എന്റെ പേര് സജീവ്, അല്ല സങ്കല്പ് എമ്മാനുവല്‍.
ഇന്നലെ ഞാന്‍ പരിചയപ്പെട്ട ഒരു ടൂറിസ്റ്റ് ഗൈഡാണ് എന്റെ പേര് മാറ്റാന്‍
പ്രേരിപ്പിച്ചത്. ഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്‌സ്പീയറുടെ പ്രശസ്തമായ ചോദ്യം
ഉദ്ധരിച്ചു ഞാന്‍ പ്രതിരോധിക്കാന്‍ തുനിഞ്ഞപ്പോള്‍ അദ്ദേഹം 'മനശ്ശാസ്ത്രം
ജീവിതത്തില്‍' എന്ന പുസ്തകത്തില്‍ നിത്യചൈതന്യയതി തന്റെ ഒരനുഭവത്തിന്റെ
അടിസ്ഥാനത്തില്‍ പേരിന്റെ പ്രാധാന്യം വിശദീകരിച്ചിട്ടുണ്ടെന്നും പേരുമാറ്റത്തിലൂടെ
പലതും സാധിക്കും എന്നും വ്യക്തമാക്കി.
അദ്ദേഹത്തെ കാണാന്‍ എന്നോടു പറഞ്ഞയാള്‍ക്ക് അദ്ദേഹത്തിന്റെ
പേരറിയില്ലായിരുന്നു. ഭാരതം കാണാനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കേരളത്തിന്റെയും
ഇന്ത്യയുടെയും സാംസ്‌കാരികസവിശേഷതകള്‍ കാണിച്ചുകൊടുക്കുന്ന ഒരു ഗൈഡ് എന്ന നിലയില്‍
നല്ല വരുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. ആണ്ടില്‍ ആറുമാസവും അദ്ദേഹം
യാത്രകളിലായിരിക്കും. അതിനാല്‍ത്തന്നെ അദ്ദേഹം 'കാടാറ്' എന്നായിരുന്നു
അറിയപ്പെട്ടിരുന്നത്.
ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി: ''എനിക്കിപ്പോഴും അങ്ങയുടെ
പേരറിയില്ലല്ലോ, എന്നിട്ടും ഞാനിവിടെത്തന്നെ എത്തിയല്ലോ.''
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നാം തമ്മില്‍ കാണേണ്ടത് നമ്മുടെ
ഒരു നിയോഗമായതുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു മനസ്സിലാക്കണം. അതുകൊണ്ടാണ് നിന്റെ
പേര് മാറ്റേണ്ടതുണ്ട് എന്നു ഞാന്‍ പറയുന്നത്.''
ഞാനദ്ദേഹത്തെ ഓര്‍മിപ്പിച്ചു: ''അങ്ങയുടെ പേരു പറഞ്ഞില്ല.''
അദ്ദേഹം പറഞ്ഞു: ''എനിക്ക് ആയിരം പേരാണ്. 'സഹസ്രനാമന്‍' എന്നു
ചുരുക്കിപ്പറയാം. ഒത്തിരി കാര്യങ്ങളില്‍ ഒരു രാസത്വരകംപോലെ പ്രവര്‍ത്തിക്കാനാണ്
എന്റെ നിയോഗം. ഓരോ സന്ദര്‍ഭത്തിലും ഞാനെന്റെ പേരുമാറ്റും. ഇപ്പോഴത്തെ എന്റെ പേര്
പവനന്‍. നിന്നില്‍നിന്ന് നിന്റെ കഥയുടെ പരാഗങ്ങള്‍ ശേഖരിക്കുകയും എന്റെ കഥയുടെ
പരാഗങ്ങള്‍ വിതരണം ചെയ്യുകയുമാണ് നിന്നോടു ബന്ധപ്പെട്ട് എനിക്കു ചെയ്യാനുള്ളത്.
അതായത് നീ നിന്റെ കഥ എന്നോടു പറയുക. ഞാന്‍ എന്റെ കഥ നിന്നോടും പറയാം. ഞാന്‍ നിന്റെ
കഥ എഴുതാം. നീ എന്റെ കഥയും എഴുതുക. ഞാന്‍ കുറെ ഭാവനയും ചേര്‍ത്തായിരിക്കും നിന്റെ
കഥ എഴുതുന്നത്. നീ എന്റെ കഥയും അങ്ങനെതന്നെ എഴുതണം. ഞാനെഴുതുന്നത് വായിച്ചു
തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ നിനക്കും നീയെഴുതുന്നത് വായിച്ചു തിരുത്തലുകള്‍
നിര്‍ദേശിക്കാന്‍ എനിക്കും അവകാശമുണ്ടാവും. ആ തിരുത്തലുകള്‍ സ്വീകരിക്കണോ എന്നു
തീരുമാനിക്കാന്‍ എഴുതുന്നയാള്‍ക്കേ അവകാശമുണ്ടാവൂ.''
അദ്ദേഹം കറുത്തുമെല്ലിച്ച ശരീരപ്രകൃതിയുള്ള
ആളായിരുന്നെങ്കിലും ആ മുഖത്ത് എല്ലായ്‌പ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു.
