Total Pageviews

Saturday, 13 August 2022

ആശാന്റെ ഈശ്വരസങ്കല്പം

           നിത്യചൈതന്യയതി


ഒരിക്കല്‍ നടരാജഗുരു ഇസ്ലാമിലെ ദൈവസങ്കല്പത്തെപറ്റി പറയാന്‍ തുടങ്ങിയപ്പോള്‍ ആദ്യമായെഴുതിയതു Allah the............... absolute എന്നാണ്.  അള്ളാ എന്നു വിചാരിച്ചപ്പോള്‍ത്തന്നെ ഗുരുവിന്റെ മനസ്സില്‍ വന്നുനിറഞ്ഞതു ഓമനിക്കേണ്ടുന്നതായ പരംപൊരുളിനെപ്പറ്റിയുള്ള സങ്കല്പമാണ്.  ഏറ്റവും വലിയ വാല്‍സല്യം മനസ്സില്‍ വരുമ്പോള്‍ അതിന്റെ ഗുരുലഘുത്വം ഒന്നും ഓര്‍ക്കാതെ തന്നെ ഓമനത്തം അനുഭവപ്പെടും.  ഈശ്വരന്‍ എന്ന വിചാരം വന്നപ്പോള്‍.

            ''ഓമല്‍പ്രഭാത രുചിയെങ്ങുമുയര്‍ന്നു നീല-

            വ്യോമസ്ഥലം സ്വയമെരിഞ്ഞെഴുമര്‍ക്കബിംബം

            ശ്രീമദ്ധരിത്രിയിവയെപ്പണി ചെയ്ത കയ്യിന്‍

            കേമത്തമോര്‍ത്തിവനു നീര്‍ കവിയുന്നു കണ്ണില്‍''

            ഇവിടെ കവി തത്ത്വചിന്തകനെേപ്പാലെ സംസാരിക്കുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാവനയില്‍ നിറഞ്ഞു നില്ക്കുന്നത് ഒരാരാധകന്റെ വൈകാരികതയാണ്. ഓരോ വാക്കും വേറൊരു വാക്കിനോടിണങ്ങിപ്പോരുന്നത് ശബ്ദസൗന്ദര്യത്തിന്റെ ഒരു പ്രവാഹം പോലെയാണ്.

