Total Pageviews

Friday, 27 May 2022

ഒഴുക്കിനൊടുവില്‍!

പുഴയൊഴുകുന്നതുപോലെയിങ്ങു നാമും

ഒഴുകണ,മോര്‍ക്കുക ജീവിതത്തിനര്‍ഥം

നിഴലുമൊഴുക്കുമൊഴിഞ്ഞൊരാഴി! ലക്ഷ്യം

അഴകെഴുമാഴിയിലാഴ്ന്നലിഞ്ഞു നേടാം!! 


അഴലഴകിന്‍നിഴലെന്നറിഞ്ഞിടുമ്പോള്‍ 

അഴലെഴുമാഴിയുമാഴമുള്ളതെന്നോര്‍-

ത്തൊഴുകിടുവോര്‍ക്കതുമിങ്ങു ലക്ഷ്യമായ്ക്ക-

ണ്ടൊഴുകിടുകില്‍ ശമശാന്തിയില്‍ ലയിക്കാം!


നിഴലി,തസത്യ, മഴല്‍, നമുക്കി-

ങ്ങഴകിലെസത്യമതായലിഞ്ഞിടാനായ്

ഒഴുകണ,മൊക്കെ മറക്കണം, ഒഴുക്കില്‍

വഴിതെളിയുന്നതു കണ്ടറിഞ്ഞു നാമായ്

ഒഴുകുകയാണിവിടിങ്ങു ധര്‍മ!മെന്നും

പുഴയിതിനാഴിയില്‍ മാത്രമാണു മുക്തി!!


Tuesday, 26 April 2022

നിന്നിലെങ്ങനെയന്യരുണ്ടാവും?

 എന്നിലൂറും വിചാരങ്ങളെല്ലാ-

മെന്നുമേവർക്കുമായ് പങ്കുവയ്ക്കാൻ

ഇന്നെനിക്കുണ്ടൊരാഗ്രഹം പക്ഷേ, 

എന്നുമെന്നിൽ ഭയം തുളുമ്പുന്നു

എൻ ഭയം മാറ്റിടാനെന്തു മാർഗം?

എങ്ങു തേടണം നിർഭയത്വം ഞാൻ?


''നിന്നിലെ നിന്നെ നീ തേടിയാട്ടെ

നിന്റെയുള്ളവന്നായ് തുറന്നാട്ടെ

നിന്നിലുള്ളോരവൻതന്നയാണി-

ങ്ങന്യമായി നീ കാണുന്നതെല്ലാം

എന്നറിഞ്ഞു പകർത്തുക സർവം

എന്നു മേവർക്കുമായ് പങ്കുവയ്ക്കാൻ  

പിന്നെയായിടും; നിൻ ഭയം സർവം 

അന്യമെന്നുള്ള തോന്നലാലാവാം!

ഇന്നു നീയറിഞ്ഞീടേണ്ടതൊന്നേ-

യൊന്നുമാത്രം: എനിക്കുള്ളിലാം നീ

എന്നിലല്ലാതെയില്ലയിങ്ങൊന്നും!

എന്നിലുള്ളതെല്ലാം നിന്റെ സ്വന്തം!

നിന്നെയന്യനായ്ക്കാണുവോർപോലും 

എന്നിൽനിന്നാണു നിന്നിലെത്തുന്നു

നിന്നിലെങ്ങനെയന്യരുണ്ടാവും?!''


