Total Pageviews

Saturday, 21 March 2015

അയല്‍പക്കത്തായം

ശ്രീനാരായണഗുരുവിനോട് ചിലര്‍ ചോദിച്ചു: മക്കത്തായമാണോ മരുമക്കത്തായമാണോ നല്ലത്? അദ്ദേഹം മറുപടി പറഞ്ഞു: രണ്ടുമില്ലെങ്കിലും കുഴപ്പമില്ല. അയല്‍പക്കത്തായം   ഉണ്ടായാല്‍ മതി.ക്രാന്തദര്‍ശിയായ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടനുസരിച്ചു ലോകം മുന്നേറുന്നത്  സൂക്ഷ്മദൃഷ്ടികള്‍ ആയ ആര്‍ക്കും കാണാന്‍ കഴിയും. ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്കും സേവാഗ്രാമും വിസിബും കുടുംബശ്രീയും ജനശ്രീയും  ഒക്കെ വീട്ടമ്മമാരുടെ കൂട്ടായ്മകളായി   തുടങ്ങിവച്ച ഈ ദിശയിലുള്ള   നീക്കങ്ങള്‍ ജനാധിപത്യത്തിനുതന്നെ നവചൈതന്യം പകരാന്‍ പോന്നതാണ്.
 
നാം ചിന്തിച്ച് നടപ്പിലാക്കേണ്ട ഒരാശയമാണ് താഴെ:

ജനാധികാരമാര്‍ഗം
ജോസാന്റണി

അയലുകള്‍ തമ്മില്‍ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികള്‍ വരണ,മവര്‍ ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിന്‍ പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍.

അവരുടെ പാര്‍ട്ടിക്കാര്‍ പറയുന്നതു
മവരു പറഞ്ഞീടേണ്ടിനി; സ്വയമേ
അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ, മപ്പോളവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.

ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടു, മറിയൂ!

 
 

Wednesday, 18 March 2015

പ്ലാശനാല് ഗവ. എല്. പി. സ്കൂൾ ജന്മശതാബ്ദി

നാം എത്ര ഉയരത്തിലെത്തിയാലും ആദ്യാക്ഷരങ്ങള്‍ പഠിച്ച സ്‌കൂളും പഠിപ്പിച്ച അധ്യാപകരും കൂടെ പഠിച്ച കൂട്ടുകാരും ഓര്‍മയില്‍ പുളകമുണര്‍ത്താതിരിക്കില്ല. ഞാന്‍ ഒന്നു മുതല്‍ നാലുവരെ പഠിച്ചത് പ്ലാശനാല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ ആയിരുന്നു. അന്ന് എന്നോടൊപ്പം ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്നവരില്‍ വളരെ കുറച്ചു പേരേ ഇപ്പോള്‍ നാട്ടിലുള്ളൂ. പൂര്‍വവിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും അകലങ്ങളില്‍ എങ്ങൊക്കെയാണ് ജീവിക്കുന്നതെന്ന് അറിയില്ല. അവര്‍ ഓരോരുത്തരെയും അഭിമാനപുളകിതരാകാന്‍ പോന്നതാണ് സ്‌കൂളിന്റെ ഇപ്പോഴത്തെ അവസ്ഥ. കോട്ടയം ജില്ലയിലെ ഗവ. എല്‍. പി. സ്‌കൂളുകളില്‍ മുന്‍പന്തിയിലുള്ള ഈ സ്‌കൂളിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. പൂര്‍വവിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്‌കൂളിന്റെ ശതാബ്ദി സ്മരണകള്‍ നിലനിര്‍ത്തുവാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ പങ്കാളികളാകാന്‍ ഓരോരുത്തരും ഫേസ്ബുക്കിലെ സ്‌കൂളിന്റെ പേജും ഈ വര്‍ഷംതന്നെ സകൂളും സന്ദര്‍ശിക്കുന്നത് നന്നായിരിക്കും.