            പ്രഭാതത്തെപറ്റി പറയുന്നതിന് മുമ്പ് തന്നെ അതിന്റെ ഓമനത്തം മനസ്സില്‍ വന്നുപോയി.  കവി ആദ്യം തന്നെ ആസ്വാദകനായി മാറുന്നു - രുചിച്ചു നോക്കുകയാണ്, എങ്ങും നിറഞ്ഞുനില്ക്കുന്ന പരമാര്‍ഥത്തെയാണ് പ്രമേയമാക്കുന്നതെങ്കിലും മനസ്സ് ഉദാത്തമായിത്തീരുന്നതുകൊണ്ട് മനസ്സിന്റെ ഉദ്ഗാനത്തെപ്പറ്റി പറയാതിരിക്കാന്‍ വയ്യ. അതുകൊണ്ട് എങ്ങുമുയര്‍ന്നു എന്ന പ്രയോഗം സഹജമായിത്തന്നെ വരുന്നു. വെള്ളത്തിന് നിറമില്ല. എന്നാല്‍ ആഴമുണ്ടാകുമ്പോള്‍ ആഴം തന്നെ നീലിമയായി നിറയുന്നു. അതാണ് നീല വ്യോമസ്ഥലം.  പ്രഭാതത്തെ രുചിച്ചുനോക്കുന്നതിനുമുമ്പുതന്നെ അതില്‍ ഓമനത്തം രുചിയുടെ മുന്നോടിയായി വന്നുപോയി.  ഈശ്വരന്‍ അപ്രമേയനാണെങ്കിലും പ്രഭ (വെളിച്ചം) പ്രമേയമായി വരും. പ്രഭാതരുചി വിതരണം ചെയ്യുന്ന അര്‍ക്കബിംബത്തെപ്പറ്റി ഓര്‍ത്തപ്പോഴാണ് അതിന് നിയതമായ ഒരു സ്ഥാനം കൊടുക്കണമെന്നു തോന്നിയത്.  ഉഷസ്സന്ധ്യ ഒരു പകലിന്റെ വാതായനം തുറക്കുന്ന സമയമാണ്. ജീവികള്‍ക്കു കാലമനുഭവപ്പെടാന്‍ പോവുന്നു.  അതു സംഭവിക്കുന്നതാകട്ടെ ദേശത്തിലാണ്. അതുകൊണ്ട് അര്‍ക്കബിംബത്തെ നീലവ്യോമ സ്ഥലത്തു പ്രദര്‍ശിപ്പിക്കുന്നു വല്ലവരും ഉണ്ടാക്കിയതാണോ ഈ അര്‍ക്കബിംബം - അല്ല സ്വയമെറിഞ്ഞിടുമര്‍ക്കബിംബം ആകാശത്തിലേക്കു നോക്കുന്ന കണ്ണുകള്‍ മുകളിലേക്കു നോക്കുന്നതുപോലെ തന്നെ തഴേയ്ക്കു നോക്കാം.  എന്നല്ല ചുറ്റുപാടും നോക്കും ചക്രവാളത്തില്‍ കാണുന്ന അവ്യക്തമായ നീലമലകള്‍ മുതല്‍ കാലടിയില്‍ അനുഭവപ്പെടുന്ന മഞ്ഞുതുള്ളിയുടെ നനവുള്ള പുല്ലോലവരെ നോക്കിയാല്‍ ഒന്നു ബോദ്ധ്യമാകും ഈ ധരിത്രി ശ്രീമത്തായ ശ്രീമതിയാണ്.  ഇവിടിതാ കവി ദൈവത്തിന്റെ സ്രഷ്ടാവായി മാറുന്നു.  ഈ ആകാശവും അര്‍ക്കബിംബവും ശ്രീമത്തായ ധരിത്രിയും എല്ലാം സ്വയമേവ വിടര്‍ന്നുവരുന്നതാണെങ്കിലും അവയുടെ പരസ്പര്യം നോക്കുമ്പോള്‍. അതിലെ ഓരോ കണവും മാനിച്ചു പോരുനന നിയമത്തെ ഓര്‍ക്കുമ്പോള്‍ കവിക്ക് ആ നിയമത്തിന്റെയും സോദ്ദേശ്യതയുടെയും പിന്നില്‍ ഒരു നിയമകനെ കാണുവാനുള്ള ത്വര വന്നുപോകുന്നു.

            ഇതൊരു രചനയാണെങ്കില്‍, എന്തൊരു താളക്രമമാണ്  അതിനുള്ളത്?  എത്ര അത്ഭുതകരമായ ഒരു രചനാവിലാസമാണിത്. യേശുപറഞ്ഞു: കൈസറിനുള്ളത് കൈസറിന് കൊടുത്തേക്കുക ദൈവത്തിനുള്ളത് ദൈവത്തിനും.  ഇവിടെ കവി ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കുന്നു.  ദൈവത്തിനു ചൊല്ലേണ്ടന്നതു കൃതജ്ഞതയാണ്.  ഓമല്‍ പ്രഭാതത്തിന്റെ ഇനിമയെ രുചിച്ച് ആസ്വദിക്കുന്ന കവികൃതജ്ഞയോടെ പറഞ്ഞുപോകുന്നു - ''ഇവയെ പണിചെയ്ത കൈയില്‍ കേമത്വമോര്‍ത്ത ഇവന് നീര്‍കവിയുന്നു കണ്ണില്‍'' പാവം മനു,#്‌യന്‍ അവനു ആരാധിക്കാതിരിക്കാന്‍ വയ്യ ഈ പ്രപഞ്ചരചനയില്‍ അവന്‍ കൂടി ഒരു സഹസ്രഷ്ടാവാണ്.  ഞാന്‍ രചിച്ച പ്രപഞ്ചം എന്നുപറയാനവന് നാണമാകുന്നു.  കൈയ്യും കാലുമൊന്നുമില്ലാതെയാണ് പ്രപഞ്ചം നിരന്തരമായി സ്വയമേരചിക്കപ്പെടുന്നതെങ്കിലും കവിക്ക് ആ രചനാവൈശിഷ്ട്യത്തെ പ്രകീര്‍ത്തിക്കുവാന്‍ ഒരു രചയിതാവ് വേണം ഇല്ലെങ്കില്‍ ഒരു സ്രഷ്ടാവിനെ ഞാന്‍ സൃഷ്ടിക്കും.

