Total Pageviews

Tuesday 30 August 2016

മാനുഷികധ്യാനം

കഴിഞ്ഞ പോസ്റ്റ് ദീർഘമായ ഒരു ലേഖനത്തിന്റെ ഭാഗമായിരുന്നു. നവനാഗരികതയും നവോത്ഥനവും എന്ന ആ ലേഖനത്തിന്റെ ആദ്യഭാഗം വിവര സാങ്കേതിക വിദ്യയും നവനാഗരികതയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു.  അതിന്റെ ലിങ്കിൽ http://josantony-josantony.blogspot.in/2010/05/blog-post_30.html പോയി അത് വായിച്ചവർ അമ്പതു പേരോളമേയുള്ളു. അയൽക്കൂട്ട ദര്ശനവുമായി ബന്ധമുള്ള ബാക്കി ഭാഗം ഇവിടെ പോസ്റ്റ് ചെയ്യുകയാണ്:
....  ഇപ്പോള്‍ എത്ര കുടുംബങ്ങളില്‍ ഇത്തരം പാരസ്പര്യം നിലവിലുണ്ടെന്ന് ചോദിക്കുന്നവരുണ്ട്. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയുമായി ബന്ധമുള്ളതായിരിക്കും ഓരോ കാലഘട്ടത്തിലെയും മൂല്യബോധമെന്നും വ്യസിഥിതി മാറാതെ മനുഷ്യനു മാറാന്‍ പരിമിതികളുണ്ടന്നും അവര്‍ പറയുമ്പോള്‍ അത് തള്ളിക്കളയാനാവില്ല. എന്നാല്‍ വ്യവസ്ഥിതി മാറണമെങ്കില്‍ മനുഷ്യന്‍ മാറാതെ എങ്ങനെ സാധ്യമാവും എന്ന മറുചോദ്യത്തെയും അവഗണിക്കാനാവില്ല. ആ ചോദ്യത്തിന് എതു വ്യവസ്ഥിതിയില്‍ ജീവിക്കുന്നവര്‍ക്കും ശാന്തസുന്ദരമായ ജീവിതം നയിക്കാന്‍ സ്‌നേഹവും പാരസ്പര്യവും അനിവാര്യമാണെന്ന വ്യക്തമായ ബോധ്യത്തോടെയുള്ള, സ്വയം ബോധവത്കരിക്കുന്ന, പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധ്യമാണ് എന്ന് ഒരു മറുപടിയുണ്ട്.
അതെങ്ങനെ എന്ന ചോദ്യത്തിന് ശ്രീ പങ്കജാക്ഷക്കുറുപ്പ് നല്കുന്ന മറുപടിക്ക് വൈയക്തികവും സാമൂഹികവുമായ രണ്ടു തലങ്ങളുണ്ട്. വ്യക്തിതലത്തില്‍ അനുഷ്ഠിക്കേണ്ടത് സമൂഹത്തില്‍ തന്റെ സ്ഥാനവും അയല്‍ക്കാരുമായി തനിക്കുണ്ടായിരിക്കേണ്ട ആത്മബന്ധവും ഒരോ വ്യക്തിയും ആഴത്തില്‍ ഗ്രഹിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതിനുള്ള വളരെ ലളിതമായ ഒരു സാധനയാണ്. അതാണ് മാനുഷികധ്യാനം. സ്വാമി വിവേകാനന്ദനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ശ്രീ പങ്കജാക്ഷക്കുറുപ്പ് ആവിഷ്‌കരിച്ച, അദ്ദേഹം ശിപാര്‍ശചെയ്യുന്ന, സാധനയാണിത്.
ബാഹ്യലോകത്തില്‍ സൂര്യന്‍ എന്നപോലെ നമ്മുടെയെല്ലാം ഉള്ളില്‍ ഒരു ബോധസൂര്യനുണ്ടെന്നും അസ്വസ്ഥതകളാകുന്ന കാര്‍മേഘങ്ങളാല്‍ മാനസികാന്തരീക്ഷം മൂടാറുണ്ടെന്നും ആര്‍ക്കും സമ്മതിക്കാനാവുമല്ലോ. മണ്ണിനും മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും മഴ എത്രമാത്രം ആവശ്യമുണ്ടെന്ന് നമുക്കെല്ലാം അറിയാം. മഴ സൗമ്യമായി പെയ്തിറങ്ങുന്നത് എല്ലാവര്‍ക്കും സന്തോഷകരമാണ്. നാം നമ്മുടെ അസ്വസ്ഥതകളെ മഴ പെയ്യാന്‍ അനിവാര്യമായ കാര്‍മേഘങ്ങളായി കണ്ടറിയണം. അവയില്‍ അഹങ്കാരത്തിന്റെയും സ്വാര്‍ഥതയുടെയും ധൂളികളും അയോണുകളും നിറഞ്ഞ് മദമത്സരങ്ങളും ലോഭവും ഉളവാക്കുമ്പോഴാണ് അവയുടെ ഫലമായുണ്ടാകുന്ന ദുഃഖദുരിതങ്ങളുടെയും ഇടിയും മിന്നലും കൊടുങ്കാറ്റും ചേര്‍ന്ന പേമാരിയായി അത് നമ്മുടെ മേല്‍ പെയ്തിറങ്ങുന്നത് എന്നും അറിയണം. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ഒരു പ്രതിരോധപ്രവര്‍ത്തനമായി 'മാനുഷികധ്യാനം' എന്ന സാധനയെ മനസ്സിലാക്കണം. അതെന്തെന്നല്ലേ?
ഓരോരുത്തരും തന്റെ പാര്‍പ്പിടത്തിലും അതിനു ചുറ്റുമുള്ള പത്തു വീടുകളിലുമുള്ള ഓരോ വ്യക്തിയുടെയും പേരും രൂപവും അവസ്ഥയും അനുസ്മരിച്ച് അവരോട് തനിക്കുള്ള ബന്ധുത്വം മനസ്സിലുറപ്പിക്കുക എന്നതു മാത്രമാണ് ആ സാധന. ഈശ്വരവിശ്വാസമോ മതവിശ്വാസമോ ഈ സാധനചെയ്യുന്നവര്‍ക്ക് വേണമെന്നില്ല. എന്നാല്‍ എല്ലാറ്റിലും നന്മ കാണാന്‍ കഴിയുന്നവര്‍ക്ക് ഈ ധ്യാനം കൂടുതല്‍ ഫലപ്രദമാക്കാനാവും. 

No comments:

Post a Comment