Total Pageviews

Thursday, 10 July 2025

ഗുരു നിത്യയുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍

ജോസാന്റണി, 'അന്നധന്യത'

ഗുരു നിത്യചൈതന്യതി എനിക്കയച്ച കത്തുകളില്‍ ഏറ്റവും അവസാനത്തേതില്‍ ഇങ്ങനെ എഴുതിയിരുന്നു:
''പൂജ്യനടരാജഗുരുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുക എന്നു പറഞ്ഞാല്‍ ശോഭയാത്ര നടത്തണമെന്നോ ആനയെ എഴുന്നെള്ളിക്കണമെന്നോ അല്ല,  ഗുരു ചെയ്യുമായിരുന്നതു ചെയ്യാന്‍ നാം നമ്മെ പ്രചോദിപ്പിക്കുക, ഒരുക്കുക, സ്വപ്നങ്ങളെ സത്യവത്കരിക്കുക എന്നൊക്കെയാണ് അര്‍ഥം. 
ഇതിലെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക.
        സ്‌നേഹത്തോടെ, നന്മനേര്‍ന്നുകൊണ്ട്,
                        നിത്യചൈതന്യയതി''
വ്യക്തികളുടെ ജീവിതത്തില്‍ പോസിറ്റീവായ പരിവര്‍ത്തനം ഉളവാക്കുന്നതിലൂടെ സമൂഹത്തിലും  പരിവര്‍ത്തനം ഉളവാക്കാനാവും എന്നു കരുതിയിരുന്ന വ്യക്തിയായിരുന്നു ഗുരു നിത്യചൈതന്യയതി. ഗുരു നിത്യയുടെ ജന്മശതാബ്ദി നാം ആഘോഷിക്കേണ്ടത് അദ്ദേഹം നടരാജഗുരുവിന്റെ ജന്മശതാബ്ദി ആഘോഷിച്ച അതേ ചൈതന്യത്തോടെ ആയിരിക്കണം എന്നു ഞാന്‍ കരുതുന്നു. അതിനായി അദ്ദേഹം തന്റെ 'ജാതി രാഷ്ട്രീയം സമൂഹം' എന്ന പുസ്തകത്തിലെ സര്‍വകാല പ്രസക്തമായ ലേഖനങ്ങളിലൂടെ ആവിഷ്‌കരിച്ച കുറെ കാര്യങ്ങള്‍, ഗുരുവിനു പ്രിയപ്പെട്ടവരുടെ സജീവമായ ശ്രദ്ധയില്‍   കൊണ്ടുവരുന്നതിനായാണ് ഈ പംക്തി. 