            ഒരു മനുഷ്യന്റെ കൊച്ചുമനസ്സില്‍ ഒതുക്കി നിറുത്താവുന്നതല്ല നാലുദിക്കില്‍നിന്നും പകലെന്നോ രാത്രിയെന്നോ ഉള്ള ഭേദമില്ലാതെ നിരന്തരമായി ഒഴുകി വരുന്ന അത്ഭുത പ്രതിഭാസങ്ങള്‍.  അന്തിച്ചുവപ്പ് മലയാഴിയുമങ്ങിരുട്ടിലുതിസ്പുരിക്കു മുഡു രാശിയുമിന്ദുതനും.

            പ്രഭാതത്തെ രുചിച്ച കവി പെട്ടെന്ന് പന്ത്രണ്ട് മണിക്കൂര്‍ പറഞ്ഞു വിട്ടിരിക്കുന്നു അന്തിച്ചുവപ്പിലെത്തി കിഴക്കേമലയില്‍ കണ്ട സൂര്യനിതാ പടിഞ്ഞാറെ കടലിലെത്തിയിരിക്കുന്നു.  കുങ്കുമാഭതടവി കൂത്താടുന്നു അലകളെ ചുംബിച്ച് സൂര്യന്‍ വിട പറയുകയായി.  തുടര്‍ന്നുവരുന്ന ഇരുട്ടാണ് നിശാസൗന്ദര്യം.  ആ ഇരുട്ടില്‍ കണ്ണുചിമ്മിനില്ക്കുന്ന ആയിരമായിരം നക്ഷത്രങ്ങളുണ്ട്.  ഇരുട്ടിലും സ്പുരിക്കുന്ന മുര്‍വ്വരാശി.  അതിന്റെയെല്ലാമിടയിലായി വെള്ളിത്തളികപോലെ ശോഭിക്കുന്ന ഒരു പൂര്‍ണ്ണേന്ദുവും ഇതിലെല്ലാം ഒരു ക്രമമുണ്ട്.  എവിടെയും ഒരു പന്തികേടും കാണാനില്ല.  പ്രപഞ്ചരചനയിലിരുന്നാണ് കവിയും രചന നടത്തുന്നത്.  അവനത് ശ്രുതിലയത്തോടെ, രാഗമധുരിയോടെ താളക്രമത്തില്‍ പ്രപഞ്ചത്തില്‍ എങ്ങനെ കാണുന്നുവോ അതുപോലെ ആയിരത്തിലേക്കു പകര്‍ത്തുകയാണ്.  ഈശ്വരന്‍ സൃഷ്ടിക്കുന്നതു ക്ഷീരലോകം കവി അതുപകര്‍ത്തി വയ്ക്കുന്നതു അക്ഷരലോകമായിട്ടും നിര്‍വ്വികാരനായിട്ടല്ല.  കവിയുടെ ഉള്ളും വികാരോജ്ചലമായിരിക്കുന്നു.  അതുകൊണ്ട് ഒരു ഏറ്റുപറച്ചില്‍ നടത്തുന്നു.

            പന്തിക്കുതീര്‍ത്ത പൊരുളിന്റെ മനോവിലാസം ചിന്തിച്ചെനിക്ക് അകമലിഞ്ഞു ഉടന്‍ ചാര്‍ത്തിടുന്നു കവിക്ക് തന്റെ കണ്ണുകള്‍ പിന്‍വലിക്കുവാനേ കഴിയുന്നില്ല.

