Total Pageviews

Monday, 28 January 2019

ആ ബാലൻ നീ തന്നെ!

കവിത - ജോസാന്റണി


അറിയണം: നമ്മള്‍ക്കെതിര്‍നില്പതാര്‍? അവന്‍
ഒരു രാക്ഷസന്‍, കണ്‍കള്‍ ചെവികളും കോടികള്‍!
അവനുള്ള നാവുകളുമതുപോലെ കോടികള്‍!!

അവനെയെതിരിട്ടിടാന്‍ നമ്മള്‍ക്കുമതുപോലെ
അവയവങ്ങള്‍ കോടി വേണമോ? ദാവീദി-
നവയവങ്ങള്‍ മര്‍ത്യസഹജമായുള്ളതേ
ഉണ്ടായിരുന്നുള്ളു! ബുദ്ധിയോ ശക്തിയോ
സ്വന്തമല്ലെന്നുമതു ദൈവമേകുന്നതാ-
ണെന്നുമോര്‍ത്താണവന്‍ ഗോലിയാത്തിന്നോടു
പടവെട്ടുവാനായിറങ്ങിത്തിരിച്ചതെ-
ന്നൊരു നിമിഷമോര്‍മിച്ചുമേകാഗ്രദൃഷ്ടിയൊടു-
മൊരു കവണയെയ്താല്‍ സുനിശ്ചിതമാം ജയം!

എങ്കിലും ഏകനാം രാക്ഷസന്നോടിവിടെ
യുദ്ധം നയിക്കുവാന്‍ നായകന്‍ ഞാനെന്ന
ഭാവത്തൊടായിരം പേരുണ്ടവര്‍ക്കിനിയു-
മിവിടെയൊരു ദാവീദു വന്നു നിന്നീടവെ
അംഗീകരിക്കുവാന്‍ ആവില്ല, ദൈവമാം
'ഒരു ബാലനായിനിയുമെന്‍ ജന്മ'മെന്നിതാ
അരുളു,ന്നതേറ്റുപാടുന്നു ഞാന്‍, ഉള്‍ക്കൊണ്ടു
'പടനയിക്കാനവനെ യനുവദിച്ചീടുക!'

ആ ബാലനാരെന്ന ചോദ്യത്തിനുത്തരം:
''നീതന്നെ,യെന്‍ മനവുമെന്‍ മിഴിയുമുള്ള നീ
നിന്നിലെ നിന്നഹങ്കാരംവെടിഞ്ഞിടില്‍
ദാവീദുതന്നെ,'' 'ദൈവം തരും അമ്പുകൾ
അവ വിവേകത്തൊടെയ്തീടില്‍ സുനിശ്ചിതം
ഗോലിയാത്തിന്‍ പതനമീ യുഗാന്ത്യത്തിലും!'

Wednesday, 23 January 2019

നിന്മുഖമങ്ങിങ്ങു കണ്ടിടുമ്പോള്‍


ഞങ്ങ,ളിങ്ങുള്ളയലാളരാമേവരും
തങ്ങളില്‍ സ്‌നേഹാര്‍ദ്രഭാവമോടെ
എങ്ങുമങ്ങെന്നറി,ഞ്ഞാനന്ദജീവിത-
മിങ്ങുള്ള സ്വര്‍ഗമിന്നെന്നറിഞ്ഞാല്‍
തിങ്ങിയൊഴുകിടുമാ ധാര സ്‌നേഹമായ്
എങ്ങെങ്ങുമെന്നും തിളങ്ങുമല്ലോ!

നന്മ ഭവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍
നിന്മുഖമങ്ങിങ്ങു കണ്ടിടുമ്പോള്‍
നന്മ വെളിച്ചമായിങ്ങണയും, ഇരുള്‍
-തിന്മ, വര്‍ണാദിക-ളസ്തമിക്കും!