Wednesday, 22 December 2021

Tuesday, 5 October 2021

ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത് - 4

 ഉച്ചകഴിഞ്ഞുള്ള ക്ലാസ്സിനുമുമ്പുതന്നെ ഗുരു എന്നെ തന്റെ മുറിയിലേക്കു വിളിച്ച് സസ്യേതരാഹാരമാണ് ശീലമെങ്കിൽ ഇടയ്ക്ക് ടൗണിൽ പോയി ഹോട്ടലിൽനിന്ന് അതു കഴിക്കണമെന്നും ആഹാരശീലങ്ങൾ പെട്ടെന്നു മാറ്റുന്നത് ശരീരാരോഗ്യത്തെ അസന്തുലിതമാക്കിയേക്കാമെന്നും നാരായണഗുരുതന്നെ ചില ശിഷ്യരോട് അവരുടെ രോഗാവസ്ഥയിൽ മത്സ്യാഹാരം ശിപാർശചെയത സംഭവമുണ്ടെന്നും വ്യക്തമാക്കി. എനിക്ക് യാതൊരാഹാരത്തോടും പ്രത്യേക താത്പര്യമില്ലെന്നു ഞാനും വ്യക്തമാക്കി. എനിക്കു തലയിൽ മുടി കുറവായതിനാൽ തലയൊന്നു മൊട്ടവടിക്കാൻ കരുതുന്നുണ്ടെന്നും മുടി തഴച്ചുവളരാൻ അതു സഹായിച്ചക്കാമെന്നാണ് ഞാൻ കരുതുന്നതെന്നും ഞാൻ പറഞ്ഞപ്പോൾ ഗുരു പുഞ്ചിരിക്കുകമാത്രം ചെയ്തു. പിറ്റേന്നു തന്നെ ടൗണിൽ പോയി ഞാൻ തല മുണ്ഡനം ചെയ്തു. ഒരു മാസം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തുമ്പോഴും തലയിൽ മുടി വളർന്നിരുന്നില്ല. ഞാൻ ഗുരുകുലത്തിലെത്തിയതേ സന്ന്യാസം സ്വീകരിച്ചു എന്നൊരു ധാരണ നാട്ടിൽ തിരിച്ചെത്തിയപ്പോൾ നാട്ടുകാർക്കും കൂട്ടുകാർക്കും ഇടയിൽ വ്യാപിക്കാൻ അത് ഇടയാക്കി. തലയിലൊരു കറുത്ത വലത്തൊപ്പിയും ധരിച്ചായിരുന്നു അതിനെ ഞാൻ പ്രതിരോധിക്കാൻ ശ്രമിച്ചത്. മറ്റുള്ളവർ നമ്മെപ്പറ്റി എന്തുപറയുന്നു എന്നതിൽ കൂടുതൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങളേ ഉണ്ടാവൂ  എന്ന്  കുട്ടിക്കാലത്തു സ്കൂളിൽ പഠിച്ച,  കിഴവനും മകനും കൂടി കഴുതയെ വാങ്ങിക്കൊണ്ടുവന്ന,  കഥയിൽനിന്ന് ഉൾക്കൊള്ളാത്തതാണ് എന്റെ പ്രശ്നമെന്ന്  അനുഭവിച്ചറിയാൻതന്നെയാണ് അന്നത്തെ മൊട്ടയടി എന്നെ സഹായിച്ചത്.

Monday, 27 September 2021

ഗുരു നിത്യചൈതന്യയതി എന്നിൽ വിതച്ചത് 3

 1980 മാർച്ച് ഒന്നാം തീയതിതന്നെ ഞാൻ ഊട്ടി ഗുരുകുലത്തിലെത്തി. രാവിലത്തെ ക്ലാസ് അവിടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. The Meditation on the Way എന്ന പുസ്തകത്തിന്റെ രചനയായിരുന്നു, അവിടെ നടന്നുകൊണ്ടിരുന്നത്. ഇരുപത്തഞ്ചു നൂറ്റാണ്ടുകൾക്കുമുമ്പ് ചൈനയിൽ ജീവിച്ചിരുന്ന ലാവോ സു (Lao T-su) രചിച്ച, സത്യത്തിന്റെ വിത്തുകൾപോലെയുള്ളതാവോ തെ ചി്ങ്ങ് (Tao Teh Ching) എന്ന കൃതിയുടെ ആദ്യത്തെ മുപ്പത് അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ മുപ്പതുപേർ  നടത്തിയ മനനങ്ങളുടെ സമാഹാരമാണ് മെഡിറ്റേഷൻ ഓൺ ദി വേ. ഓരോ ദിവസവും തവോ ദെ ചിങ്ങിലെ ഓരോ അധ്യായം പീറ്റർ ഓപ്പൻഹൈമർ വായിക്കും. അരമണിക്കൂറോളം നീളുന്ന മൗനത്തിനും ധ്യാനത്തിനും ശേഷം ഓരോ അന്വേഷകനും തന്റെ ഹൃദയത്തിൽ വിത്തോരോന്നും മുളച്ചുകാണുന്നതെങ്ങനെയെന്നു വ്യക്തമാക്കാൻ ശ്രമിക്കുന്നു. പീറ്റർ അവയും അവസാനം ഗുരുപറയുന്നതും ശ്രദ്ധയോടെ എഴുതിയെടുക്കുന്നു. സത്യം പറയട്ടെ അന്നെനിക്ക് അതൊന്നും മനസ്സിലായിരുന്നില്ല. (ഇപ്പോൾ പുസ്തകം മുന്നിലുണ്ട്. എന്നിലേക്ക് ഗുരുആദ്യം വിതച്ച വിത്തുകൾ എന്നിൽ മുളയിടുമോ എന്ന പരിശോധന മറ്റൊരു കൃതിയായി രചിക്കപ്പടും.)

