ഒരു ശിശുവുറങ്ങുന്നു; രാവെത്ര നീളിലും
അവനതു സുഖം; സ്വപ്നതല്പത്തിലീവിധം
ശയനമതിനാവില്ലുണർന്നാ; ലവന്നു രാ-
വിരുളുവതിരുണ്ടേ തുടർന്നിടാനാഗ്രഹം!
ഒരു ശിശുവുണർന്നു മുലയുണ്ണുന്നു; നിറവയറൊ-
ടവനമ്മയോടു പടകൂടുന്നു; തൻ ദു:ഖ-
മിളയവരറിഞ്ഞുണർന്നീടാതിരിക്കുവാൻ
അവളകലെ മാറിക്കിടക്കുന്നു; കരയുന്നു!
ഒരു ശിശു ജനിക്കുന്നു; പുലരി വിരിയുന്നതോർ-
ത്തവനതൊടു ചേർന്നു ചിരി തൂകുന്നു; വാത്സല്യ-
മുതിരുമിരു മുലകളും മരുവായതോർത്തതാ
ഒരു ജനനി കരയുന്നു; താതനെങ്ങോട്ടുപോയ്?
ഒരു ശിശു പിറന്നു കരയുന്നു; തിരയുന്നു തൻ
ജനനിയെങ്ങോട്ടുപോയ്? വാത്സല്യവും പാലു-
മൊഴുകുമിരു മുലകളൊരു പൂർവജന്മസ്മൃതീ-
ഹരിതവനസ്വപ്ന, മവ്യക്ത, മവനോർക്കയാം!
ഒരു ശിശു കരഞ്ഞു തളരുന്നു; വെളിപാടുപോൽ
അവനൊരു കിനാവു കാണുന്നു: മരുഭൂമിയിൽ
കുളിരരുവിപോൽ സമാശ്വാസമേകീടുമാ-
റൊരു പുരുഷനമ്മയെ തേടുവാൻ കൂടുന്നു!