Total Pageviews

Friday, 21 June 2019

മൂകാംബികയും മൗനമുദ്രകളും


ജോസാന്റണി (manobhavam@gmail.com)
മൂകാംബിക ഒരസുരന്റെ ആസുരവിക്രിയകളെ കീഴടക്കിയത് ആ അസുരനെ മൂകനാക്കിക്കൊണ്ടായിരുന്നു. അങ്ങനെയാണോ അമ്മ മൂകാംബികയായത്? അതോ അമ്മയുടെ സ്വരൂപത്തിലും സ്വഭാവത്തിലുമുള്ള  മൗനമുദ്രകള്‍ കൊണ്ടോ?
അമ്മയെന്നോട് ആവശ്യപ്പെടുന്നത് എനിക്കുള്ളിലുള്ള അസുരനെ മൂകനാക്കലാണോ അമമയുടെ മൗനമുദ്രകളുടെ അര്‍ഥതലങ്ങളില്‍ മുങ്ങിക്കുളിക്കലാണോ?
എന്തിനു നീ മൂകനാകണം എന്ന് അമ്മ ചോദിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് റോബര്‍ട്ടിനെയാണ്. വിശ്വപൗരനും അരാജകനുമായിരുന്ന റോബര്‍ട്ട് മഹാസമാധി. സാമൂഹിക നിയമങ്ങളെ അവഗണിച്ചിരുന്ന റോബര്‍ട്ട് കുറെക്കാലം കൊല്ലൂരുണ്ടായിരുന്നു. റോബര്‍ട്ടിനെ ഞാന്‍ കണ്ടിട്ടുണ്ടോ? എനിക്ക് ഓര്‍മ്മ വരുന്നില്ല. കണ്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോള്‍ എനിക്ക് ഓര്‍മ്മിക്കാനായി ഒരു റോബര്‍ട്ട് ഉണ്ടായിരുന്നു. ഒരു മഹാഗുരുവിന് മഹാസ്വപ്നം സമ്മാനിച്ച റോബര്‍ട്ട്. ഗുരുപറഞ്ഞു: ''റോബര്‍ട്ട് നീ മഹാസമാധിയിലാണ്. സമാധി വിട്ടുണരുമ്പോള്‍ നിനക്കെല്ലാം മനസ്സിലാകും.'' റോബര്‍ട്ട് ഉണര്‍ന്നോ? എനിക്കറിയില്ല. എനിക്കറിയാവുന്നത് പുഴുവിന് പൂമ്പാറ്റയാകണമെങ്കില്‍ കുറെക്കാലം സമാധിയില്‍ കഴിയേണ്ടതുണ്ട് എന്നുമാത്രമാണ്.
ഇത്രയും എഴുതിയപ്പോള്‍ എന്റെ ഗുരുമാതൃകയായ ഗണപതിയുടെ രൂപം മനസ്സിലുണര്‍ന്നു. മൗനം എങ്ങനെ വാചാലമാകാം എന്നു കാണിച്ചുതരുന്ന, വിശേഷമായി ഗ്രഹിക്കേണ്ട, വിഗ്രഹം. ലോകഗുരുവായ ഗണപതി മൂകനായി എന്നെ പഠിപ്പിക്കുന്നത് എന്തെല്ലാമാണ്? എല്ലാം കേള്‍ക്കണമെന്ന് ധ്വനിപ്പിക്കുന്ന വലിയ ചെവികള്‍. കേള്‍ക്കുന്നതെല്ലാം ഉള്‍ക്കൊള്ളേണ്ടതില്ലെന്നും മൃഗങ്ങള്‍ അവയ്ക്കു ഭക്ഷ്യയോഗ്യമായ ആഹാരസാധനങ്ങള്‍ മണത്തുനോക്കി മനസ്സിലാക്കുന്നതുപോലെ അറിയേണ്ടകാര്യങ്ങള്‍ മാത്രം വിവേകപൂര്‍വ്വം സ്വാംശീകരിക്കണമെന്നും ധ്വനിപ്പിക്കുന്ന വലിയ മൂക്ക് - തുമ്പിക്കൈ. ഒരു കൈയില്‍ വിഘ്‌നങ്ങളെ തകര്‍ത്തെറിഞ്ഞ് മുന്നേറണം എന്നു ധ്വനിപ്പിക്കുന്ന കോടാലി. മറുകൈയില്‍ ചിലപ്പോഴൊക്കെ ഒരു ചുവടു പിന്നോട്ടു വച്ചശേഷമേ മുന്നേറാനാവൂ എന്നു ധ്വനിപ്പിക്കുന്ന, ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന, ആനത്തോട്ടി. പുറത്തേക്കു നോക്കുമ്പോഴും ഉള്ളിലുള്ളതുംകൂടി ചേര്‍ന്നതാണ് ഓരോ അനുഭവവും എന്ന് മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന പാതിയടഞ്ഞ കണ്ണുകള്‍. വസ്തുനിഷ്ഠമായി ഒരു സ്ത്രീരൂപമല്ലാതെ അമ്മയെയോ കാമുകിയെയോ (ഉള്ളിലെ ഓര്‍മ്മകള്‍ കൂട്ടിച്ചേര്‍ക്കാതെ) ആര്‍ക്കും കാണാനാവില്ലല്ലോ. ജീവിതാനുഭവങ്ങള്‍ മധുരമായി ആസ്വദിക്കാനുള്ളതാണെന്ന് വയറു നിറഞ്ഞിരിക്കുമ്പോഴും കൈയില്‍ മധുരപലഹാരവുമായിരുന്ന് ഉദ്‌ബോധിപ്പിക്കുന്ന ഗണപതി. തന്റെ അഹന്തയാകുന്ന കൊമ്പ് ഒടിച്ച് അതുകൊണ്ടാണ് എഴുതേണ്ടതെന്നു ധ്വനിപ്പിക്കുന്ന ഗണപതി. സര്‍ഗ്ഗാത്മകതയിലെ ബോധാബോധതലങ്ങളെ തൊട്ടുകാണിക്കുന്ന മഹാഭാരതരചനാ സന്ദര്‍ഭം. താനെഴുതുന്നവേഗതയില്‍ പറഞ്ഞുതന്നാല്‍ പകര്‍ത്താമെന്ന അഹന്ത. താന്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ ഗ്രഹിച്ചിട്ടുമാത്രമേ പകര്‍ത്താവൂ എന്ന വ്യാസനിര്‍ദ്ദേശത്തിലല്ലേ, യഥാര്‍ഥത്തില്‍ ഗണപതിയുടെ കൊമ്പൊടിഞ്ഞത്?
വൃദ്ധരായ ശിഷ്യര്‍ക്കുമുമ്പില്‍ ആല്‍മരച്ചുവട്ടില്‍ ജ്ഞാനമുദ്രകാണിച്ച് മൗനമായിരിക്കുന്ന പതിനാറുകാരന്‍ മാര്‍ക്കണ്‌ഡേയനോ ശങ്കരാചാര്യരോ? ആരായാലും മൗനമുദ്രിതമായ ജ്ഞാനസാഗരത്തില്‍ മുങ്ങിക്കുളിച്ച്  ഉണരാനുള്ളതാണ് നമ്മുടെയെല്ലാം ജന്മം എന്നു ഞാനിന്നറിയുന്നു.
സുഷുപ്തിവിട്ട് ഉണരാന്‍ കാലമായിരിക്കുന്നു. എഴുത്തായാലും മറ്റെന്തു കര്‍മ്മമായാലും എന്തും ബോധപൂര്‍വ്വമായിരിക്കട്ടെ എന്ന ഉപദേശം എന്നും നമുക്കു മാര്‍ഗദര്‍ശകമാകട്ടെ.
ഗണപതി മഹാഭാരതം പകര്‍ത്തിയപ്പോള്‍ സംഭവിച്ചതു പോലെ നമുക്കും സംഭവിക്കട്ടെ! പോരേ?

