Total Pageviews

Wednesday, 20 January 2021

കവിതതന്നെയാം നമ്മിലുള്ളൂർജമായ്!

പുതുമനസ്സും, മറന്നും മറച്ചുമീ

പുതിയ ലോകത്തെ നോക്കാത്ത രീതിയും

മൊഴിമഴച്ചാർത്തിലുള്ളവൾ നീ; നിന-

ക്കെഴുതിടുന്നവയ്ക്കുള്ളൂർജമാർജവം!

പഴയ രീതിയിൽ വൃത്തവും താളവും

പഴമനസ്സുമാണെൻ കാവ്യധാരയിൽ

എഴുതിടുമ്പോൾത്തുളുമ്പിത്തുളുമ്പിവ-

ന്നൊഴുകിയെന്നെയും മൂടിടാറുള്ളൊരീ

പദശതങ്ങളിൽ സ്വന്തസ്വപ്നങ്ങളും

ഹൃദയഭാവാർദ്രമാമുൾത്തിളക്കവും!!

ഇവിടെയൊക്കെയും കാപട്യമെന്നു ഞാൻ

കവിതയിൽക്കൂടിയാലപിച്ചീടവെ

ഇവിടെയുള്ള യാഥാർഥ്യങ്ങളായി നിൻ

കവിതമാറ്റുകെന്നാണു ചൊല്ലുന്നു നീ!

''കവിതയെന്തിന്നു.'' യാഥാർഥ്യമല്ല, യുൾ-

ക്കടലുമോളവും താളവും കണ്ടറി-

ഞ്ഞനുഭവിപ്പിച്ചിടുന്നതിന്നാണതി-

ന്നിവിടെയാവുമോ നിൻപദച്ചാർത്തിനാൽ?

സ്വയമുണർന്നുവന്നീടുന്നു, ചോദ്യങ്ങ-

ളിവിടെയീവിധം കുത്തിക്കുറിക്കവെ

എഴുതിടാതിരുന്നീടിലുൾക്കാഴ്ചകൾ

പലതു നഷ്ടമായ്‌പ്പോകുന്നെനിക്കു; ഞാൻ

എഴുതിടേണമീ രീതിയിൽ നിത്യവും!

എഴുതിടാതിരുന്നീടുകിൽ വായുവിൽ

അലിയുമെന്നിൽപ്പുണർന്നുണർന്നർഥങ്ങ-

ളരുളിടേണ്ടവാഗ്താരകാരശ്മികൾ!!

എഴുതിടേണ്ട നീയീവിധം; നിൻവഴി,

മൊഴിയു, മന്യമാണെങ്കിലും നിൻമൊഴി-

യ്ക്കടിയിലുള്ളതാം സ്രോതസ്സുകാണും ഞാൻ

കവിതതന്നെയാം നമ്മിലുള്ളൂർജമായ്!


Tuesday, 19 January 2021

ഗഗനാർഥം

 ഒഴുകിവരുന്നരു,ളിങ്ങിതേതു താളം

തഴുകവെയാം ശ്രുതിമാരിയായുണർന്നീ

പുഴയിലെ ബുദ്ബുദജാലമായി വൃത്തം

നജജരഗം ഗഗനാർഥമെന്നു ചൊല്വൂ!

 

ഗഗന,മിതാണിവിടുള്ളതിന്റെയെല്ലാം

പൊരുളരുളും ശ്രുതിയിങ്ങുണർത്തിടുന്നൂ.

ശ്രുതിയിലൊരാപ്തനുണർന്നു കണ്ട സത്യം!

അതു ശരിയെന്നതു വിശ്വസിച്ചു നീങ്ങൂ!!

 

അറിവിലടങ്ങിടുമുള്ളതൊക്കെയെന്നു-

ള്ളറിവിതിനുൾപ്പൊരുളാദ്യമായ് പഠിക്കാം:

അറിവിതിലെങ്ങനെയേറുമെന്റെ ദേഹം

അതിനിടമേകിടുമീയനന്ത വിശ്വം?