എല്ലാവരും, നന്മയുള്ളിലുള്‍ക്കൊള്‍വതാ-
മെല്ലാമെന്നല്ലിലും കണ്ടറിയാന്‍
ഞാന്‍ മിഥ്യയെന്നറിഞ്ഞെന്‍ സ്മൃതീസങ്കല്പ-
മെന്‍ മനസ്സും മാറ്റിയൊക്കെ നോക്കാന്‍
നിന്മിഴിയാലെയിങ്ങുള്ളവയൊക്കെയും
നന്മയായ് കണ്ടറിഞ്ഞാസ്വദിക്കാന്‍
നിന്നരുളെന്നിരുളെന്നറിഞ്ഞിങ്ങുള്ള
നന്മതന്നാഹാരമായ് തിന്മയെ
മാറ്റുവാന്‍, നെല്ലിനും താമരയ്ക്കും ചെളി-
മണ്ണിലാം പോഷണമെന്നറിയാന്‍
നെല്ലിക്ക കയ്പും മധുരവുമെന്നപോല്‍
പുല്ലിനംതന്നെ നെല്ലെന്നറിയാന്‍
എന്നിലെ നിന്നെ ഞാന്‍ കണ്ടറിഞ്ഞീടുവാന്‍
നിന്നില്‍ നീയെന്നെയടക്കിടേണം!

Saturday, 5 January 2019

ആമോദശാന്തിയിൽ ...


എതിരന്‍ കതിരവന് ഒരു പ്രതികരണം

(ഇന്നലെ പാലായില്‍ എതിരന്‍ കതിരവന്റെ ഒരു പ്രഭാഷണം ഉണ്ടായിരുന്നു. അതു കേട്ടപ്പോള്‍ നാരായണഗുരുവിന്റെ ഭാഷയില്‍ എന്നില്‍നിന്നൊഴുകിവന്ന ഒരു പ്രതികരണമാണ് താഴെ:)

എതിരാ, കതിരവനെതിരായിരുളാ-
ണെതിര്‍നില്പവനോ കതിരൊളിയാം വാള്‍!
ഇരുളില്ലെന്നതു സത്യം! കതിരൊളി
ചിതറവെയവയുള്‍ക്കൊ,ണ്ടവയെല്ലാം
അവനവനായെന്നുള്ളൊരു കരുതലി-
ലുരുവാകുന്നിരുളെന്നുള്ളറിവില്‍
നിറമായിരവും ഒരുമിച്ചിരുളായ്
അറിയുന്നൂ നീ മസ്തിഷ്‌കത്തില്‍!

''മിഴിയില്‍ക്കൂടി മസ്തിഷ്‌കത്തില്‍
പ്രതിബിംബിപ്പതു തലതിരിവോടെ!
നിറമായ് നാമറിയുന്നവയല്ലാ
കാണും വസ്തുവിലുള്ള നിറങ്ങള്‍!
ഉള്ള പ്രകാശക്കതിരുകളെല്ലാം
ഉള്‍ക്കൊള്ളുമ്പോള്‍ വസ്തു കറുപ്പായ്!
സകലം പ്രതിബിംബിപ്പിക്കുന്നവയോ
വെണ്മനിറഞ്ഞവയെന്നറിയേണം!!''
ഇങ്ങനെ പറയും ശാസ്ത്രത്തോടായ്
ഇരുള്‍ മാറ്റും ഗുരുവിന്നരുളിങ്ങനെ:

സകലതുമുള്ളവയാണറിഞ്ഞിടുമ്പോ-
ളവയുരുവാകുകയാണു നിന്നി,ലിപ്പോള്‍
ഇവിടെയിതെന്നതിലേറെ സത്യമില്ല,
അതിലറിയുന്നതുപോലെയാണു സത്യം! 

വിശകലനങ്ങളിലൂടെയൊന്നുമില്ലെ-
ന്നരുളവെയെന്നെയൊഴിഞ്ഞ സത്യമെന്തെ-
ന്നരുളുക, ഞാനിവിടിന്നറിഞ്ഞതെല്ലാം
അരുളിരുളില്‍ തെളിയിച്ച വെട്ടമല്ലേ?

അറിയുക: എന്നിലെ സത്യമിന്നു നിന്നില്‍
പ്രതിഫലിതം മൊഴിയൂടെ, ശബ്ദജാലം!
അതിനകമര്‍ഥശതങ്ങള്‍ തിങ്ങിടുമ്പോള്‍
കഥയറിയാതിവിടാടിടുന്നു മായ!!