            ''ചേണുറ്റുപൂത്ത വനമേനിയാകുന്നു ദൂരെ

            കാണുന്ന പീലിക്കുടയും മയിലിന്‍ ഗണം പോല്‍

            കാണങ്ങു വിണ്ണില്‍ മഴയിലുമലിച്ചു വര്‍ണ്ണം

            പൂണുന്ന പൈങ്കിളികള്‍ ചേര്‍ന്നു പറന്നിടുമ്പോള്‍

            ഒരു പഴയകഥയുണ്ട് - സകല സൗന്ദര്യത്തിന്റെയും ആ സ്ഥലതയുടെയും കാന്തിവിശേഷങ്ങളുടെയും സൗന്ദര്യമാതൃകയായി വിശ്വരചയിതാവായ ബ്രഹ്മാവ് സരസ്വതിയെ സൃഷ്ടിച്ചുപോലും മനുഷ്യമനസ്സ് അനുകരണത്തില്‍ എപ്പോഴും ആമഹ്നമായിര്കുന്നതിനാല്‍ അന്നുമുതല്‍ കവികള്‍ ആദ്യരചയിതാവിന്റെ മാതൃകയോളമെങ്കിലും അവരുടെ സൃഷ്ടിചാതുര്യം കൊണ്ടെത്തിക്കുവാനായി കലാസപര്യനടത്തിപ്പോരുന്നത്രേ അതുകൊണ്ട് കവിക്ക് ഒന്ന് കണ്ടാല്‍ അതിനെ രൂപാന്തരപ്പെടുത്തിയും ഭാവാന്തരപ്പെടുത്തിയും വേറൊന്നാക്കിയേ മതിയാവൂ.  ഇവിടെ കവി ആദ്യം കാണുന്നതു ചേണറ്റുപൂത്ത വനമേന്തിയ കുന്നുമത്രകണ്ട് കുന്നില്‍ മാത്രമാണ് കുന്നില്‍ നിന്നുവനത്തിലേക്കുപോയി. അവിടെ പൂത്തു നില്ക്കുന്ന പൂക്കളുടെ ഭംഗിയല്ല കാണുന്നത്.  ആദ്യം ഭംഗികാണുന്നു.  പിന്നെ ആ ഭംഗി പൂവിന്റെതാണെന്നറിയുന്നു.  പൂത്തുമറിഞ്ഞുകിടക്കുന്നതു വനമാണെന്നു പിന്നീട് മനസ്സിലാക്കുന്നു.   ആ വനം ദൂരെയുള്ള കുന്നില്‍ കാണുന്നു.  എന്നാല്‍ കണ്ടത് കുന്നിലൊരുവനം പൂത്ത് അതിന്റെ ഭംഗി പ്രദ്യോതിപ്പിക്കുന്നതായിട്ടാണോ?  അല്ല പീലിക്കുടയും മയിലിന്‍ഗണംപോല്‍ അതിനോടിണങ്ങിപ്പോകുന്ന വേറൊരു ദൃശ്യം കാണുന്നു മണ്ണോളം താഴെ വന്നിരിക്കുന്ന ഒരു മഴവില്ല് എന്നാല്‍ കവി അതു മഴവില്ലാണെന്ന് തിരിച്ചറിഞ്ഞിട്ടും തന്റെ രചന നിറുത്തുന്നില്ല.  അതിനെ ''വര്‍ണ്ണം പൂണുന്ന പൈങ്കിളികള്‍ ചേര്‍ന്നു പറഞ്ഞിടുമ്പോള്‍'' എന്നു വിശേഷിപ്പിക്കുന്നു.

            ഈശ്വരനെ കാണുവാന്‍ കണ്ണുള്ളവന്  നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവദര്‍ശനത്തിന് അവസാനമെവിടെ?

            ഉല്ലോലമരുവി.....

