Total Pageviews

Sunday, 27 September 2020

മൂന്ന് അനുകവിതകൾ

 

സുഖദു:ഖങ്ങൾക്കെല്ലാം  അപ്പുറത്തല്ലല്ലി,ടയ് -

ക്കഹമെന്നറിഞ്ഞീടിൽ അതിലാഴ്ന്നീടിൽ മാത്രം

അറിയാനാവും ഭാവമാണല്ലൊ ശാന്തം! അതി-

നൊരു മാർഗമാം :  പ്രാണസാക്ഷിയായ് കാണാം സ്വയം!

*

ഇന്നിവിടെയെന്നല്ലാതെയില്ലിവി-

ടിന്നലെ, നാളെയെന്നിവയൊന്നുമെ-

ന്നുള്ളതാണേക സത്യം! എനിക്കുള്ളി-

ലുള്ളതല്ലാതറിവിലെന്തുള്ളതായ്?

*

ഞാനുമൊരു കവിതയെന്നറിയുന്നവൾ പിന്നെ

ഞാനുമൊരു മഴയെന്നു,പുഴയെന്നു, കടലെന്നു-

മറിയുമെന്നറിയുന്നു കവി! കവിത കവിയുകിൽ

ഗതി കടലിലേക്കിനി! കടലതേതറിയുമോ?

*

Wednesday, 9 September 2020

അഴകിലഴുക്കലിയാനഴൽത്തടാകം

 

ഒഴുകിവരുന്നവയെന്തുമാവു,മെന്നാൽ

എഴുതിവരുന്നവയർഥപൂർണമാക്കാൻ

അഴകഴലെന്നിവയൊപ്പമുണ്ടഴുക്കും,

നിഴലൊഴിയില്ല വനത്തിലെന്നപോലെ!!

 

പുഴയൊഴുകാതെ തടാകമായിടുമ്പോൾ

അഴകെഴുമാമ്പലതിന്നടിയ്ക്കഴുക്കിൽ

വളരു,മഴുക്കടിയിൽ അടിഞ്ഞിടുമ്പോൾ

വളമതിനാൽ വളരുന്നൊരാമ്പൽ പൂക്കും!

അഴകിലഴുക്കലിയാനഴൽത്തടാകം

അഴലഴകാമ്പലു പത്മവും വിടർത്തും!!

Saturday, 29 August 2020

കലി-കാലതായ കാളി!*

 

അറിവിലുമേറിയതെന്ത്? നിന്നിലല്ലാ-

തറിവുറവായതുമെന്ത്? വെട്ടമല്ലാ-

തിരുളിനു, വർണസഹസ്രജാലവിദ്യ-

പ്പൊരുളിനുമുത്ഭവകേന്ദ്രമെങ്ങ്? തേറൂ!

 

ഇരുളതിനുണ്മയതെങ്ങ്? കാര്യജാല-

പ്പൊരുളുകളൊക്കെയുമെങ്ങ്? മൗനസാന്ദ്ര-

സ്മരണയിലെന്നിയെ യെങ്ങുണർന്നിടുന്നു

പൊരുളരുളായുരുവായ ശബ്ദജാലം?

 

ഗഗനരഹസ്യമതെന്ത്? ജാലമില്ലാ-

തഗതികൾ ഞങ്ങളിൽ ലക്ഷ്യബോധമേകും

ജഗദിനുമീ ജഗദീശ്വരന്നുമെല്ലാം

സുഗമലയംപകരുന്ന വേദബിന്ദു?

 

അരുളിരുളിൻപൊരുള,ല്ലറിഞ്ഞിടേണം

ഇരുളിനഭാവമതല്ല വെട്ട,മെന്നാൽ

ചിരിവിരിയിച്ചിടുവാനുണർന്നിടുന്നോ-

രിരുളിനു വർണസഹസ്രമുണ്ടു മക്കൾ!

