക, ഞാനിവിടിന്നറിഞ്ഞതെല്ലാം
അരുളിരുളില്‍ തെളിയിച്ച വെട്ടമല്ലേ?
അറിയുക: എന്നിലെ സത്യമിന്നു നിന്നില്‍
പ്രതിഫലിതം മൊഴിയൂടെ, ശബ്ദജാലം!
അതിനകമര്‍ഥശതങ്ങള്‍ തിങ്ങിടുമ്പോള്‍
കഥയറിയാതിവിടാടിടുന്നു മായ!!
No comments:
Post a Comment