Monday, 28 January 2019

ആ ബാലൻ നീ തന്നെ!

കവിത - ജോസാന്റണി


അറിയണം: നമ്മള്‍ക്കെതിര്‍നില്പതാര്‍? അവന്‍
ഒരു രാക്ഷസന്‍, കണ്‍കള്‍ ചെവികളും കോടികള്‍!
അവനുള്ള നാവുകളുമതുപോലെ കോടികള്‍!!

അവനെയെതിരിട്ടിടാന്‍ നമ്മള്‍ക്കുമതുപോലെ
അവയവങ്ങള്‍ കോടി വേണമോ? ദാവീദി-
നവയവങ്ങള്‍ മര്‍ത്യസഹജമായുള്ളതേ
ഉണ്ടായിരുന്നുള്ളു! ബുദ്ധിയോ ശക്തിയോ
സ്വന്തമല്ലെന്നുമതു ദൈവമേകുന്നതാ-
ണെന്നുമോര്‍ത്താണവന്‍ ഗോലിയാത്തിന്നോടു
പടവെട്ടുവാനായിറങ്ങിത്തിരിച്ചതെ-
ന്നൊരു നിമിഷമോര്‍മിച്ചുമേകാഗ്രദൃഷ്ടിയൊടു-
മൊരു കവണയെയ്താല്‍ സുനിശ്ചിതമാം ജയം!

