Total Pageviews

Tuesday, 20 July 2021

മൗനസാന്ദ്രത

'ഒരു ജാതി, ഒരു മതം, ഒരു ദൈവ'മെന്നതിൻ

പൊരുളായൊരരുളുണ്ടു കരുണാലയൻ ഗുരു!

ഗുരുവുമൊന്നേയുള്ളു തിത്തിരിപ്പക്ഷിയും

തരിമണലുപോലുംതരും നമുക്കറിവെന്നൊ-

രറിവിലുള്ളരുളാണു ഗുരു, ഗുരുവിനെത്തിരി-

ച്ചറിയുവാൻ കഴിയുന്ന നിമിഷമാം നിത്യതാ-

ക്ഷണ, മാ ക്ഷണം സ്വീകരിച്ചു ചരിക്കുകിൽ

പദമൂന്നിടുന്നിടം മുക്തിമാർഗത്തിലാം!!


അറിയുന്നു ഞാനിന്നു യാഥാർഥ്യമോരോന്നു-

മറിവിന്റെ ശ്രദ്ധയിൽ ലയമായി മാറവെ

കവിതപോലും ധ്യാനമാർഗ, മെൻ മാനസം

ഇവിടെ നിസ്സംഗമായാൽ മൊഴി ധ്യാനമാം!


മൊഴിയിൽനിന്നും മിഴി, മിഴിയിലോ മഴവില്ലു-

മഴകിന്റെ നൃത്തവും നിറയുന്നു, സർവതും 

ഒരു വെണ്മ മാത്രമെന്നറിയുന്ന നിന്നറിവി-

ലിരുളുമരുളേകിടും പൊരുൾ, മൗനസാന്ദ്രത!


Monday, 5 July 2021

ആത്മാനുരണനം

 അറിയുക,യിങ്ങൊഴുകുന്ന ബോധധാരാ- 

നിറവിലതെങ്ങനെ നിർലമാക്കിടാ?മതെന്നും

നെറിവുനിറഞ്ഞൊഴുകീടണം, ഗുരുത്വം

അറിവിനെ വെണ്മയതാക്കി മാറ്റുമൂർജം!


ഗുരു,വരുളെന്നതുപോലെയാ വെളിച്ചം

ഇരുളരുളാക്കിടുമുണ്മ തൻ തെളിച്ചം!

അവിടിവിടുള്ളവയൊന്നുമില്ല, നീയെൻ

കവിതയതായൊഴുകീടുമാത്മസത്യം!!


അനുദിനമിങ്ങനെ നീ കുറിച്ചിടേണം

മനനമിതേവിധ,മിന്നിലാണു ജീവൻ

ചലനമതിൽ നിറയുന്ന നിശ്ചലത്വം!

നിലയിതനശ്വര നിത്യസത്യമല്ലോ!!


അറിയുക,നിന്നുടെ ജീവിതാർഥമെന്നും

അറിവിലലി ഞ്ഞതു നാളെ വന്നിടുന്നോർ

ക്കറിവിലലി,ഞ്ഞവിടന്നുമിന്നിലല്ലാ-

തറിവരുളെന്നിവയില്ലയെന്നു ചൊല്ലൽ!


മതിമതിയെന്നരുളുന്നു നിത്യവും നീ!

ഇതിലെഴുതുന്നതിലൊന്നുമാത്ര,മെന്നും

നിരവധിയുണ്ടു നിറങ്ങളീ രുചിക്കും

സ്വരമതിനും വിവിധാർഥമെന്നുമോർക്കാൻ!


അരുളിലിതൊക്കെയുമൊ,ന്നതുതുണ്മയത്രെ!

നിരവധിയില്ലതു ചിത്തിലുള്ള സത്തിൽ

കരുണ കവിഞ്ഞൊഴുകന്ന ബോധസത്യ-

പ്പൊരു,ളതിലാത്മസുഖാർദ്രവർഷഹർഷം!


എഴുതുകയെന്നുമിതേവിധം നിനക്കീ

കഴിവരുളുന്നതിലർഥമുണ്ടതെന്നോ

ചിലരുടെ ജീവിതസാഗരത്തിലാഴാൻ

അലകളടക്കിയവർക്കു ശക്തി നല്കാം!


Friday, 25 June 2021

ഒഴുക്ക്

ഞാനെതിരായ്ത്തുഴഞ്ഞെങ്ങെങ്ങുമെത്താതെ 
കൈകാല്‍ കുഴഞ്ഞു ഞാന്‍ എത്രയും ദുര്‍ബല-
നെന്നോര്‍ത്തു കേണതാം ധാരകള്‍ സര്‍വതും!
ഞാനെതിരാകാതൊഴുകേണ്ടതെന്തിലാം?