കറുകറുത്ത താടിമീശകള്‍ക്കിടയിലൂടെ അഷ്ടമിരാത്രിയിലെ ചന്ദ്രോദയംപോലെ ആ പുഞ്ചിരി
എപ്പോഴും തിളങ്ങിനിന്നിരുന്നു. അതൊന്നു കണ്ടാല്‍ത്തന്നെ മിക്ക സന്ദര്‍ശകര്‍ക്കും
മനസ്സ് ശാന്തമാകും എന്നു കേട്ടറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ കാണാന്‍
ഞാന്‍ പോയത്. ഇടുക്കിജില്ലയില്‍ ഒരു മലമുകളിലുള്ള ഒരു നെല്ലിമരത്തണലില്‍ ആയിരുന്നു
അദ്ദേഹം ജീവിച്ചിരുന്നത്. മരത്തിനടിയില്‍ മഴയോ വെയിലോ ഏല്ക്കില്ലാത്തവിധം
തെങ്ങോലകള്‍ മെടഞ്ഞുണ്ടാക്കിയ ഒരു കുടിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ
ഇരിപ്പും കിടപ്പുമെല്ലാം മരച്ചുവട്ടില്‍ ഒരു തഴപ്പായില്‍ ആയിരുന്നു.
അദ്ദേഹം എന്നോടു പറഞ്ഞു:
''സജീവിനെ ഞാന്‍ സങ്കല്പ് എന്നു വിളിക്കുന്നത് സജീവ് യഥാര്‍ഥ
സജീവാകാന്‍ ഇപ്പോള്‍ ഏറ്റവും ആവശ്യം സങ്കല്പങ്ങളാണ് എന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ
എനിക്കു മനസ്സിലായതിനാലാണ്. മനോരോഗിയെന്നു വിളിച്ച് മയക്കുമരുന്നുകള്‍ നല്കി
സജീവിനെ നിര്‍ജീവനാക്കിയ മനശ്ശാസ്ത്ര-അജ്ഞന്മാര്‍ക്കെതിരെ എനിക്ക് ഒരായുധം
പ്രയോഗിക്കാനുണ്ട്. അതൊരു മനഷ്യബോംബാണ്. ആ മനുഷ്യബോംബോകാന്‍ സജീവ് സങ്കല്പാകണം.
ഭയപ്പെടേണ്ട, സജീവിനെ ഒരു ചാവേറൊന്നുമാക്കാന്‍ ഞാന്‍ കരുതുന്നില്ല.
ഒരു മനശ്ശാസ്ത്ര-അജ്ഞനെയും കൊല്ലാനും ഞാനുദ്ദേശിക്കുന്നില്ല. സജീവിനെ കണ്ട
നിമിഷത്തില്‍ എന്റെ ഉള്ളില്‍നിന്ന് ഒരു സ്വരം ഉയര്‍ന്നിരുന്നു. വികല്പങ്ങള്‍
നിറഞ്ഞ ഈ ലോകത്തില്‍ സങ്കല്പവും സംഗീതവുംകൊണ്ട് സജീവിന്റെ സ്വധര്‍മം കണ്ടെത്താനും
ജീവിതാനന്ദമാസ്വദിച്ച് ജീവിക്കാനും സഹായിക്കുക. അതിനാലാണ് സജീവിന്റെ പേര് സങ്കല്‌പെന്നുമാറ്റാന്‍
ഞാന്‍ പറഞ്ഞത്. ഈ പേരുമാറ്റം കുറെക്കാലത്തേക്ക് മതി.
സങ്കല്പ് ചെയ്യേണ്ടത് ഇത്രമാത്രം. എന്റെ കൗമാരകാലഅനുഭവങ്ങള്‍
പകര്‍ത്തിയിട്ടുള്ള കുറെ ബുക്കുകള്‍ ഞാന്‍തരും. അതില്‍ ഇവിടെ ഇപ്പോള്‍ സജീവ്
കാണുന്ന എന്നെ കാണാന്‍ സാധിക്കില്ല. എന്നാല്‍ കൗമാരകാലത്തെ സജീവിനെത്തന്നെ സജീവിന്
ആ കുറിപ്പുകളില്‍ കാണാന്‍ കഴിയും. ആ ഞാനെങ്ങനെ ഈ ഞാനായി എന്നു സങ്ക്‌ല്പിക്കുകമാത്രമാണ്
സജീവ്,
അല്ല സങ്കല്പ്, ചെയ്യേണ്ടത്. ആ സങ്കല്പം പകര്‍ത്തുന്നതിലൂടെ
സങ്കല്പിന് ഈ എന്നെപ്പോലെ ആകാന്‍ കഴിയും. അതിനുശേഷം സജീവായിക്കോളൂ. ദൈവം
നമ്മോടുകൂടെ എന്ന് അനുഭവിച്ചറിഞ്ഞ് സജീവ് എമ്മാനുവേല്‍തന്നെ ആയി ജീവിച്ചോളൂ.''
No comments:
Post a Comment