 

അനുഭവസീമയിലുള്ളതൊക്കെ സത്യ-

പ്പൊരുളരുളുന്നവ എന്നറിഞ്ഞിടുമ്പോൾ

അവികലമല്ലിവിടിന്ദ്രിയജന്യമായതെന്നും

സ്മൃതികളുമങ്ങനെതന്നെയെന്നുമോർക്കൂ!

 

അറിയുക: നിൻ സ്മൃതി നിന്റെയുള്ളിലല്ലോ

അതിലണയുന്ന തരംഗജാലമാണി-

ങ്ങനുഭവമായി നിറങ്ങളായ് നിലാവിൽ

നിഴലലപോലെയുണർന്നടങ്ങിടുന്നു.


അറിയുക: വെട്ടമതൊ,ന്നതിൽ സഹസ്രം

നിറമവയൊക്കയുമുള്ളിലെത്തിടുമ്പോൾ

ഉണരുമൊരായിരമോർമകൾ മറക്കൊ-

ല്ലനുഭവമൊക്കെയുമിന്ദ്രിയേന്ദ്രജാലം!

 

പുറ,മകമെന്ന വിഭേദകസ്മിതത്തിൽ

പുലരുവതെങ്ങുമഭേദമാം പ്രപഞ്ചം.

'പറയുക: പ്രാണനുമന്നവും പുറത്തു-

ള്ളിരു പൊരുളെന്നതു സത്യമല്ലയെന്നോ?'

 

അവ തവദേഹമതിൻ പുറത്തുതന്നെ

അറിയുക: ദേഹവുമീ യനന്തതയ്ക്കുൾ-

പ്പൊരുളരുളുന്ന പ്രപഞ്ചവും അടങ്ങും

പൊരുളറിവാണതിലാണു നമ്മളെല്ലാം.

 

ഇവിടനിഷേധ്യതയുള്ളതാകെ ഞാനി-

ങ്ങറിയുവതൊക്കെ,യതിൽപ്പെടുന്ന സ്വപ്ന-

സ്മൃതികളിലും വരെയന്യരുണ്ടു, ദേഹം

അറിവിലെ മൂലയിലുള്ള ചാലു മാത്രം.

 

അറിവിനകംപുറമില്ല, യിങ്ങുകാണു-

ന്നവയവതന്നെ, യവയ്ക്കിടം നമുക്കി-

ങ്ങനുഭവമാകുമിടത്തുതന്നെ, നാമും

അറിവിലമർന്നവരായ നിത്യസത്യം! 

Monday, 18 January 2021

മതിമതി

കവിതകളാണവബോധധാരയായ് നിൻ 

ഭവഭവനാദിതരംഗ ബുദ്ബുദങ്ങൾ

തകരവെയും നിലനിന്നിടുന്ന സത്തിൻ

ശകലശലാകകളായി മിന്നിനില്ക്കാൻ!


ഇവിടെയനന്തതയാണു പൂജ്യഭാവം

നവനവമൂഷ്മളഭാവപംക്തിയായ് വ-

ന്നവികലസസുന്ദര സ്വപ്നമന്ദഹാസം 

കവിതകളായി വിടർത്തിടുന്ന കാര്യം!.


മതിമതിയെന്നതിലാണു മൗനമന്ദ-

സ്മിതമുണരും പൊരുൾ, വേണ്ട വേണ്ടെ-

ന്നരുളവെയാണരുളായി വേണ്ടതെല്ലാം

അരികിലണഞ്ഞു ചിരിച്ചു നിന്നിടുന്നു!


ഇതു ഭവഭാവ, മറിഞ്ഞിടുന്ന നിന്നിൽ

ഇതു കവിയുമ്പോഴുതാണുണർന്നിടുന്നു

കവിതകളായരുളിന്റെ സത്യമോതാൻ

അവികലമാമനുഭൂതിതൻ തരംഗം!


മതിമതി, യിന്നിതു പോരുമെന്നുമെന്നും,

മതിയിലുണർന്നുവരുന്നതൊക്കെയിന്നിൻ

പൊരുളുകളാക്കുവതിന്നുമാത്രമാണെ-

റിയുകയപ്പൊരുളായുണർന്നിരിക്കൂ!


