Total Pageviews

Saturday 17 June 2017

ബാല്യകാലസ്മരണകളുടെ വിദ്യാഭ്യാസപ്രസക്‌തിയും ഡോ. സി. എന്‍. എന്‍. നായരുടെ ഏറ്റുമാനൂര്‍ സ്മരണകളും


നമ്മുടെ നാട്ടില്‍ 'നാം രണ്ട് നമുക്കു രണ്ട് 'എന്നും പിന്നീട് 'നാമൊന്ന് നമുക്കൊന്ന് 'എന്നുമുള്ള മുദ്രാവാക്യങ്ങളുയര്‍ന്നിട്ട് അരനൂറ്റാണ്ടിലേറെയായിട്ടില്ല. അവയുടെ അകമ്പടിയോടെ കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും അമ്മയും അപ്പനും (അല്ലഡാഡിയും മമ്മിയും) ഒന്നോ രണ്ടോ മക്കളും മാത്രമുള്ള അണുകുടുംബങ്ങളായി മാറിയിട്ടുണ്ട്. 'താഴത്തു വച്ചാലുറുമ്പരിക്കും, തലയില്‍വച്ചാലോ പേനരിക്കും' എന്നും 'മക്കളക്കരെ പോയാലേ എല്ലാം ശരിയാകൂ' എന്നുമുള്ള മനോഭാവം ശക്തമായത് അതിനുശേഷം മാത്രം. ഇതിന്റെ അനന്തരഫലമായി മുത്തച്ഛനെയും മുത്തശ്ശിയെയും സ്വന്തം ബംഗ്ലാവുകളിലെ 'എയര്‍കണ്ടീഷന്‍ഡ് സോളിറ്റ്യു'ഡിലേക്കോ 'ഓള്‍ഡ് ഏജ് ഹോ'മുകളിലേക്കോ വിടുമ്പോള്‍ പേരക്കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത് എന്തെല്ലാമെന്ന് ആരുംതന്നെ ചിന്തിക്കാറില്ല. മുത്തശ്ശീ-മുത്തച്ഛന്മാരും പേരക്കുട്ടികളും തമ്മില്‍ സംവദിക്കാനുള്ള വേദികള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുറെ മാസങ്ങള്‍ക്കുമുമ്പ് ഒരു  സാമൂഹികപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴാണ് എനിക്ക് അതിന്റെ ഗൗരവം വ്യക്തമായത്. അപ്പോള്‍ അനേകം ആത്മകഥകളില്‍ പഴയകാലത്തെ ബാല്യസ്മരണകള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടല്ലോ എന്നും പല പുസ്തകങ്ങളും ഇന്നു ലഭ്യമല്ലല്ലോ എന്നും ഞാന്‍ ഓര്‍മിച്ചു.
അവ ഇന്നത്തെ മലയാളലിപികളറിയാത്ത പുതിയ മലയാളിക്കുട്ടികള്‍ക്ക് എങ്ങനെ ലഭ്യമാക്കാം എന്നു ചിന്തിക്കുന്നതിനിടയ്ക്കാണ്ഓഡിയോബുക്‌സ് എന്നൊരു സംവിധാനം ഇന്റര്‍നെറ്റില്‍ സജീവമായുണ്ടെന്ന് ഞാനറിയുന്നത്. തുടര്‍ന്ന് ആ സംവിധാനത്തിലൂടെ മലയാളത്തിലെ ആത്മകഥകളിലുള്ള  ബാല്യകാലസ്മരണകള്‍ ലഭ്യമാക്കുന്ന ഒരു പ്രോജക്ട് നിത്യദര്‍ശനം എന്ന ഈ ബ്ലോഗിലൂടെ ഞാന്‍ അവതരിപ്പിച്ചിരുന്നു. നമ്മുടെ മുത്തശ്ശിമാരുടെയും മുത്തച്ഛന്മാരുടെയും ബാല്യകാല അനുഭവങ്ങള്‍ ഓഡിയോ സന്ദേശങ്ങളായി ലോകമെങ്ങും എത്തിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. ഇതിനിടെയാണ് മഹാനായ മാര്‍ ക്രിസോസ്റ്റത്തിന്റെ ബാല്യകാലസ്മരണകള്‍ പുസ്തകരൂപത്തില്‍ ഇറങ്ങുന്നതായറിഞ്ഞത് .
ഈ സാഹചര്യത്തിലാണ് മലയാളികള്‍ക്കെല്ലാം പൊതുവേ അപരിചിതനെങ്കിലും മലയാളത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്കിയിട്ടുള്ള  (AD 800 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലെ മലയാള ചരിത്ര/സാമൂഹ്യ/സാഹിത്യവിഷയങ്ങളെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിഏഷ്യാനെറ്റിലൂടെ പ്രസാരണം ചെയ്യപ്പെട്ട മലയാളഭാഷാ തരംഗങ്ങള്‍ മലയാളികള്‍ എക്കാലത്തും പഠിക്കേണ്ട മഹത്തായ ഒരു ചരിത്രാവിഷ്‌കാരമാണ്.) ഡോ. സി. എന്‍. നാരായണന്‍ നായര്‍ എന്ന മഹാത്മാവിന്റെ 'ബാല്യം ദീപ്തം - എന്റെ ഏറ്റുമാനൂര്‍  സ്മരണകള്‍' എന്ന ബാല്യകാലസ്മരണകള്‍ എന്റെ കൈകളിലെത്തിയിരിക്കുന്നത്.