ആ വർഷമാദ്യം കലാകൗമുദിയിൽ ഗുരു പ്രസിദ്ധീകരിച്ചിരുന്ന മാർക്സിസവും ഹ്യുമനിസ്റ്റ് നോണാർക്കിയും എന്ന ലേഖനം അനേകർക്കിടയ്ക്ക് അന്ന് വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. ക്രൈസ്തവർ മരണാനന്തരമുള്ള സ്വർഗം വാഗ്ദാനംചെയ്ത് മതപരിവർത്തനം നടത്തുന്നതും വിപ്ലവാനന്തരമുള്ള കമ്യൂണിസ്റ്റ് സ്വർഗം വാഗ്ദാനംചെയ്ത് ഇവിടെ ഇപ്പോൾ എന്ന ഏക യാഥാർഥ്യത്തെ അവഗണിക്കുന്നതും സമാനമാണെന്നു ചൂണ്ടിക്കാണിച്ച് ഇവിടെ ഇപ്പോഴുള്ള തന്റെയും അയൽക്കാരുടെയും ജീവിതത്തെ എങ്ങനെ ആനന്ദകരമാക്കാം എന്നു സ്വജീവിതത്തിലൂടെ പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റിയായിരുന്നു, ആ ലേഖനം. മാർക്‌സിസ്റ്റു) പാർട്ടിയുടെ ബുദ്ധിജീവികളിൽ ചില പ്രമുഖർ കലാകൗമുദിയിൽത്തന്നെ ആ ലേഖനത്തോട് പ്രതികരിച്ചിരുന്നു. കമ്യൂണിസ്റ്റു (മാർക്‌സിസ്റ്റു) പാർട്ടിയുടെ ബുദ്ധിജീവികളിൽ ചില പ്രമുഖർ കലാകൗമുദിയിൽത്തന്നെ ആ ലേഖനത്തോട് പ്രതികരിച്ചിരുന്നു. എന്നാൽ, കോളേജിലെ ഇടതുപക്ഷക്കാരായ എന്റെ അഭ്യദയകാംക്ഷികൾപോലും ആ ലേഖനത്തിൽ ഗുരുവിന്റെ ആർജവം സുവ്യക്തമാണെന്നു പറഞ്ഞിരുന്നതിനാൽ ആ ലേഖനത്തിൽ പരാമർശിച്ചിരുന്ന ഊട്ടി ഗുരുകുലത്തിനും അയൽക്കാർക്കും ഇടയിലുള്ള പാരസ്പര്യം നേരിട്ടു കാണാൻ എനിക്കന്ന് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. അയൽവീടുകളിലുള്ള നിരക്ഷരരായ പെൺകുട്ടികൾക്ക് അന്നുമുതൽ ഗുരുകുലത്തിൽവച്ച് സാക്ഷരതാക്ലാസ് തുടങ്ങുന്നതായി ക്ലാസ്സു കഴിഞ്ഞപ്പോൾ ഗുരു അറിയിച്ചു. അതുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഞാൻ അറിയിച്ചെങ്കിലും അതു വേണ്ടെന്നു ഗുരു വ്യക്തമാക്കി. അന്നവിടെ ഉണ്ടായിരുന്നവരുടെ കൂടെ ആ പെൺകുട്ടികളും ഞാനും അടുക്കളയിലേക്കുപോയി തയ്യാറാക്കിവച്ചിരുന്ന ഭക്ഷണം കഴിച്ചു. വിശ്രമിച്ചശേഷം വൈകുന്നേരത്തോടെ ഗുരുവിന്റെ അടുത്തെത്തിയാൽമതി എന്നുപറഞ്ഞ് ചെറിയാൻ കുരുവിള എന്ന കവി എനിക്കായി ഒരുക്കിയിട്ടിരുന്ന മുറിയിലേക്ക് എന്നെ ആനയിച്ചു.

Friday, 24 September 2021

പ്രണവാര്‍ഥസാരം


മലിനതയില്ലിനി നിന്റെയുള്ളിലെന്നും

മലയതിലേറുവതിന്നു ശക്തിയു,ണ്ടാ

മലയതു സഹ്യ,നറിഞ്ഞിടൂ സഹിക്കാന്‍

മലമിനിയി,ല്ലമലന്‍ നിനക്കു സഹ്യനാകാം!


അറിയുക സഹ്യനിലേറുകെന്നതിന്നി-

ന്നറിവിതിലേറുകയെന്നൊരര്‍ഥമാണി-

ന്നറിവിലമര്‍ന്നതിലേറിയിങ്ങീ

നെറിവിലുണര്‍ന്നിടുവാന്‍ നിനക്കു ജന്മം!


മനമതിലേറി മനുഷ്യനായിടാന്‍ നീ

മനനപദാര്‍ഥമറിഞ്ഞു മൗനമെന്നാല്‍

മധുരപദാര്‍ഥമവാച്യ,മറിഞ്ഞിടാന്‍ നീ

മധുനുകരേണമതുണ്ടു നിന്നിലെന്നും!


അതു നുകരാനിവിടെന്നുമെന്റെ മൗന-

സ്മിതമതു കണ്ടരുളെന്ന വാക്കിനര്‍ഥം

അറിയണ,മെന്നുമനാഹതസ്വരത്തില്‍

നിറയുവതാ പ്രണവാര്‍ഥസാരമല്ലോ!