ഉച്ചകഴിഞ്ഞുള്ള ക്ലാസ്സിനുമുമ്പുതന്നെ ഗുരു എന്നെ തന്റെ മുറിയിലേക്കു വിളിച്ച് സസ്യേതരാഹാരമാണ് ശീലമെങ്കിൽ ഇടയ്ക്ക് ടൗണിൽ പോയി ഹോട്ടലിൽനിന്ന് അതു കഴിക്കണമെന്നും ആഹാരശീലങ്ങൾ പെട്ടെന്നു മാറ്റുന്നത് ശരീരാരോഗ്യത്തെ അസന്തുലിതമാക്കിയേക്കാമെന്നും നാരായണഗുരുതന്നെ ചില ശിഷ്യരോട് അവരുടെ രോഗാവസ്ഥയിൽ മത്സ്യാഹാരം ശിപാർശചെയത സംഭവമുണ്ടെന്നും വ്യക്തമാക്കി. എനിക്ക് യാതൊരാഹാരത്തോടും പ്രത്യേക താത്പര്യമില്ലെന്നു ഞാനും വ്യക്തമാക്കി. എനിക്കു തലയിൽ മുടി കുറവായതിനാൽ തലയൊന്നു മൊട്ടവടിക്കാൻ കരുതുന്നുണ്ടെന്നും മുടി തഴച്ചുവളരാൻ അതു സഹായിച്ചക്കാമെന്നാണ് ഞാൻ കരുതുന്നതെന്നും ഞാൻ പറഞ്ഞപ്പോൾ ഗുരു പുഞ്ചിരിക്കുകമാത്രം ചെയ്തു. പിറ്റേന്നു തന്നെ ടൗണിൽ പോയി ഞാൻ തല മുണ്ഡനം ചെയ്തു. ഒരു മാസം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തുമ്പോഴും തലയിൽ മുടി വളർന്നിരുന്നില്ല. ഞാൻ ഗുരുകുലത്തിലെത്തിയതേ സന്ന്യാസം സ്വീകരിച്ചു എന്നൊരു ധാരണ നാട്ടിൽ തിരിച്ചെത്തിയപ്പോൾ നാട്ടുകാർക്കും കൂട്ടുകാർക്കും ഇടയിൽ വ്യാപിക്കാൻ അത് ഇടയാക്കി. തലയിലൊരു കറുത്ത വലത്തൊപ്പിയും ധരിച്ചായിരുന്നു അതിനെ ഞാൻ പ്രതിരോധിക്കാൻ ശ്രമിച്ചത്. മറ്റുള്ളവർ നമ്മെപ്പറ്റി എന്തുപറയുന്നു എന്നതിൽ കൂടുതൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങളേ ഉണ്ടാവൂ എന്ന് കുട്ടിക്കാലത്തു സ്കൂളിൽ പഠിച്ച, കിഴവനും മകനും കൂടി കഴുതയെ വാങ്ങിക്കൊണ്ടുവന്ന, കഥയിൽനിന്ന് ഉൾക്കൊള്ളാത്തതാണ് എന്റെ പ്രശ്നമെന്ന് അനുഭവിച്ചറിയാൻതന്നെയാണ് അന്നത്തെ മൊട്ടയടി എന്നെ സഹായിച്ചത്.