Total Pageviews

Saturday, 29 August 2020

കലി-കാലതായ കാളി!*

 

അറിവിലുമേറിയതെന്ത്? നിന്നിലല്ലാ-

തറിവുറവായതുമെന്ത്? വെട്ടമല്ലാ-

തിരുളിനു, വർണസഹസ്രജാലവിദ്യ-

പ്പൊരുളിനുമുത്ഭവകേന്ദ്രമെങ്ങ്? തേറൂ!

 

ഇരുളതിനുണ്മയതെങ്ങ്? കാര്യജാല-

പ്പൊരുളുകളൊക്കെയുമെങ്ങ്? മൗനസാന്ദ്ര-

സ്മരണയിലെന്നിയെ യെങ്ങുണർന്നിടുന്നു

പൊരുളരുളായുരുവായ ശബ്ദജാലം?

 

ഗഗനരഹസ്യമതെന്ത്? ജാലമില്ലാ-

തഗതികൾ ഞങ്ങളിൽ ലക്ഷ്യബോധമേകും

ജഗദിനുമീ ജഗദീശ്വരന്നുമെല്ലാം

സുഗമലയംപകരുന്ന വേദബിന്ദു?

 

അരുളിരുളിൻപൊരുള,ല്ലറിഞ്ഞിടേണം

ഇരുളിനഭാവമതല്ല വെട്ട,മെന്നാൽ

ചിരിവിരിയിച്ചിടുവാനുണർന്നിടുന്നോ-

രിരുളിനു വർണസഹസ്രമുണ്ടു മക്കൾ!

 

അറിയുക: വർണസഹസ്രജാലമെല്ലാം

നിറവരുളുന്നവയാണു ജീവിതത്തിൽ!

നിറമവസർവതുമുള്ളിലേറ്റിടുന്നോൾ

ഒരുവ,ളവൾ കലി-കാലതായ കാളി!

 

* കലിയുടെയും കാല(ത്തി)ന്റെയും അമ്മയായ കാളി

No comments:

Post a Comment