 ഞാനും സ്ഥാപകാംഗമായിട്ടുള്ള ഏറ്റുമാനൂര്‍ കാവ്യവേദിയുടെ പതിനഞ്ചാം വാര്‍ഷികത്തില്‍ വച്ചാണ് ഡോ. സി. എന്‍. എന്‍. നായരെ കാണാനും അദ്ദേഹത്തിന്റെ 'ബാല്യം ദീപ്തം' എന്ന ഏറ്റുമാനൂര്‍ സ്മരണകള്‍ വാങ്ങാനും അവസരം കിട്ടിയത്. അദ്ദേഹം ബാല്യകൗമാരങ്ങള്‍ ചെലവഴിച്ച 1950-60 കാലത്തെ ഏറ്റുമാനൂരിന്റെയും അക്കാലത്തെ ഗ്രാമജീവിതത്തിന്റെയും തൂലികാചിത്രം ഇതില്‍ അതിസുന്ദരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. അതു വായിച്ചപ്പോള്‍ ഇദ്ദേഹത്തെപ്പോലെയുള്ളവരുടെ അനുഭവങ്ങള്‍ പുതിയതലമുറയിലേക്ക് എത്തിക്കേണ്ടതിന്റെ അനിവാര്യത എനിക്കു കൂടുതല്‍ ബോധ്യമായി.
അക്ഷരശ്ലോകങ്ങളുടെയും പുരാണേതിഹാസങ്ങളുടെയും കഥകളിയുടെയും കവിതകളുടെയുമെല്ലാം മുലപ്പാല്‍ കുടിച്ചുവളര്‍ന്ന ഡോ. നായര്‍ സ്വന്തം ബാല്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ആ കാലഘട്ടമാണ് നമ്മുടെ മുന്നിലെത്തുന്നത്. സഹപാഠികളും അധ്യാപകരും കുടുംബാംഗങ്ങളും അടങ്ങുന്ന അനേകരുടെ തൂലികാചിത്രങ്ങളും ഈ ഗ്രന്ഥത്തിലൂടെ നമ്മുടെ കണ്മുമ്പില്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ തെളിഞ്ഞുവരികയാണ്. അക്കാലത്തെ കളികളും ജീവിതരീതിയും കൃഷിരീതിയും സാമൂഹികജീവിതവും വിദ്യാഭ്യാസരീതിയും ശിക്ഷകളും ഒക്കെ സമഞ്ജസമായി ഇതില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അവ ആധുനിക മനശ്ശാസ്ത്രത്തിന്റെ പേരില്‍ വഷളാക്കപ്പെടുന്ന പുതിയതലമുറയ്ക്കും അവരെ വളര്‍ത്താന്‍ അറിയാതെപോയ ഒരു തലമുറയ്ക്കും വലിയ വിദ്യാഭ്യാസമേകുന്നതാണ്. പഠിച്ച കവിതകളില്‍നിന്നുള്ള സന്ദര്‍ഭോചിതമായ ഉദ്ധരണികള്‍ ധാരാളമുണ്ടെന്നത് ഈ പുസ്തകത്തിന്റെ ഒരു സവിശേഷതയായിത്തന്നെ പറയണം. 
N.B.
ബാല്യം ദീപ്തം എന്റെ ഏറ്റുമാനൂര്‍  സ്മരണകള്‍ വാങ്ങി വായിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 983397185
ഡോ. സി. എന്‍. എന്‍. നായര്‍  ഇന്ത്യയിലെ വാര്‍ത്താവിനിമയ ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി രചിച്ച The Story of Overseas Communications, Back to the Dots, The Story of Videshsanchar എന്നീ കൃതികളും  മലയാളഭാഷാ തരംഗങ്ങളും മറ്റ് അഞ്ച് ഗ്രാഫിക്കല്‍ പ്രസന്റേഷനുകളും ഇന്റര്‍നെറ്റിലുള്ള സാധ്യതകള്‍ വേണ്ടവിധം ഉപയോഗിച്ച് ലോകത്തെവിടെയുള്ള ജിജ്ഞാസുക്കള്‍ക്കും എത്തിക്കാന്‍ ശ്രമിക്കണം എന്ന് ഒരഭ്യര്‍ഥനയുണ്ട്

1 comment:

  1. യൗവനാരംഭത്തില്‍ത്തന്നെ ഒരു തൊഴിലിനുവേണ്ടി നാടുവിടാനും പടിപടിയായി ഉയര്‍ന്ന് അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടി ഔദ്യോഗികമായി വലിയൊരു പദവിയില്‍ എത്തിയശേഷം ജോലിയില്‍നിന്ന് വിരമിച്ചയാളാണ് ഡോ. സി. എന്‍. എന്‍. നായര്‍

    ReplyDelete