നാടോടുമ്പോള്‍ നടുവേയോടണ-
മെന്നതിനെന്തര്‍ഥം?
നാം, നേതാക്കളു, മറിയണമെന്നും
ജനതതിതന്‍ ഭാഗം!
ഗോമാതാവും ഗോമക്കളുമി-
ങ്ങൊരുപോലല്ലോര്‍ക്കൂ!
ഗോമക്കള്‍തന്‍ മുന്‍പേയല്ലേ
മാതാവോടിടുക?
മക്കള്‍ വഴിതെറ്റീടും വേളയില്‍
ഗോമാതാവെന്നും
അവരുടെകൂടെത്തന്നെ,യെന്നാല്‍,
മുമ്പില്‍ നടന്നീടും!
പുതുവഴി, പുല്ലുകളേറിയ വഴിയില്‍-
ക്കൂടി നടന്നീടും!!
എന്നാല്‍ പുല്ലതു തിന്നു രമിക്കാന്‍
നേരം കളയാതെ
തിരികെ വരാന്‍ വഴിയടയാളങ്ങള്‍
കണ്ടു നടന്നീടും!
അവളോടൊപ്പം മക്കളുമോടിടു,-
മറിയുക ഗോമാതാ-
വവരെ പുതുവഴി കണ്ടുനയിക്കാ-
നായാണവരോടൊ-
ത്തോടീടുന്നത്, ഓടാതെങ്ങനെ
രക്ഷപെടാനാവും?
ഓടവെ വഴിയില്‍ കാണും പുല്ലതു
തിന്നേണ്ടിപ്പോഴെ-
ന്നോര്‍മിച്ചോര്‍മിപ്പിച്ചോടേണം
ഗോമാതാക്കള്‍ നാം!
No comments:
Post a Comment