            നമ്മള്‍ ഇടയ്ക്ക് കയറി ചോദിക്കുന്നുവെന്നിരിക്കട്ടെ അരുവി എവിടെ കാണപ്പെടുന്നതും കാണാതിരിക്കുന്നതും തമ്മില്‍ കവിക്കു വ്യത്യാസമൊന്നുമില്ല ഉല്ലോലമാമരുവിയെവിടെ എന്നു നാം ചോദിക്കുമ്പോള്‍ ഒരു സംശയം കൂടാതെ കവിപറയുന്നു - ദുരെ മുഴങ്ങിടുന്നു.  ക്രാന്തദര്‍ശിയായ കവിക്കു മുഴുവനും കാണേണ്ട. കേട്ടതില്‍നിന്നു കാണാവുന്നതിനെ ഊഹിക്കാം.  അതുപോലെ പിന്നെയും ഒരു ഉപമ പറയാന്‍ കവിക്ക് സന്തോഷമേയുള്ളൂ!  'ഉല്‍ഫുല്ലോലസല്‍സുമഗണം മണമേറ്റിടുന്നു' ഉല്‍ഫുല്ലമായ നല്ല പൂക്കള്‍ ഉണ്ടെന്ന് എങ്ങനെയറിഞ്ഞു?  മണം വരുന്നതുകൊണ്ട്'' കവിയുടെ ഭാവന ഉണര്‍ന്നാല്‍ അതു വാനമ്പാടിയെപ്പോലെ മധുരകൂജനം പൊഴിച്ചുകൊണ്ട് എത്രനേരം വേണമെങ്കിലും പറക്കും. അതിന് ഉയരത്തില്‍ പറക്കാന്‍ കഴിയുന്നതുപോലെ ചിറക് നനയാതെ തന്നെ ആഴത്തില്‍പോയന്വേഷിക്കുവാന്‍ കഴിയും. 

            കല്ലോലമാര്‍ന്നൊരു കയങ്ങളില്‍നിന്നു പൊങ്ങി

            നല്ലോരു ചാരുകുളിര്‍കാറ്റുമണഞ്ഞിടുന്നു.

            ഊഷ്മളമായ ചുംബനാലിംഗനാദികള്‍ നല്കുന്ന സ്പര്‍ശനരസത്തേക്കാള്‍ അഭികാമ്യമാണ് ഈ വിശ്വത്തെ മുഴുവനും കൂടി ഓമനത്തമുള്ളതാക്കി തീര്‍ക്കുന്ന കുളിര്‍കാറ്റിന്റെ മൃദുല സ്പര്‍ശനം.  ഇവിടെ ഇങ്ങനെ കാണാവുന്ന കാമ്യവസ്തുക്കള്‍ക്ക് അറുതിയില്ല.  പ്രപഞ്ചത്തില്‍ എന്തെല്ലാം അനുഭവയോഗ്യമായ വിഷയങ്ങള്‍ നിറഞ്ഞുനിന്നാലും അവ ഉതിര്‍ത്തുന്ന സംവേദനങ്ങളെ ഏറ്റുവാങ്ങുവാന്‍ ഒരു ശരീരവും അതിന്റെ ഹൃല്‍സ്ഥാനത്തിരുന്ന് എല്ലാമറിയുന്ന             ഒരകക്കാമ്പും ഉണ്ടായിരിക്കുകയാലാണ് നാമിത്ര ധന്യധന്യരായിരിക്കുന്നത്.  അറിവിനുമുപരിയായി അന്തരാത്മാവില്‍ നമുക്കൊരു നിധിയായിരിക്കുന്നതു നിയന്ത്രണം നല്കുന്ന വിവേകശക്തിയാണ്.  വെവ്വേറെ നോക്കുമ്പോള്‍ ഓരോന്നിലും ഇരുന്ന് ഭരിക്കുന്നതു വേറെ വേറെ ശക്തിയാണെന്നു തോന്നും.  ആകെക്കൂടി നോക്കുമ്പോള്‍ എല്ലാ നിയമവും ഒരു നിയമത്തില്‍ അധിഷ്ഠിതമാണെന്നു കാണാം.

