ഗുരുദേവൻ മാസികയുടെ 2021 മാർച്ച് ലക്കത്തിൽ (ശിവരാത്രി സ്‌പെഷ്യൽ) പ്രസിദ്ധീകരിച്ചത്
നാമറിയേണം: ശിവൻ ലിംഗരൂപിയാം
നാമമാത്രൻ! രൂപമുള്ളവനാകുവാൻ
ശക്തിയായെത്തുന്ന
സർഗാത്മകത്വമാം
പാർവതി!! പർവതപുത്രിതൻ
യോനിയി-
ലേറും ശിവൻ തന്റെ
രേതസ്സിലൂടെയാം
'സുന്ദരമാം ശിവം സത്യ'മെന്നുള്ളതാം
ധാരണതൻ ധാരയായൊഴുകുന്നതും
ആ ധാരയാധാരമെന്നറിയുന്നതും!!!
വാക്കുമാവാക്കിന്റെയർഥവും
ചേർത്തു നാം
അർധനാരീശ്വരരൂപമറിഞ്ഞവർ!
നമ്മിലാണർധനാരീശ്വരനെന്നു
നാം
ഇന്നുമറിഞ്ഞിടുന്നി,ല്ലിതാണജ്ഞത!
ശക്തിയില്ലാതെയചേതനം
ലിംഗമായ്
നാമറിയും ശിവൻ, മക്കളില്ലാത്തവൻ!
ആറുമുഖമുള്ളവനുമാനമുഖമുള്ളവനു-
മായിവിടെ നിത്യമറിവേകുവോർ
ശിവസുതർ!!
ആ സുതരെ നാമറിയുമെങ്കിലും
ആരവരി-
ലൂടെ ശിവനേകുമറിവിൽ
നിറഞ്ഞാടിടും?
ഫലശ്രുതി
നീ നിന്റെ ജീവിതധർമവുമർഥവും
കാമവും മോക്ഷവും എന്തെന്നറിയുവോൻ!
നീയറിയുന്നിന്നു:
നിന്നുടെ ജീവനം
സാധിച്ചു തന്നിടും
കർഷകരെന്നപോൽ,
നിൻ ശരീരത്തിലെ ജീവാണുജാലവും
നിന്റെ മിത്രങ്ങളാം!!
ചേതനയില്ലാത്ത-
തെന്നു നീയോർക്കുന്ന
കല്ലും മലകളും
നിന്നെപ്പുലർത്തുന്ന
ശക്തിതൻ ഭാഗമാം!!!
ഈ ജ്ഞാനധാരയറിഞ്ഞിങ്ങുണർന്നീടും
നാരിയും തന്റെ ശരീരത്തിലും
നര-
നുണ്ടെന്നറിഞ്ഞീടിലിങ്ങിനി
നിത്യമാം
സന്ന്യാസരൂപമായർധനാരീശ്വരം!!