''ഏതൊരൊഴുക്കിന്റെയൊപ്പമാം നിത്യവും
ഞാനൊഴുകുന്നതാ ധാര നിന്നുള്ളിലും
ഉണ്ടതില്‍ മുങ്ങുക പൊന്തിക്കിടക്കുക,
ആനന്ദധാരയാമാധാരധാരയൂ-
ടാകാശമേഘമായീടുവാനാം നിന്റെ- 
യാഗ്രഹമെങ്കിലുമാഴിയിലെത്തണം!

മോഹങ്ങള്‍ നാമുപേക്ഷിക്കാതിരിക്കുകില്‍ 
ചാക്രികമാം ഗതി വെണ്‍മേഘമാകുക,
മാരിവില്ലാകുക, കാര്‍മേഘമായ് മാറി,
മാരിയായ്‌പ്പെയ്തു നദീജലമാകുക....! 

ധ്യാനമെന്തെന്നറിഞ്ഞാ,ലതു ജീവിത-
ജ്ഞാനലയംതന്നെയാവാ, മതെങ്ങനെ-
യെന്നറിയാന്‍ ഹൃദയാര്‍ദ്രത - പൂര്‍ണത-
യെന്തെന്നറിഞ്ഞിടാ,മെന്‍ ശ്വാസധാരയില്‍
എന്‍ശ്രുതിയില്‍ മുഴങ്ങുന്നോരനാഹത-
മെന്നൊരാലാപനം ശ്രദ്ധിച്ചിരിക്കുക!''

ചിന്താവിലാപങ്ങളെല്ലാമൊഴിഞ്ഞിടാന്‍
ബന്ധുരസങ്കല്പധാരയിലൂടെ നാം
എന്നുമൊഴുകുകുയാണെന്നറിഞ്ഞതില്‍ 
മുങ്ങിയൊഴുകിയാല്‍പ്പോരുമെന്നോതി നീ!

''ഓര്‍മിക്കണം നാമൊഴുക്കിതില്‍ നീന്തുവോര്‍
നര്‍മമാണെന്തും സസൂക്ഷ്മമായ് കാണുകില്‍!
ഈയൊഴുക്കിന്നെതിര്‍ നീന്തുന്നതില്‍പ്പരം
മായികവിഭ്രാന്തിയെില്ലെന്നു കാണ്മു നാം!

എന്നുമൊഴുക്കിന്നെതിര്‍തുഴഞ്ഞീടുവോര്‍ 
എങ്ങുമുണ്ടാവുമെന്നാലും, നിനക്കിനി
എന്നുമൊഴുക്കിനൊത്തുള്ള തുഴച്ചിലിന്‍
നിര്‍മമഭാവത്തിലാണാത്മ നിര്‍വൃതി!

വീണ്ടും കടല്‍ജലമാകവെയാഴത്തി-
ലെത്തി മുത്തായിടാന്‍ ആശകള്‍ തീരണം!''

Sunday, 13 June 2021

സിൽവർ ലൈൻ

കേരളത്തിൻ തീരഭൂമിയിലൂടൊരു 

തീരവികസനപ്പാത വരു,ന്നിനി

തീരുമല്ലോ ദീർഘയാത്ര, വടക്കുനി-

ന്നാരെയും തെക്കോട്ടെടുത്തിടും വൻ റെയിൽ!!

ദൂരമെന്നല്ല ലാഭിച്ചിടാം നമ്മൾക്കു

നേരവുമൊത്തിരിയിപ്പാത വന്നിടിൽ!


തീരാത്ത ഭീതിയിൽ മുങ്ങിനില്ക്കുന്നൊരീ

കേരളഭൂമിയെന്നോടു ചൊല്ലുന്നിതാ:


''തീരെ പ്രതീക്ഷിച്ചിടാതെ നാം നില്‌ക്കെ, ഹാ!

തീരാത്ത ദുഃഖം വിതച്ചുകൊണ്ടെത്തിടാം

തോരാമഴ, വടക്കായ് മഞ്ഞുരുകിയാൽ 

തീരംവിഴുങ്ങി കടൽ കരയ്‌ക്കേറിടാം!

ആരെങ്കിലും തരിമണ്ണിതിൽ കാണുമോ?

ആരിങ്ങു ശേഷിച്ചിടും കേരളീയരായ്?''


കേരളീയർ കാണുമെങ്ങെങ്കിലും കര

കേറിയിറങ്ങി ചരിക്കുവോരാണവർ!