'വേറൊരു ചാതുര്‍വര്‍ണ്യം' എന്ന ലേഖനത്തില്‍നിന്ന്

''സമത്വം, സാഹോദര്യം സ്വാതന്ത്യം എന്നത് ഒരു പഴയ മുദ്രാവാക്യമാണ്. എല്ലാ മനുഷ്യരും സമന്മാരാണെന്നും അതുകൊണ്ട് അവര്‍ക്ക് ലഭിക്കുന്ന അവസരവും അവകാശവും തുല്യമായിരിക്കണം എന്നും ആണ് ജനധിപത്യത്തിന്റേതായാലും സോഷ്യലിസത്തിന്റേതായാലും മുഖ്യമായ കാഴ്ചപ്പാട്. ഒരാള്‍ക്കും വേറൊരാളെക്കാള്‍ മോശക്കാരനാകാന്‍ ഇഷ്ടമില്ല. എല്ലാവരും സമന്മാരാണെന്നു സമര്‍ഥിക്കാന്‍ വ്യഗ്രതപ്പെടുന്നവനായാലും അയാള്‍ വേറൊരാളെക്കാള്‍ മെച്ചപ്പെട്ടവനാണെന്നോ ശ്രേഷ്ഠനാണെന്നോ ഉയര്‍ന്നവനാണെന്നോ ആരെഹ്കിലും ശ്ലാഘിച്ചാല്‍ അതില്‍ പ്രതിഷേധിക്കില്ല. സാമൂഹികമായ സമത്വത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേറെയും മുദ്രാവാക്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ''ഓരോരുത്തരും അവരവര്‍ക്കുവേണ്ടി എല്ലാവരും എല്ലാവര്‍ക്കും വേണ്ടി'' എന്നതാണ്. അതിനെ കുറെക്കൂടി കാരുണ്യം കലര്‍ത്തി വേറൊരാള്‍ പറയുന്നു: ''ഓരോരുത്തരും അവരവരെക്കൊണ്ടു കഴിയുന്നത്ര. ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യമനുസരിച്ച്'' പിന്നെ ഒരു മുദ്രാവാക്യം ''എല്ലാവരും ഓരോരുത്തര്‍ക്കുവേണ്ടിയും ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടിയും''.
ഇങ്ങനെ എത്ര നല്ല ചിന്തകള്‍ മുന്നിലിരുന്നാലും പ്രകൃതിദത്തമായ ചില മാനസികഭാവങ്ങള്‍ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ശക്തമായി വരുന്നതുകൊണ്ട് 'ഏട്ടിലപ്പടി, പയറ്റിലിപ്പടി' എന്ന രീതിയിലേ ജീവിക്കാന്‍ കഴിയുന്നുള്ളൂ. 
ഞാന്‍ ഒരിക്കല്‍ സോഷ്യലിസ്റ്റ് ജീവിതത്തിന്റെ അനന്യ സാധാരണമായ മാതൃക കാണിച്ചുകൊടുക്കാന്‍ പ്രതിജ്ഞാബദ്ധരായിട്ടുള്ള ആളുകളുടെ ഒരു രാജ്യത്തുപോയി. അവരുടെ ഒരു തീന്‍മുറിയില്‍ 200 ആളുകള്‍ക്കിരുന്ന് ആഹാരം കഴിക്കാം. ഒരു മേശയുടെ ചുറ്റും പത്തു കസേരവീതം ഇട്ടിട്ടുണ്ട്. ഈരണ്ടു മേശകളില്‍ ആഹാരം വിളമ്പിക്കൊടുക്കാന്‍ ഓരോ  സ്ത്രീയേയും പുരുഷനേയുംനിയുക്തരാക്കിയിരുന്നു. അങ്ങനെയുള്ള നാലു മേശകളില്‍ ആഹാരം എത്തിച്ചുകൊടുക്കുന്നത് ഭദ്രമായിട്ടാണോ എന്നു ശ്രദ്ധിക്കാന്‍ ഓരോ സൂപ്പര്‍വൈസര്‍വീതമുണ്ട്. 
ആ അഞ്ച് സൂപ്പര്‍വൈസര്‍മാരും അവരുടെ പ്രവൃത്തി കൃത്യമായി ചെയ്യുന്നുണ്ടോ എന്നു നോക്കാന്‍ കുറച്ചൊരു ഉയര്‍ന്നപീഠത്തില്‍ ഒരു ഓവര്‍സീയര്‍ നില്പുണ്ട്. തീന്‍മുറിയുടെ വാതിലിനടുത്ത് സ്റ്റുവേര്‍ഡുണ്ട്. സ്റ്റുവേര്‍ഡിന്റെ നോട്ടത്തെ ഭയന്നാണ് ഓവര്‍സീയര്‍ നില്ക്കുന്നത്. അയാള്‍ കുറ്റം പറയുമോ എന്ന് സൂപ്പര്‍വൈസര്‍മാര്‍ ഭയപ്പെടുന്നു. അവരെ ഭയന്നാണ് ഓരോ മേശമേലും വിഭവങ്ങളെത്തിക്കുന്ന വിളമ്പുകാര്‍ കഴിയുന്നത്. ശരിക്കും ഒരുമാതിരി ചാതുര്‍വര്‍ണ്യം അവിടെ കാണാം. ആ രാജ്യത്തുള്ളവര്‍ക്ക് നല്കിയിരിക്കുന്ന വാഹനസൗകര്യവും ഇങ്ങനെതന്നെ. വി.ഐ. പി.കള്‍ക്ക് കാറുകള്‍, സാധാരണ സ്റ്റാഫിന് ബസ്സുകള്‍, കൊച്ചു യൂണിറ്റിലുള്ളവര്‍ക്ക് സൈക്കിളുകള്‍. ഇതെല്ലാം ആദ്യത്തെ മൂന്നു  വര്‍ണത്തിനു ചേരുന്നമാതിരിയാണ്. സാധാരണക്കാരന് നടരാജസര്‍വീസ്.


സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യപദവി വേണമെന്നും കൊടുക്കണമെന്നും പറയാന്‍ ആര്‍ക്കും സങ്കോചമില്ല. അതിനുള്ള ഒരു മുഖ്യ ഉപായമായി വ്യവസ്ഥചെയ്തിരിക്കുന്നതാണ് അവസരസമത്വം. 'അവസരം' എന്തിനുവേണ്ടിയാണ് എന്നു ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും അവരുടെ കഴിവ് അധികൃതരെ ബോധ്യപ്പെടുത്തിക്കൊടുക്കാനാണ്. 
ഈ വ്യവസ്ഥയിലാണ് ഏറ്റവും മാനുഷികമായ സഹാനുഭൂതിയും ഏറ്റവും ക്രൂരമായ സാമൂഹികവിവേചനവും ഒന്നിച്ച് സംഭവിക്കുന്നത്.  യോഗ്യത തെളിയിക്കാന്‍ അകത്തേക്കു കടത്തിവിടുന്ന വാതിലിന്റെ കാരുണ്യം പരീക്ഷണം കഴിഞ്ഞ് പുറത്തേക്കുവിടുന്ന വാതിലിനില്ല. ആണായാലും പെണ്ണായാലും ആര്‍ക്കുവേണമെങ്കിലും അകത്തേക്കുവന്ന് കഴിവു പ്രദര്‍ശിപ്പിക്കാം. കഴിവു പ്രദര്‍ശിപ്പിക്കുന്നതിനിടയ്ക്ക് കഴിവളന്നുനോക്കുന്ന യന്ത്രത്തിന്റെ പല്‍ച്ചക്രങ്ങളില്‍ കുടുങ്ങി ചതഞ്ഞ് മിക്കവരും പരാജിതരായി പുറംതള്ളപ്പെടും. തുല്യ അവസരം കൊടുത്തോ? എന്നു ചോദിച്ചാല്‍ ധാരാളം കൊടുത്തു. അതു പ്രയോജനപ്പെട്ടോ? എന്നു ചോദിച്ചാല്‍ പിന്നെ ആ രാജ്യത്ത് ശപ്തനും നികൃഷ്ടനും നിരാകരിക്കപ്പെട്ടവനും ആകാനുള്ള അവസരം അനുവദിച്ചുകിട്ടിയിരിക്കുന്നു എന്ന ദുഃഖസത്യമാണ് ശേഷിക്കുന്നത്. ചില രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്ന വ്യവസ്ഥ കാണുമ്പോള്‍ അവിടെ വന്ന് ജനിക്കാതിരിക്കാന്‍ തേങ്ങഉടയ്ക്കുകയോ മെഴുകുതിരി കത്തിച്ചുവയ്ക്കുകയോ ഒക്കെ ചെയ്യണമെന്നു തോന്നും. 
രാജ്യം ഭരിക്കുന്നത് ലവിയാത്താന്‍ എന്ന ഭീകരയന്ത്രമാണ്. ആ യന്ത്രമനുഷ്യന്‍ ഒരു വലിയ കണക്കുപുസ്തകത്തിന്റെ മുമ്പിലാണിരിക്കുന്നത്. അടുത്ത ഇരുപതു വര്‍ഷത്തേക്ക് രാജ്യത്ത് എത്ര ഡോക്ടര്‍മാര്‍ വേണം, നഴ്‌സുമാര്‍ വേണം, ടെക്‌നീഷ്യന്‍സ് വേണം, എന്‍ജിനീയര്‍മാര്‍ വേണം ഇങ്ങനെ എല്ലാറ്റിന്റെയും കണക്കുകള്‍ക്കനുസരിച്ചു മാത്രമേ, ഈ വകുപ്പില്‍പ്പെടുന്നവരെയൊക്കെ ഉത്പാദിപ്പിക്കുന്ന മെഡിക്കല്‍കോളേജ്, എന്‍ജിനീയറിങ് കോളേജ്, പോളിടെക്‌നിക് ഇന്‍സ്റ്റിട്യൂട്ട് മുതലായ കേന്ദ്രങ്ങളില്‍ക്കൂടി അത്രയും ആളുകളെ മാത്രമേ, അകത്തേക്ക് കടത്തിവിടുകയുള്ളൂ. അവിടെ തിക്കും തിരക്കും വരാതിരിക്കാന്‍ ഏഴാം തരം വരെ പഠിച്ചവരെ തുല്യ അവസരത്തിന്റെ ഗേറ്റില്‍ക്കൂടി കടത്തിവിടും. അവിടെനിന്ന് 70 ശതമാനത്തിനെ തൂപ്പുകാരനോ മരംമുറിക്കുന്നവനോ റോഡുവേലക്കാരനോ ഒക്കെ ആക്കാനുള്ള വഴിയിലേക്കു കടത്തിവിടുകയാണ് ഒന്നാമത്തെ വിദ്യാഭ്യാസനയം. 
പന്ത്രണ്ടാംതരത്തിലെത്തുമ്പോള്‍ പിന്നെയും ഒരു തുല്യ അവസരഗേറ്റിലേക്ക് കടത്തിവിടും. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്തിന്റെ ഭദ്രതയിരിക്കുന്നത് വ്യക്തികളുടെ കഴിവുകളിലുള്ള ഏറ്റക്കുറച്ചിലുകളിലാണ്. ഏറ്റവും കഴിവില്ലാത്തനാണ് സമൂഹത്തിന്റെ അടിസ്ഥാനം. കഴിവിന്റെ മാനദണ്ഡം വളരെ വഴുവഴുപ്പുള്ളതാണ്. ഇങ്ങനെയുള്ള ഒരു സാമൂഹ്യ ചരിത്രപശ്ചാത്തലം നമ്മുടെ മുമ്പില്‍ വച്ചുകൊണ്ടു വേണം സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന ആദര്‍ശം ഏതു സാക്ഷാത്കരിക്കപ്പെടും എന്ന് പരിശോധിച്ചുനോക്കേണ്ടത്. 
ഇവിടെ പറയുന്ന ചാതുര്‍വര്‍ണ്യത്തിലെ ഒന്നാമത്തെ ഇനം യാഥാര്‍ഥ്യത്തിന്റെ വെല്ലുവിളിയെ പൂര്‍ണമനസ്സോടെയും പൂര്‍ണശക്തിയോടെയും സ്വീകരിക്കുന്ന വ്യവഹാരിയുടേതാണ്.