Total Pageviews

Saturday, 29 August 2020

കലി-കാലതായ കാളി!*

 

അറിവിലുമേറിയതെന്ത്? നിന്നിലല്ലാ-

തറിവുറവായതുമെന്ത്? വെട്ടമല്ലാ-

തിരുളിനു, വർണസഹസ്രജാലവിദ്യ-

പ്പൊരുളിനുമുത്ഭവകേന്ദ്രമെങ്ങ്? തേറൂ!

 

ഇരുളതിനുണ്മയതെങ്ങ്? കാര്യജാല-

പ്പൊരുളുകളൊക്കെയുമെങ്ങ്? മൗനസാന്ദ്ര-

സ്മരണയിലെന്നിയെ യെങ്ങുണർന്നിടുന്നു

പൊരുളരുളായുരുവായ ശബ്ദജാലം?

 

ഗഗനരഹസ്യമതെന്ത്? ജാലമില്ലാ-

തഗതികൾ ഞങ്ങളിൽ ലക്ഷ്യബോധമേകും

ജഗദിനുമീ ജഗദീശ്വരന്നുമെല്ലാം

സുഗമലയംപകരുന്ന വേദബിന്ദു?

 

അരുളിരുളിൻപൊരുള,ല്ലറിഞ്ഞിടേണം

ഇരുളിനഭാവമതല്ല വെട്ട,മെന്നാൽ

ചിരിവിരിയിച്ചിടുവാനുണർന്നിടുന്നോ-

രിരുളിനു വർണസഹസ്രമുണ്ടു മക്കൾ!

 

അറിയുക: വർണസഹസ്രജാലമെല്ലാം

നിറവരുളുന്നവയാണു ജീവിതത്തിൽ!

നിറമവസർവതുമുള്ളിലേറ്റിടുന്നോൾ

ഒരുവ,ളവൾ കലി-കാലതായ കാളി!

 

* കലിയുടെയും കാല(ത്തി)ന്റെയും അമ്മയായ കാളി

Saturday, 22 August 2020

മൂന്ന് ഉപനിഷദ് കവിതകൾ

ഓം ഗുരുബ്രഹ്മാ....

സൃഷ്ടി,സ്ഥിതി,സംഹാരങ്ങൾ മൂന്നും

നിത്യം നിൻ ബോധത്തിൽ സംഭവിക്കെ

ദൈവമേ ജ്ഞാനപ്രകാശമേ നീ

ഞങ്ങളിലുജ്വലിച്ചുദ്ഗമിക്കൂ!

ഓം സഹനാവവതു....

ഞങ്ങളിൽ ഞാനെന്ന ഭാവമുണ്ടായ്

വിദ്വേഷമായ് വളരാതിരിക്കാൻ

നിത്യവും സ്നേഹപ്രവാഹമായ് നീ

ഞങ്ങളിലൂടെന്നുമിങ്ങൊഴുകൂ!

ഓം പൂർണമദഃ....

പൂർണമങ്ങെങ്കി,ലുണ്ടിങ്ങും

പൂർണം, പൂർണങ്ങൾ ചേർന്നീടിൽ

പൂർണംതന്നെ,യതിൽനിന്നും

പൂർണം നീക്കുക ഹാ! പൂർണം!!

            പൂർണം പൂജ്യമതായാലും

            തത്ത്വം വ്യത്യസ്തമല്ലല്ലോ!

            പൂർണം, പൂജ്യ, മനന്തത

            മൂന്നും വ്യത്യസ്തമല്ലല്ലോ!!

എന്താണിത്തത്ത്വമെന്നോടി-

ന്നോതും തത്ത്വ?മതാരായ്കെ

'പൂർണം പൂജ്യവുമായ് നിന്നിൽ

പൂജ്യൻ ഞാൻ' നിത്യനോതുന്നു!