Total Pageviews

Saturday, 25 April 2020

ഗഗനാര്‍ഥം നിത്യസത്യം!

നാരായണഗുരുവിന്റെ 'ആത്മോപദേശശതക'ത്തിന്റെ വൃത്തം എന്തെന്ന അന്വേഷണത്തിനൊടുവിൽ സ്വയം  അതിന്റെ ലക്ഷണവും ഒരു പേരും കണ്ടെത്തിയതിനെ തുടർന്ന് എഴുതിയതാണ് ഈ കവിത.  പത്തു വർഷത്തോളമായി ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന 'ആത്മഭാഷണസഹസ്രം' എന്ന കൃതിയിൽ ഇതും ഉൾപ്പെടുത്തുന്നുണ്ട്.

ഒഴുകിവരുന്നരു,ളിങ്ങിതേതു താളം
തഴുകവെയാം ശ്രുതിമാരിയായുണര്‍ന്നീ
പുഴയിലെ ബുദ്ബുദജാലമായി വൃത്തം
നജജരഗം 'ഗഗനാര്‍ഥ'മെന്നു ചൊല്‌വൂ!
2
ഗഗന,മിതാണിവിടുള്ളതിന്റെയെല്ലാം
പൊരുളരുളും ശ്രുതിയിങ്ങുണര്‍ത്തിടുന്നൂ.
ശ്രുതിയിലൊരാപ്തനുണര്‍ന്നു കണ്ട സത്യം!
അതു ശരിയെന്നതു വിശ്വസിച്ചു നീങ്ങൂ!!
3
അറിവിലടങ്ങിടുമുള്ളതൊക്കെയെന്നു-
ള്ളറിവിതിനുള്‍പ്പൊരുളാദ്യമായ് പഠിക്കാം:
അറിവിതിലെങ്ങനെയേറുമെന്റെ ദേഹം
അതിനിടമേകിടുമീയനന്ത വിശ്വം?
4
അനുഭവസീമയിലുള്ളതൊക്കെ സത്യ-
പ്പൊരുളരുളുന്നവ എന്നറിഞ്ഞിടുമ്പോള്‍

അവികലമല്ലിവിടിന്ദ്രിയജന്യമായതെന്നും
സ്മൃതികളുമങ്ങനെതന്നെയെന്നുമോര്‍ക്കൂ!
5
അറിയുക: നിന്‍ സ്മൃതി നിന്റെയുള്ളിലല്ലോ
അതിലണയുന്ന തരംഗജാലമാണി-
ങ്ങനുഭവമായി നിറങ്ങളായ് നിലാവില്‍
നിഴലലപോലെയുണര്‍ന്നടങ്ങിടുന്നു.
6
അറിയുക: വെട്ടമതൊ,ന്നതില്‍ സഹസ്രം
നിറമവയൊക്കയുമുള്ളിലെത്തിടുമ്പോള്‍
ഉണരുമൊരായിരമോര്‍മകള്‍ മറക്കൊ-
ല്ലനുഭവമൊക്കെയുമിന്ദ്രിയേന്ദ്രജാലം!
7
പുറ,മകമെന്ന വിഭേദകസ്മിതത്തില്‍
പുലരുവതെങ്ങുമഭേദമാം പ്രപഞ്ചം.
'പറയുക: പ്രാണനുമന്നവും പുറത്തു-
ള്ളിരു പൊരുളെന്നതു സത്യമല്ലയെന്നോ?'
8
അവ തവദേഹമതിന്‍ പുറത്തുതന്നെ
അറിയുക: ദേഹവുമീ യനന്തതയ്ക്കുള്‍-
പ്പൊരുളരുളുന്ന പ്രപഞ്ചവും അടങ്ങും
പൊരുളറിവാണതിലാണു നമ്മളെല്ലാം.
9
ഇവിടനിഷേധ്യതയുള്ളതാകെ ഞാനി-
ങ്ങറിയുവതൊക്കെ,യതില്‍പ്പെടുന്ന സ്വപ്ന-
സ്മൃതികളിലും വരെയന്യരുണ്ടു, ദേഹം
അറിവിലെ മൂലയിലുള്ള ചാലു മാത്രം.
10
അറിവിനകംപുറമില്ല, യിങ്ങുകാണു-
ന്നവയവതന്നെ, യവയ്ക്കിടം നമുക്കി-
ങ്ങനുഭവമാകുമിടത്തുതന്നെ, നാമും
അറിവിലമര്‍ന്നവരായ നിത്യസത്യം!

No comments:

Post a Comment