എങ്കിലും ഏകനാം രാക്ഷസന്നോടിവിടെ
യുദ്ധം നയിക്കുവാന്‍ നായകന്‍ ഞാനെന്ന
ഭാവത്തൊടായിരം പേരുണ്ടവര്‍ക്കിനിയു-
മിവിടെയൊരു ദാവീദു വന്നു നിന്നീടവെ
അംഗീകരിക്കുവാന്‍ ആവില്ല, ദൈവമാം
'ഒരു ബാലനായിനിയുമെന്‍ ജന്മ'മെന്നിതാ
അരുളു,ന്നതേറ്റുപാടുന്നു ഞാന്‍, ഉള്‍ക്കൊണ്ടു
'പടനയിക്കാനവനെ യനുവദിച്ചീടുക!'

ആ ബാലനാരെന്ന ചോദ്യത്തിനുത്തരം:
''നീതന്നെ,യെന്‍ മനവുമെന്‍ മിഴിയുമുള്ള നീ
നിന്നിലെ നിന്നഹങ്കാരംവെടിഞ്ഞിടില്‍
ദാവീദുതന്നെ,'' 'ദൈവം തരും അമ്പുകൾ
അവ വിവേകത്തൊടെയ്തീടില്‍ സുനിശ്ചിതം
ഗോലിയാത്തിന്‍ പതനമീ യുഗാന്ത്യത്തിലും!'

Wednesday, 23 January 2019

നിന്മുഖമങ്ങിങ്ങു കണ്ടിടുമ്പോള്‍


ഞങ്ങ,ളിങ്ങുള്ളയലാളരാമേവരും
തങ്ങളില്‍ സ്‌നേഹാര്‍ദ്രഭാവമോടെ
എങ്ങുമങ്ങെന്നറി,ഞ്ഞാനന്ദജീവിത-
മിങ്ങുള്ള സ്വര്‍ഗമിന്നെന്നറിഞ്ഞാല്‍
തിങ്ങിയൊഴുകിടുമാ ധാര സ്‌നേഹമായ്
എങ്ങെങ്ങുമെന്നും തിളങ്ങുമല്ലോ!

നന്മ ഭവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍
നിന്മുഖമങ്ങിങ്ങു കണ്ടിടുമ്പോള്‍
നന്മ വെളിച്ചമായിങ്ങണയും, ഇരുള്‍
-തിന്മ, വര്‍ണാദിക-ളസ്തമിക്കും!

എല്ലാവരും, നന്മയുള്ളിലുള്‍ക്കൊള്‍വതാ-
മെല്ലാമെന്നല്ലിലും കണ്ടറിയാന്‍
ഞാന്‍ മിഥ്യയെന്നറിഞ്ഞെന്‍ സ്മൃതീസങ്കല്പ-
മെന്‍ മനസ്സും മാറ്റിയൊക്കെ നോക്കാന്‍
നിന്മിഴിയാലെയിങ്ങുള്ളവയൊക്കെയും
നന്മയായ് കണ്ടറിഞ്ഞാസ്വദിക്കാന്‍
നിന്നരുളെന്നിരുളെന്നറിഞ്ഞിങ്ങുള്ള
നന്മതന്നാഹാരമായ് തിന്മയെ
മാറ്റുവാന്‍, നെല്ലിനും താമരയ്ക്കും ചെളി-
മണ്ണിലാം പോഷണമെന്നറിയാന്‍
നെല്ലിക്ക കയ്പും മധുരവുമെന്നപോല്‍
പുല്ലിനംതന്നെ നെല്ലെന്നറിയാന്‍
എന്നിലെ നിന്നെ ഞാന്‍ കണ്ടറിഞ്ഞീടുവാന്‍
നിന്നില്‍ നീയെന്നെയടക്കിടേണം!

Saturday, 5 January 2019

ആമോദശാന്തിയിൽ ...


