എന്നയല്‍ക്കാരെ ഞാനെന്നുടെയുള്ളിലും
എന്‍രൂപമെന്നയല്‍ക്കാര്‍ക്കുള്ളിലും
കണ്ടിടാറുണ്ടെങ്കിലും ഞങ്ങളങ്ങിങ്ങു
കണ്ടിടാറില്ലെന്നറിഞ്ഞിന്നു ഞാന്‍!
അങ്ങിങ്ങുമിങ്ങങ്ങും തിങ്ങിനിറഞ്ഞല്ലോ
ഇങ്ങൊഴുകുന്നു നീ! സ്‌നേഹാര്‍ദ്രമാം
നിന്‍ നദിയില്‍ ഞങ്ങള്‍ മുങ്ങിടും, ജ്ഞാനാര്‍ദ്ര-
ധാരയില്‍ മുങ്ങവെ ജ്ഞാനസ്‌നാനം!
എന്നെ ഞാന്‍ എന്നപോലെന്നയല്‍ക്കാരനെ
ഞാനു,മവനെന്നെയും കണ്ടിടില്‍
തീരാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്നറി-
ഞ്ഞിന്നിങ്ങു ഞങ്ങളുണര്‍ന്നിടുന്നു!
ആരുമേ വേദനിച്ചീടാതിരിക്കുവാന്‍
ആവുംവിധം സഹായങ്ങളേകാന്‍
നിന്നരുള്‍ ഞങ്ങള്‍ക്കു കിട്ടിടു,ന്നിന്നിതാ
ഭൂമിയില്‍ സ്വര്‍ഗമുയര്‍ന്നിടുന്നു!