അരുളിരുള, ല്ലിരുളിൻ പൊരുൾ വിരിഞ്ഞീ

കരളിലൊരാത്മസുമസ്മിതാർദ്രഭാവം

വിതറിടുമൂഷ്മളസത്യ, മിങ്ങു കാണും

ചിതറിയ ബുദ്ബുദപൂജ്യഭാവ, മെല്ലാം!


ഇതുവഴിപോകുകിലാർക്കുമൊന്നുമൊന്നും

തിരിയുകയില്ല, നിനക്കുമാത്രമെന്തോ

പൊരുളിതിലുള്ളതറിഞ്ഞുണർന്നുനിന്നീ

യരുളറിയാ, മതുപോരുമെന്നുമോർക്കൂ!


Saturday, 16 January 2021

കൊതുകുകളും ഗുരു

കൊതുകുകളും ഗുരുവെന്നറിഞ്ഞു ഞാനീ

നിമിഷമിരു, ന്നതിശാന്തനാ, യവയ്ക്കും

ഇവിടൊരു ജീവനമുള്ളതോർത്തു, സ്വന്തം

രുധിരമശിക്കുകയെന്നു ചൊന്നിടുമ്പോൾ . 


അവ പടയായി വരുന്നതുണ്ടു, പക്ഷേ, 

അവയുടെ പാട്ടിലലിഞ്ഞു ശാന്തനായ് ഞാൻ

വെറുതെയിരിക്കവെ വേ,ണ്ടവയ്ക്കു രക്തം

അവയരുളുന്നിവിടുള്ള ശാന്തി പഥ്യം!


അവയിവിടെന്നുടെ ദേഹസീമയിൽനി-

ന്നൊരുതരി ദൂരെയലഞ്ഞിടുന്നു പാട്ടും 

നടനവുമാണവ, യാസ്വദിച്ചിടുമ്പോൾ

ഇവിടെയവയ്ക്കുമെനിക്കുമുള്ളു ശാന്തം!


Friday, 15 January 2021

നീയെനിക്കാരാണ്?

                ഉള്ളിലാണൊക്കെയുമെന്നു ചൊന്ന്

               ഉള്ളിൽ നിറഞ്ഞു കവിഞ്ഞവൻ നീ.

മണ്ണിലൊന്നും സ്വന്തമല്ല, ഉള്ളി-

ന്നുള്ളിലുള്ളോൻ സ്വന്തമെന്നറിഞ്ഞാൽ

സ്വന്തമല്ലാത്തതായൊന്നുമില്ല,

പോസ്റ്റുമാനായ് സ്വയം കണ്ടിടേണം

പോസ്റ്റുമാൻ പോസ്റ്റൽ വകുപ്പുതന്നെ

എന്നൊക്കെയുൾക്കാഴ്ചയേകിയോൻ നീ.

               നീ സ്വയം വിശ്വവിധായകൻതൻ

               സന്ദേശവാഹകനായറിഞ്ഞോൻ.

               സ്നേഹിതരില്ലാത്തവർക്കു വേണ്ടി

               സ്നേഹാർദ്രം കത്തു കുറിച്ചയച്ചോൻ.

എന്നുള്ളിലേറിയുൾക്കാഴ്ചയേകും

നീയെനിക്കാരാണ്, വെട്ടമായും

കണ്ണായും ബോധപ്രകാശമായും

എന്നിലുള്ളോനിൽ ലയിച്ചവൻ നീ!

Wednesday, 13 January 2021

ഹൃദയം ദയാലയം (അനുദിന കവിത - 2021 ജനുവരി 14)

 ഹൃദയം ദയാലയം, അരുളിൻപൊരുൾ മർത്യ-

ഹൃദയാലയത്തിന്റെ ഹൃദയത്തിലെ ദയ!

മൃദുലം മൃദുസ്‌മേരഭരിതം ദയാവായ്പിൽ

ഹൃദയം സ്പന്ദിക്കുമ്പോൾ ലോകമേ സ്‌നേഹാലയം!