Total Pageviews

Saturday, 13 August 2016

നീയാരെന്നുള്ളറിവിൽ...


ദൈവമേ, നീയാരെന്നുള്ളറിവിൽ ‍നിറ-
ഞ്ഞാവണം പ്രാർ‍ഥനയെന്നരുളും
നിന്നരുളാൽ കുറിക്കുന്നൊരീ പ്രാർ‍ഥന
നിൻ ‍ഹിതത്താൽ നിറഞ്ഞാർ‍ദ്രരാകാൻ ‍!

പ്രാർ‍ഥനയ്ക്കർ‍ഥമിങ്ങുള്ള നിസ്വാർ‍ഥമാം
നിർധനഭാവത്താൽ ധന്യരായി
ഞങ്ങളിലാണു നീയെന്നറിഞ്ഞാർ‍ദ്രരായ്
നിന്നിലലിഞ്ഞൊഴുകീടലല്ലോ!!

നീയിങ്ങു ഞങ്ങളിലെന്നപോൽ ഞങ്ങളും
നിന്നിലലിഞ്ഞാർ‍ദ്രരായിടുമ്പോൾ ‍
നിൻ ‍ഹിതം ഞങ്ങൾ‍ക്കും നിത്യം പ്രിയങ്കര-
മാനന്ദദായകമായി മാറും!

എന്നാലതിങ്ങറിയാൻ കഴിയാത്തവ-
രെന്നൊരവസ്ഥയിൽ മർ‍ത്യരെല്ലാം
സ്വാർ‍ഥരാം, നിസ്വാർഥ നിസ്വതാശാന്തിതൻ 
നിർവൃതിയിങ്ങറിയാത്തവരാം!

ഞങ്ങളെ നിന്നിൽ ലയിപ്പിക്കുവാൻ നിന്റെ
സംഗീതധാരയിലൂടെയെത്താം
നിൻ മൗനസാഗരതീരത്തു, ഞങ്ങളാ
സാഗരാഗാധതാ സന്താനങ്ങൾ‍!


No comments:

Post a Comment