എതിരന്‍ കതിരവന് ഒരു പ്രതികരണം

(ഇന്നലെ പാലായില്‍ എതിരന്‍ കതിരവന്റെ ഒരു പ്രഭാഷണം ഉണ്ടായിരുന്നു. അതു കേട്ടപ്പോള്‍ നാരായണഗുരുവിന്റെ ഭാഷയില്‍ എന്നില്‍നിന്നൊഴുകിവന്ന ഒരു പ്രതികരണമാണ് താഴെ:)

എതിരാ, കതിരവനെതിരായിരുളാ-
ണെതിര്‍നില്പവനോ കതിരൊളിയാം വാള്‍!
ഇരുളില്ലെന്നതു സത്യം! കതിരൊളി
ചിതറവെയവയുള്‍ക്കൊ,ണ്ടവയെല്ലാം
അവനവനായെന്നുള്ളൊരു കരുതലി-
ലുരുവാകുന്നിരുളെന്നുള്ളറിവില്‍
നിറമായിരവും ഒരുമിച്ചിരുളായ്
അറിയുന്നൂ നീ മസ്തിഷ്‌കത്തില്‍!

''മിഴിയില്‍ക്കൂടി മസ്തിഷ്‌കത്തില്‍
പ്രതിബിംബിപ്പതു തലതിരിവോടെ!
നിറമായ് നാമറിയുന്നവയല്ലാ
കാണും വസ്തുവിലുള്ള നിറങ്ങള്‍!
ഉള്ള പ്രകാശക്കതിരുകളെല്ലാം
ഉള്‍ക്കൊള്ളുമ്പോള്‍ വസ്തു കറുപ്പായ്!
സകലം പ്രതിബിംബിപ്പിക്കുന്നവയോ
വെണ്മനിറഞ്ഞവയെന്നറിയേണം!!''
ഇങ്ങനെ പറയും ശാസ്ത്രത്തോടായ്
ഇരുള്‍ മാറ്റും ഗുരുവിന്നരുളിങ്ങനെ:

സകലതുമുള്ളവയാണറിഞ്ഞിടുമ്പോ-
ളവയുരുവാകുകയാണു നിന്നി,ലിപ്പോള്‍
ഇവിടെയിതെന്നതിലേറെ സത്യമില്ല,
അതിലറിയുന്നതുപോലെയാണു സത്യം! 

വിശകലനങ്ങളിലൂടെയൊന്നുമില്ലെ-
ന്നരുളവെയെന്നെയൊഴിഞ്ഞ സത്യമെന്തെ-
ന്നരുളുക, ഞാനിവിടിന്നറിഞ്ഞതെല്ലാം
അരുളിരുളില്‍ തെളിയിച്ച വെട്ടമല്ലേ?

അറിയുക: എന്നിലെ സത്യമിന്നു നിന്നില്‍
പ്രതിഫലിതം മൊഴിയൂടെ, ശബ്ദജാലം!
അതിനകമര്‍ഥശതങ്ങള്‍ തിങ്ങിടുമ്പോള്‍
കഥയറിയാതിവിടാടിടുന്നു മായ!!
 

Sunday, 2 December 2018

ജ്ഞാനസ്‌നാനം!


എന്നയല്‍ക്കാരെ ഞാനെന്നുടെയുള്ളിലും
എന്‍രൂപമെന്നയല്‍ക്കാര്‍ക്കുള്ളിലും
കണ്ടിടാറുണ്ടെങ്കിലും ഞങ്ങളങ്ങിങ്ങു
കണ്ടിടാറില്ലെന്നറിഞ്ഞിന്നു ഞാന്‍!

അങ്ങിങ്ങുമിങ്ങങ്ങും തിങ്ങിനിറഞ്ഞല്ലോ
ഇങ്ങൊഴുകുന്നു നീ! സ്‌നേഹാര്‍ദ്രമാം
നിന്‍ നദിയില്‍ ഞങ്ങള്‍ മുങ്ങിടും, ജ്ഞാനാര്‍ദ്ര-
ധാരയില്‍ മുങ്ങവെ ജ്ഞാനസ്‌നാനം!

എന്നെ ഞാന്‍ എന്നപോലെന്നയല്‍ക്കാരനെ
ഞാനു,മവനെന്നെയും കണ്ടിടില്‍
തീരാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്നറി-
ഞ്ഞിന്നിങ്ങു ഞങ്ങളുണര്‍ന്നിടുന്നു!

ആരുമേ വേദനിച്ചീടാതിരിക്കുവാന്‍
ആവുംവിധം സഹായങ്ങളേകാന്‍
നിന്നരുള്‍ ഞങ്ങള്‍ക്കു കിട്ടിടു,ന്നിന്നിതാ
ഭൂമിയില്‍ സ്വര്‍ഗമുയര്‍ന്നിടുന്നു!

Wednesday, 28 November 2018