ജോസാന്റണി (manobhavam@gmail.com)
മൂകാംബിക ഒരസുരന്റെ ആസുരവിക്രിയകളെ കീഴടക്കിയത് ആ
അസുരനെ മൂകനാക്കിക്കൊണ്ടായിരുന്നു. അങ്ങനെയാണോ അമ്മ മൂകാംബികയായത്? അതോ അമ്മയുടെ
സ്വരൂപത്തിലും സ്വഭാവത്തിലുമുള്ള
മൗനമുദ്രകള്‍ കൊണ്ടോ?
അമ്മയെന്നോട് ആവശ്യപ്പെടുന്നത് എനിക്കുള്ളിലുള്ള
അസുരനെ മൂകനാക്കലാണോ അമമയുടെ മൗനമുദ്രകളുടെ അര്‍ഥതലങ്ങളില്‍ മുങ്ങിക്കുളിക്കലാണോ?
എന്തിനു നീ മൂകനാകണം എന്ന് അമ്മ ചോദിക്കുമ്പോള്‍
എനിക്ക് ഓര്‍മ്മ വരുന്നത് റോബര്‍ട്ടിനെയാണ്. വിശ്വപൗരനും അരാജകനുമായിരുന്ന റോബര്‍ട്ട്
മഹാസമാധി. സാമൂഹിക നിയമങ്ങളെ അവഗണിച്ചിരുന്ന റോബര്‍ട്ട് കുറെക്കാലം
കൊല്ലൂരുണ്ടായിരുന്നു. റോബര്‍ട്ടിനെ ഞാന്‍ കണ്ടിട്ടുണ്ടോ? എനിക്ക് ഓര്‍മ്മ
വരുന്നില്ല. കണ്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോള്‍ എനിക്ക് ഓര്‍മ്മിക്കാനായി
ഒരു റോബര്‍ട്ട് ഉണ്ടായിരുന്നു. ഒരു മഹാഗുരുവിന് മഹാസ്വപ്നം സമ്മാനിച്ച റോബര്‍ട്ട്.
ഗുരുപറഞ്ഞു: ''റോബര്‍ട്ട് നീ മഹാസമാധിയിലാണ്. സമാധി
വിട്ടുണരുമ്പോള്‍ നിനക്കെല്ലാം മനസ്സിലാകും.'' റോബര്‍ട്ട്
ഉണര്‍ന്നോ? എനിക്കറിയില്ല. എനിക്കറിയാവുന്നത് പുഴുവിന്
പൂമ്പാറ്റയാകണമെങ്കില്‍ കുറെക്കാലം സമാധിയില്‍ കഴിയേണ്ടതുണ്ട് എന്നുമാത്രമാണ്.
ഇത്രയും എഴുതിയപ്പോള്‍ എന്റെ ഗുരുമാതൃകയായ ഗണപതിയുടെ
രൂപം മനസ്സിലുണര്‍ന്നു. മൗനം എങ്ങനെ വാചാലമാകാം എന്നു കാണിച്ചുതരുന്ന, വിശേഷമായി
ഗ്രഹിക്കേണ്ട, വിഗ്രഹം. ലോകഗുരുവായ ഗണപതി മൂകനായി എന്നെ
പഠിപ്പിക്കുന്നത് എന്തെല്ലാമാണ്? എല്ലാം കേള്‍ക്കണമെന്ന്
ധ്വനിപ്പിക്കുന്ന വലിയ ചെവികള്‍. കേള്‍ക്കുന്നതെല്ലാം ഉള്‍ക്കൊള്ളേണ്ടതില്ലെന്നും
മൃഗങ്ങള്‍ അവയ്ക്കു ഭക്ഷ്യയോഗ്യമായ ആഹാരസാധനങ്ങള്‍ മണത്തുനോക്കി
മനസ്സിലാക്കുന്നതുപോലെ അറിയേണ്ടകാര്യങ്ങള്‍ മാത്രം വിവേകപൂര്‍വ്വം
സ്വാംശീകരിക്കണമെന്നും ധ്വനിപ്പിക്കുന്ന വലിയ മൂക്ക് - തുമ്പിക്കൈ. ഒരു കൈയില്‍
