ഞങ്ങളെല്ലാം ജ്ഞാനസ്രോതസ്സും ബോധസൂര്യനുമായ ദൈവമേ നിന്റെ കിരണങ്ങളാണ്.
ഇന്നോളം ഉണ്ടായിരുന്നവയും ഇന്ന് ഉള്ളവയും നാളെ ഉണ്ടാകാനുള്ളവയുമായ സര്‍വ
ചരാചരങ്ങളും നിന്റെ സ്‌നേഹപ്രവാഹത്തിലെ തുള്ളികള്‍ മാത്രമാണ്. ഏകസൂര്യന്റെ സര്‍വ
സമാശ്ലേഷിയായ ജ്ഞാനാംശമെന്ന നിലയില്‍ ഞങ്ങള്‍ സഹോദരീ സഹോദരങ്ങളാണെന്നും സ്‌നേഹസാഗരം
ലക്ഷ്യംവച്ച് ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും ഞങ്ങളറിയുന്നു. ഇവിടെയുള്ളതെല്ലാം
ഞങ്ങളാണ്. ഞങ്ങളില്‍പ്പെടാത്തതായും ഞങ്ങളുടേതല്ലാത്തതായും ഇവിടെ യാതൊന്നുമില്ല.
എങ്കിലും നാളെ പിറന്നുവീഴുന്നവര്‍ക്കുംകൂടിയുള്ള ഇവിടുത്തെ വിഭവസമൃദ്ധിയില്‍നിന്ന്
ഇവിടെ ഇന്ന് ഞങ്ങള്‍ക്കാവശ്യമുള്ളവ മാത്രമെടുക്കാനേ ഞങ്ങള്‍ക്കവകാശമുള്ളു. ഈ
ബോധ്യത്തോടെ ശാന്തമനസ്‌കരായി, സന്തോഷചിത്തരായി, വിവേകമതികളായി ജീവിക്കുന്നവരാണ് ഞങ്ങള്‍. ജീവിതത്തിന്റെ അര്‍ഥം
ആത്മാനന്ദം അനുഭവിച്ചറിയലാണെന്നും ഇവിടെയുള്ള വിഭവങ്ങളിലോ ഇന്ദ്രിയജന്യമായ
സുഖങ്ങളിലോ അല്ല അവനവനില്‍ത്തന്നെയാണ് ആത്മാനന്ദമെന്നും ഉള്ള ജ്ഞാനം നിന്റെ
അരുളായി ഞങ്ങള്‍ക്ക് അങ്ങ് നല്കിയിട്ടുണ്ടല്ലോ. ആ അരുള്‍ അന്‍പായും അനുകമ്പയായും
ഞങ്ങളിലൂടെ പ്രസരിക്കട്ടെ. ഞങ്ങളിവിടെ വിവേകമതികളായി കൃതജ്ഞതാപൂര്‍ണരായി
അങ്ങിലലിഞ്ഞ് നിത്യം നിലനില്ക്കട്ടെ.
മംഗളം!
മംഗളം!