''കേരളീയർ ഭൂരിപക്ഷം കടൽകട-

ന്നേറിയ നാടുകൾ രക്ഷപ്പെടുമ്പോഴും

എൻ രൂപ, മെൻ മൊഴി, യെന്റെ സംസ്‌കാരവും

ആരെങ്കിലും പകർന്നീടുവാൻ കാണുമോ?'' 


Friday, 28 May 2021

കുടുംബം

ഭാര്യ

ഭാര്യയെന്നാൽ നിന്റെ ഭാരമെല്ലാം താങ്ങു-

മൊരു ഭാരവാഹിയെന്നോർത്തുവോ നീ?

അറിയണം: നീയാണു താങ്ങേണ്ടതവളെ, നിൻ

നിറവറിഞ്ഞീടവെ അവൾ താങ്ങിടും!


ഇവൾ നിന്റെ മുജ്ജന്മകർമഫലമായ് നിന്റെ

ഭവനാധിനാഥയായ് വാണിടാനായ് 

നവനവോന്മേഷാനന്ദദായിയായ് നിൻജീവ-

കവിതാലയാർദ്രതയായ് വന്നവൾ!

ഇവളെയറിയുമ്പൊഴേ ഞാൻ വരൂ, നിൻ ഹൃത്തി-

ലവിരാമസൗന്ദര്യധാരയാകാൻ

ഇവളിലലിയുമ്പൊഴേ ഞാൻ വരൂ, നിൻ പ്രേമ-

കവിതകളിലാത്മാർഥ തീർഥമാകാൻ!


ശുഷ്‌കവേദാന്തമല്ലാർദ്രയോഗാർഥമാം

നിഷ്‌കളങ്കാർദ്രമാമൻപരുളും

അരുളായി, ദയയോളമൊഴുകിയെത്തീടുന്ന

പൊരുളായ ജീവിതാനന്ദതീർഥം!


അറിയുന്നു, നീയിങ്ങു ദാമ്പത്യയോഗമാം

നിറവേകിടും മർത്യജന്മപുണ്യം!

അതിലാഴുവാൻ നിനക്കിണയായതിവളാണ്,

തുണയായുമവളെന്നുമുണ്ടാകണം!

അതിനു നീ ചെയ്യേണ്ടതൊന്നുമാത്രം - ഹൃത്തി-

നൾത്താരയിൽ ദേവിയാണിവളെ-

ന്നറിയണം, നന്ദിതൻ പൂക്കളായ് നിൻ ചിരി

വിരിയണം, അവയർപ്പിച്ചർച്ചിക്കണം!


മകൾ

നീ പിതാവാകുവാൻ വന്നവളാണിവൾ

നീ പിതൃധർമറിഞ്ഞിടാനും

നിൻ ധർമറിയാതെ, വ്യഭിചരിച്ചീടാതെ

നിൻ വഴി കാണിച്ചുതന്നിടാനും

നിൻ പിന്നില,ല്ലിന്നു, നിൻ മുന്നിലുണ്ടവൾ

നീ ശിഷ്യനാ,ണിങ്ങിവൾ ഗുരുവാം!

Wednesday, 19 May 2021

പദപഥ പഥികൻ

 പദസഹസ്രമെൻ സ്വന്തമായു,ണ്ടവ

പദയുഗങ്ങളായ് മാറിയാം കാവ്യമായ്

പദവിഭൂതികൾ തീർക്കുന്ന, തെങ്കിലും

പദമനേകം നിരർഥകമെന്നിലും!

പദമനേകമെന്തർഥമെന്നോരാതെ

പരരനേകരെൻ ശ്രോതസ്സിലേക്കൊഴി-

ച്ചൊഴുകിടുന്നതും കേൾക്കുന്നതു,ണ്ടവ

പലതുമെൻ ഭാഷയിൽത്തന്നെയുള്ളവ!

പദലയം, പദലാസ്യം, പദാലസ്യ-

പഥമിതൊക്കയെൻ തൂലികാസന്തതി!

പദപഥങ്ങളിൽക്കൂടിച്ചരിക്കുമെൻ

ചലനവേഗതയാശ്ചര്യ!, മില്ലെനി-

ക്കറിയുകില്ലയാവേഗമായ് വേഗതാ

ലഹരിയിൽ ഞാൻ മയങ്ങിവീഴുന്നവൻ!

ജയമതന്നു പകർത്തിടും വേളയിൽ

യമിയുമായ് ഗണനായകൻ! വ്യാസന-

ന്നരുളിയോരുപദേശം പകർത്തിടാം:

‘എഴുതിടൊല്ലർഥമറിയാതെ വാക്കുകൾ!’