 

അറിയുക: വർണസഹസ്രജാലമെല്ലാം

നിറവരുളുന്നവയാണു ജീവിതത്തിൽ!

നിറമവസർവതുമുള്ളിലേറ്റിടുന്നോൾ

ഒരുവ,ളവൾ കലി-കാലതായ കാളി!

 

* കലിയുടെയും കാല(ത്തി)ന്റെയും അമ്മയായ കാളി

Saturday, 22 August 2020

മൂന്ന് ഉപനിഷദ് കവിതകൾ

ഓം ഗുരുബ്രഹ്മാ....

സൃഷ്ടി,സ്ഥിതി,സംഹാരങ്ങൾ മൂന്നും

നിത്യം നിൻ ബോധത്തിൽ സംഭവിക്കെ

ദൈവമേ ജ്ഞാനപ്രകാശമേ നീ

ഞങ്ങളിലുജ്വലിച്ചുദ്ഗമിക്കൂ!

ഓം സഹനാവവതു....

ഞങ്ങളിൽ ഞാനെന്ന ഭാവമുണ്ടായ്

വിദ്വേഷമായ് വളരാതിരിക്കാൻ

നിത്യവും സ്നേഹപ്രവാഹമായ് നീ

ഞങ്ങളിലൂടെന്നുമിങ്ങൊഴുകൂ!

ഓം പൂർണമദഃ....

പൂർണമങ്ങെങ്കി,ലുണ്ടിങ്ങും

പൂർണം, പൂർണങ്ങൾ ചേർന്നീടിൽ

പൂർണംതന്നെ,യതിൽനിന്നും

പൂർണം നീക്കുക ഹാ! പൂർണം!!

            പൂർണം പൂജ്യമതായാലും

            തത്ത്വം വ്യത്യസ്തമല്ലല്ലോ!

            പൂർണം, പൂജ്യ, മനന്തത

            മൂന്നും വ്യത്യസ്തമല്ലല്ലോ!!

എന്താണിത്തത്ത്വമെന്നോടി-

ന്നോതും തത്ത്വ?മതാരായ്കെ

'പൂർണം പൂജ്യവുമായ് നിന്നിൽ

പൂജ്യൻ ഞാൻ' നിത്യനോതുന്നു!




Tuesday, 28 July 2020

വരും തലമുറ കുരുവിലെത്തരു!


ജോസാന്റണി
വിരലുകള്‍ മുറിച്ചൊരു വിരലിനാല്‍,
ഇരു ചെവികളും ഇരു മിഴികളും
തുറന്നുമിത്തിരി തുറന്നടച്ചുമി-
ങ്ങിരുന്നിടുന്നവര്‍ വളര്‍ന്നുവന്നിടില്‍,
കണിനി*യില്‍ വല** വിടര്‍ന്നു നില്ക്കവെ,
വരും തലമുറ വലയിലെയിര!
 
അവരെയാണു ഞാനിവിടിരിക്കവെ,
കവിതതന്‍ മിഴി തുറന്നുവയ്ക്കവെ,
ഇവിടെയും വല വിലങ്ങിനില്ക്കിലും
ഇവിടെയിന്നിലീനിമിഷബിന്ദുവില്‍
നിറഞ്ഞുനില്ക്കുമൊരമരരൂപമായ്
കുരുവിലെത്തരു സമം ദര്‍ശിക്കുന്നു!

കുരുവിലെത്തരു! അതിനെ വേനലും
മരുവിലെ ജലരഹിത ഭൂമിയും
ഒതുക്കുമെങ്കിലും പ്രതീക്ഷവിട്ടിടാ-
തൊരു പെരുമഴ വരുമൊരിക്കലെ-
ന്നുണര്‍വൊടെന്നുമിങ്ങൊരാത്മബോധമായ്
സ്വയമറിഞ്ഞവര്‍ വരും തലമുറ!

 * കണിനി = കമ്പ്യൂട്ടര്‍ (തമിഴ്)
**വല = ഇന്റര്‍നെറ്റ്