Total Pageviews

Saturday 24 December 2016

യേശുദര്‍ശനം

ക്രിസ്മസ് നമുക്കൊക്കെയാഹ്ലാദവേളയാ-
ണോര്‍മിച്ചിടുന്നീല നമ്മളാരും : മേരി,
ജോസഫുമന്നെത്ര വേദനിച്ചെന്നതും
ഉണ്ണി പാലിന്നു പുല്‍ത്തൊട്ടിയില്‍ കേണതും!
യേശു - ഓര്‍മിക്കണം നമ്മള്‍; മനുഷ്യന്റെ
ദുഃഖങ്ങളൊക്കെയും സ്വാംശീകരിച്ചവന്‍
മുപ്പതു വര്‍ഷങ്ങളജ്ഞാതനായ് ദുഃഖ-
മുക്തിക്കു മാര്‍ഗം തിരഞ്ഞവന്‍, മൂന്നാണ്ടു
സ്വപ്നങ്ങളൊക്കെയും പങ്കുവച്ചെങ്കിലും
കാല്‍വരിയില്‍ കുരിശേറേണ്ടിവന്നവന്‍!
സ്വപ്നങ്ങളില്‍ മുങ്ങി സ്വന്തമാം ജീവിതം
നഷ്ടപ്പെടുത്തീലയോ യേശു? ഹൃത്തിലി-
ന്നാഴ്ന്നിറങ്ങീടുന്നു ചോദ്യമൊ: ന്നുത്തരം
യേശുവിന്‍ വാക്കുകള്‍ക്കുള്ളിലുണ്ടാവുമോ?
''സ്‌നേഹിതര്‍ക്കായ് സ്വയം ജീവന്‍ വെടിഞ്ഞിടാന്‍
പോലും മടിക്കാത്ത സ്‌നേഹമായ്, ശിഷ്യരെ
കാല്‍ കഴുകിത്തുടച്ചേറ്റമുദാത്തമാം
സ്‌നേഹമെന്തെന്നു പഠിപ്പിച്ചിടുന്നു ഞാന്‍!
എന്‍ ശിഷ്യരെ സ്‌നേഹമൊന്നിനാല്‍ വേണമീ
ലോകം തിരിച്ചറിഞ്ഞീടുവാന്‍; നിങ്ങളെ
ദ്രോഹിച്ചിടുന്നവരോടും ക്ഷമിക്കുവാന്‍
ആവണം; രണ്ടുള്ളവര്‍ ഒന്നു നല്കുന്ന
പങ്കിടല്‍ഭാവമാം സ്‌നേഹം വിടര്‍ത്തണം!
രണ്ടുപേരൊത്തുചേരുന്നിടത്തുണ്ടു ഞാന്‍!!
''സ്വാര്‍ഥമാം ജീവിതവ്യഗ്രതയില്‍ സ്വന്ത-
ജീവിതം നഷ്ടമായീടുമെന്നും ത്യാഗ-
ജീവിതം സാര്‍ഥകമാകുമെന്നും അറി-
ഞ്ഞേകുവിനര്‍ഹിപ്പവര്‍ക്കായി സര്‍വതും!
തേടൂ പരന്‍തന്‍ ഹിതം; വേണ്ടതൊക്കെയും
നിങ്ങള്‍ക്കു ലഭ്യമാകും; ഹൃദന്തത്തിലാം
സ്വര്‍ഗ; മിങ്ങാധികള്‍ വിട്ടയല്‍ക്കാരനെ
സ്വന്തമാത്മാവിന്റെയംശമായ് കണ്ടറി-
ഞ്ഞാര്‍ദ്രമായ് സ്‌നേഹിക്കുവിന്‍; ഹൃത്തില്‍ നിങ്ങളോ
കുഞ്ഞുങ്ങളാവുകില്‍ സ്വര്‍ഗരാജ്യം വരും!
യേശു തന്‍ ജീവിതം മാംസമായ് മാറ്റിയാം
ജീവിച്ച;താ ജീവിതം നമുക്കായ് പങ്കു-
വയ്ക്കുവാനാണു ക്രൂശില്‍ മരിച്ച;താ
ജീവചൈതന്യമുള്‍ക്കൊണ്ടു വീണ്ടും ജനി-
ച്ചെത്രയോ പേര്‍ക്കര്‍ഥപൂര്‍ണമായ് ജീവിതം?
യേശു കൃതാര്‍ഥതയ്ക്കുള്ള പര്യായമോ?
യേശുവിന്‍ സന്ദേശമുള്‍ക്കൊണ്ടതിന്‍ പൊരുള്‍
ഹൃത്തിലെ പുല്‍ക്കൂട്ടിലായ് പിറന്നീടുകില്‍
സ്വന്തമാത്മാവിന്റെ ദര്‍പ്പണത്തില്‍ സ്വര്‍ഗ!-
മെല്ലാമടങ്ങുന്ന സത്തയാം ഞാനെന്നു-
മൊന്നുമില്ലന്യമായെന്നും നിരന്തരം
ജ്ഞാനം വിടര്‍ന്നിടില്‍ നിത്യവും ക്രിസ്തുമസ്!!


(വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനെഴുതി അസ്സീസി മാസികയില്‍ പ്രസിദ്ധീകരിച്ചത്)
N.B.
ഇപ്പോഴത്തെ എന്റെ  ദർശനമറിയാൻ
http://almayasabdam.blogspot.in/2016/12/blog-post_25.html

No comments:

Post a Comment