വൈദ്യപഥത്തില്‍ നിയോഗം പോലാ-
ണെത്തിയതെന്നറിയുന്നു, ഞാനും
നിത്യന് ചൂണ്ടിക്കാട്ടിയ വഴികളി-
ലൊത്തിരി നാളായലയുന്നവനാം
പദ്യം വൈദ്യവുമൊരുപോല്‍ പഥ്യം!
വൈദ്യവിശാരദ, ശാഫീ, മൗലിക
വാദി നിനക്കെഴുതുന്നവനിവനും
മൗലികവാദം വെടിയരുതെന്നാം
കരുതീടുന്നതു , പക്ഷേ ഞാനൊരു
ക്രൈസ്തവ മൗലികവാദി, യതില്‍പ്പര-
മെല്ലാം കേള്‍ക്കാന്‍ ചെവിയുള്ളവനും.
ഗണപതി ഗുരുവിന് മാതൃകയെന്നാം
ഗുരുവാം നിത്യന് ചൊന്നതു, ഞാനെന്‍
കരളിലതിന്‍പൊരുളറിയുന്നതിനാല്‍
ചെവിയും മൂക്കും വലുതാക്കീടാന്‍
കഴിയും മര്ത്യനുമെന്നരിയുന്നോന്
തുമ്പിക്കൈ മൂക്കെന്നറിയുന്നോന്‍!
മൂക്കു മൃഗത്തിനു ഭക്ഷ്യ,മഭക്ഷ്യവു-
മെന്തെന്നറിയാനുള്ള വിവേകം
വാസനയായറിയിച്ചിടുമവയവ,-
മതുതാനിങ്ങു നമുക്കു വിവേകം!
ഇതുപോലറിവുകള്‍ രൂപങ്ങളിലും
കഥകളിലും ചേര്‍ത്തരുളീടുന്നോരു
പാരമ്പര്യം സകലമതങ്ങളു-
മുള്‍ക്കൊള്ളാറുണ്ടെന്നറിവൂ ഞാന്‍!
ഇസ്ലാം പക്ഷേ, ദൈവശതങ്ങടെ
പേരില്‍ മാനുഷര്‍ തമ്മിലടിക്കവെ
ജന്മമെടുത്തൊരു മതമാം, പരമം
പൊരുളൊന്നെന്നരുളാനതു വന്നൂ.
അതു സത്യം; ഞാനതിനോടൊപ്പം
പൊരുളുകള്‍ പലതുണ്ടെന്നും കാണ്മൂ.
പരമം പൊരുളിലടങ്ങീടും പൊരു-
ളഖിലവുമെന്നുമറിഞ്ഞീടുന്നൂ.
അതിനാല്‍ ദൈവികമെല്ലാ സത്യവു-
മെന്നറിയുന്നൂ ഞാ,നെന് ക്രൈസ്തവ-
വിശ്വാസത്തിന് മൗലികതത്ത്വം:
ദൈവം താതന്; നാം സോദരരാം!
ഇതിനോടിസ്ലാം യോജിക്കില്ലേ?
ഇതു വേദാന്തവുമരുളുവതല്ലേ?
ആണെന്നാണറിയുന്നതു ഞാന്‍, നാം
സോദരരറിവിവയങ്ങിങ്ങുള്‍ക്കൊ-
ണ്ടാവും വിധമീ ലോകം നിറയും
രോഗങ്ങള്ക്കെതിരായ്പ്പൊരുതേണ്
രോഗം പല വിധ,മെല്ലാം വേരൊടെ
പിഴുതെറിയേണം, കൊമ്പുകള്‍ വെട്ടി-
യെറിഞ്ഞാലായിരമുളവാകും നാം
വേരുകള്‍ തേടുക വേരു മുറിക്കുക!
നാമും മരമാം നമ്മുടെ ജീവന്
നമ്മുടെ വേരില്‍, നമ്മുടെ വേരോ
മൗലികസത്യശതങ്ങളെയെല്ലാം
ചേര്‍ത്തരുളും സ്നേഹാര്‍ദ്രതയല്ലോ!
അതിനാല്‍ നമ്മുടെ വേരുകള്‍ നമ്മള്
അരിയരു,തവയാല്‍ മണ്ണിലുറച്ചേ
നിന്നിടണം, നാം തിന്മകള്‍തന്‍ വേ-
രരിയാനൊരുമിച്ചൊരു വാളാകാം!
മറുപടി നൽകുകകൈമാറുക |