വിഘ്‌നങ്ങളെ തകര്‍ത്തെറിഞ്ഞ് മുന്നേറണം എന്നു ധ്വനിപ്പിക്കുന്ന കോടാലി. മറുകൈയില്‍
ചിലപ്പോഴൊക്കെ ഒരു ചുവടു പിന്നോട്ടു വച്ചശേഷമേ മുന്നേറാനാവൂ എന്നു
ധ്വനിപ്പിക്കുന്ന, ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം
വ്യക്തമാക്കുന്ന, ആനത്തോട്ടി. പുറത്തേക്കു നോക്കുമ്പോഴും
ഉള്ളിലുള്ളതുംകൂടി ചേര്‍ന്നതാണ് ഓരോ അനുഭവവും എന്ന് മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന
പാതിയടഞ്ഞ കണ്ണുകള്‍. വസ്തുനിഷ്ഠമായി ഒരു സ്ത്രീരൂപമല്ലാതെ അമ്മയെയോ കാമുകിയെയോ
(ഉള്ളിലെ ഓര്‍മ്മകള്‍ കൂട്ടിച്ചേര്‍ക്കാതെ) ആര്‍ക്കും കാണാനാവില്ലല്ലോ.
ജീവിതാനുഭവങ്ങള്‍ മധുരമായി ആസ്വദിക്കാനുള്ളതാണെന്ന് വയറു നിറഞ്ഞിരിക്കുമ്പോഴും
കൈയില്‍ മധുരപലഹാരവുമായിരുന്ന് ഉദ്‌ബോധിപ്പിക്കുന്ന ഗണപതി. തന്റെ അഹന്തയാകുന്ന
കൊമ്പ് ഒടിച്ച് അതുകൊണ്ടാണ് എഴുതേണ്ടതെന്നു ധ്വനിപ്പിക്കുന്ന ഗണപതി. സര്‍ഗ്ഗാത്മകതയിലെ
ബോധാബോധതലങ്ങളെ തൊട്ടുകാണിക്കുന്ന മഹാഭാരതരചനാ സന്ദര്‍ഭം. താനെഴുതുന്നവേഗതയില്‍
പറഞ്ഞുതന്നാല്‍ പകര്‍ത്താമെന്ന അഹന്ത. താന്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍
ഗ്രഹിച്ചിട്ടുമാത്രമേ പകര്‍ത്താവൂ എന്ന വ്യാസനിര്‍ദ്ദേശത്തിലല്ലേ, യഥാര്‍ഥത്തില്‍ ഗണപതിയുടെ കൊമ്പൊടിഞ്ഞത്?
വൃദ്ധരായ ശിഷ്യര്‍ക്കുമുമ്പില്‍ ആല്‍മരച്ചുവട്ടില്‍
ജ്ഞാനമുദ്രകാണിച്ച് മൗനമായിരിക്കുന്ന പതിനാറുകാരന്‍ മാര്‍ക്കണ്‌ഡേയനോ
ശങ്കരാചാര്യരോ? ആരായാലും മൗനമുദ്രിതമായ ജ്ഞാനസാഗരത്തില്‍
മുങ്ങിക്കുളിച്ച് ഉണരാനുള്ളതാണ്
നമ്മുടെയെല്ലാം ജന്മം എന്നു ഞാനിന്നറിയുന്നു.
സുഷുപ്തിവിട്ട് ഉണരാന്‍ കാലമായിരിക്കുന്നു.
എഴുത്തായാലും മറ്റെന്തു കര്‍മ്മമായാലും എന്തും ബോധപൂര്‍വ്വമായിരിക്കട്ടെ എന്ന
ഉപദേശം എന്നും നമുക്കു മാര്‍ഗദര്‍ശകമാകട്ടെ.
ഗണപതി മഹാഭാരതം പകര്‍ത്തിയപ്പോള്‍ സംഭവിച്ചതു പോലെ
നമുക്കും സംഭവിക്കട്ടെ! പോരേ?
No comments:
Post a Comment