            ഇക്കാമ്യവസ്തുനിര ചെയ്തതു, മിങ്ങതോരാ-

            മുള്‍ക്കാമ്പുമിങ്ങുടലുമേകിയതും, സ്വയം ഞാന്‍

            ധിക്കാര്യമാര്‍ഗ്ഗമണയാ, തകമേ കടന്നു

          ചുക്കാന്‍ തിരിക്കുവതുമൊക്കെയൊരേ കരം താന്‍

            ഇപ്പോള്‍ കവിക്കുതോന്നുന്നു - തന്റെ ജീവിതത്തിനൊരര്‍ഥമുണ്ടെന്ന്. ഈ ലോകത്തെ കാണുവാന്‍ കണ്ണൊന്നുമില്ലെങ്കില്‍ ഇതിനു നിറപ്പകിട്ടുണ്ടായിട്ടെന്തു കാര്യം?  കേള്‍വിയെന്നൊന്ന് ജീവജാലങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ ശ്രുതിമാധുര്യത്തിനെന്താണ് പ്രസക്തി?  ഇത്തരത്തില്‍ ജനിച്ചുവന്നതുകൊണ്ട് എത്ര വലിയ അനുഭവങ്ങളുണ്ടായി?  എന്നാല്‍ മുഴുവന്‍ അറിഞ്ഞു കഴിഞ്ഞോ?  അറിഞ്ഞു എന്നവകാശപ്പെടാന്‍ കഴിയുന്നില്ല.  എന്നാലും താനതില്‍ അവകാശിയായിത്തീര്‍ന്നിരിക്കുന്നു.  വ്യാസനും ഹോമറും മുതല്‍ ലോകത്തെവിടെയും എത്രയെത്ര മനീഷികളായ കവികളാണ് വന്ന് ഈശ്വരനെ പ്രമേയമാക്കിയിരിക്കുന്നത്?  പിന്നെ പല കേട്ടുകേള്‍വികളുമുണ്ട്.  എല്ലാം പരമാര്‍ഥദര്‍ശനമാണെന്നു പറയാനൊക്കുകില്ല.  എന്നിരിരുന്നാലും പിന്നെയും പിന്നെയും  തലകുനിച്ച് വണങ്ങുവാന്‍ തോന്നിപ്പോകുന്നു.

            ഈ ലോകഭോഗമതി നീശ, ജനിച്ചു ഞാന്‍ നി-

            ന്നാലോകഭാഗ്യമണയാതവകാശിയായി

            ന്തൂലോതിയും സവതിമല്‍ പ്രിയതാരുനിന്നെ

            മാലോകര്‍ ചൊല്ലിയുമറിഞ്ഞുവണങ്ങിടുന്നേന്‍

            എത്ര വലിയൊരറിവാണിത്?  എത്ര അന്വേഷിച്ചാലും തീരാത്ത വിഷയം!  എത്ര അറിഞ്ഞാലും മതിവരാത്തത്. ഗര്‍ഭാശയത്തില്‍ രൂപം കൊള്ളുന്ന ഒരു കുഞ്ഞു മുതല്‍ അനേകം നക്ഷത്രങ്ങളെ പ്രസവിക്കാന്‍ പോരുന്ന ഒരു ഗാലക്‌സി വരെ എവിടെനോക്കിയാലും അവിടൊക്കെ കരുതലുണ്ട്.  അളവറ്റ ഒരു കാരുണ്യം.  ഈ മഹിമയുടെ നടുവില്‍നിന്നുകൊണ്ട് ഈശ്വരനെവിടെ എന്നു ചോദിക്കുന്നവനോട് എന്താണ് പറയുക?  സുഹൃത്തേ - ആ ഈശ്വരനെ ഇനി എവിടെയും തേടാനില്ല.  അന്വേഷകന്റെ മനസ്സാകുന്ന വിളക്കിന്റെ തുമ്പില്‍ ജ്വലിക്കുന്ന പ്രകാശരശ്മിയല്ലാതെ, അറിവല്ലാതെ, വേറൊരു ഈശ്വരന്‍ എവിടെയുമില്ല.

            വമ്പിച്ച നിന്‍ മഹിമയും കൃപയും നിനച്ച്

            കുമ്പിട്ടിടാത്ത തലയും ശിലയും സമം താന്‍

            എമ്പിച്ചു തീര്‍ക്കയറിവായ് മനമാം വിളക്കിന്‍

            തുമ്പില്‍ ജ്വലിക്കുമഖിലേശ്വര കൈതൊഴുന്നേന്‍.