Total Pageviews

Monday, 11 September 2017

ഗുരുപഥത്തിലിങ്ങെന്‍ കൈപിടി,ച്ചിതാ!


എന്റെ  കുഞ്ചേട്ടന് 



അന്ധവിശ്വാസ വീഥിയിലന്ധനായ്
'ബന്ധമൊക്കെയും ബന്ധന'*മെന്നറി-
ഞ്ഞെന്നു പൂമാലയായിടുമൊക്കെയു-
മെന്നു ചോദിച്ചിരുന്നവനാണു ഞാന്‍!
അന്നു കൗമാരസംഘര്‍ഷവേളയില്‍ എന്‍ സുഹൃദ്ഗുരുവായതെന്‍ ചേട്ടനാം!!


യുക്തിഭദ്രമാം ചിന്തയും ശാസ്ത്രീയ
യുക്തിബോധവും നേടുവാന്‍ ഞാനൊരു
ശക്തനായ് വളര്‍ന്നീടാന്‍ തുണച്ചതും
ശക്തികേന്ദ്രമായ്ത്തീര്‍ന്നതും ചേട്ടനാം!!!


ഒരു ഗുരു**വിനെക്കണ്ടെത്തി ഞാ,നയല്‍-
പ്പൊരുളറിഞ്ഞു ജീവിക്കാന്‍ ലഭിച്ചതാ-
മരുളു*** പങ്കുവച്ചപ്പൊഴെന്‍ ചേട്ടനും
ഗുരുപഥത്തിലിങ്ങെന്‍ കൈപിടി,ച്ചിതാ! 

അറിവിലേറെ വൈകാരികസംഘര്‍ഷ മനുഭവിച്ചിരുന്നോരു ഞാന്‍ ദര്‍ശന-
സ്ഫുടത നേടുവാന്‍ സാഹിത്യവീഥിയില്‍
വഴിതെളിച്ച ഗുരുത്വമാണെന്നൊടീ
അഴലില്‍നിന്നഴകെന്നു കാണിച്ചതും
അഴകു കാവ്യത്തിലെന്നു കാണിച്ചതും!
 
ശാസ്ത്രവും കാവ്യഭാഷയി****ലാക്കിടില്‍
ശസ്ത്രതുല്യമായ്ത്തീര്‍ന്നിടും, വില്ലുപോല്‍
അന്‍പി*****നാലമ്പയയ്ക്കണമെന്നറി-
ഞ്ഞന്‍പിലൂടറിവാമസ്ത്രമെയ്യവെ
ഞങ്ങളിന്നറി:ഞ്ഞന്‍പാല്‍ കുറിപ്പവ
എങ്ങുമര്‍ജുനാസ്ത്രങ്ങളായ് മാറിടും!******

*
ചേട്ടന്മാർ  വിദൂരത്തു ജോലിയിലായതിനാൽ, 

1970-ൽ, ഞാൻ എനിക്ക് അനുഭവപ്പെട്ടിരുന്ന സ്വാതന്ത്ര്യക്കുറവിനെപ്പറ്റി എഴുതിയ കവിതയിലെ 'ബന്ധങ്ങളൊക്കെയും ബന്ധനമാകാതെ എന്നിനിപ്പൂമാല മാത്രമാകും' എന്ന വരികൾ 
**
ഗുരു നിത്യചൈതന്യയതി 
***
ഗുരു എന്നെ പരിചയപ്പെടുത്തിയ ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ  അയൽക്കൂട്ടദർശനവും 'ദർശനം' മാസികയും 
**** 
ഇതിഹാസങ്ങളിൽ മാത്രമല്ല, വേദോപനിഷത്തുക്കളിലും ആയുർവേദം പോലുള്ള ഭാരതീയ ശാസ്ത്രകൃതികളിലും ഉപയോഗിച്ചിട്ടുള്ള പ്രതീകാത്മകവും ഛന്ദോബദ്ധവുമായ ഭാഷ 
*****
'അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണതു ജീവതാരകം' എന്ന നാരായണഗുരുവിന്റെ ദർശനം 
****** 
സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ഹൃദയംഗമങ്ങളായ ആശയങ്ങൾ 1-2-4-8-16 എന്നിങ്ങനെ പങ്കുവയ്ക്കപ്പെട്ട് അതിവേഗം പ്രചരിക്കും എന്ന പ്രത്യാശ