Total Pageviews

Friday, 12 May 2017

സങ്ക്‌ല്പത്തിലൂടെ സജീവതയിലേക്ക്‌

എന്റെ പേര് സജീവ്, അല്ല സങ്കല്പ് എമ്മാനുവല്‍. ഇന്നലെ ഞാന്‍ പരിചയപ്പെട്ട ഒരു ടൂറിസ്റ്റ് ഗൈഡാണ് എന്റെ പേര് മാറ്റാന്‍ പ്രേരിപ്പിച്ചത്. ഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്‌സ്പീയറുടെ പ്രശസ്തമായ ചോദ്യം ഉദ്ധരിച്ചു ഞാന്‍ പ്രതിരോധിക്കാന്‍ തുനിഞ്ഞപ്പോള്‍ അദ്ദേഹം 'മനശ്ശാസ്ത്രം ജീവിതത്തില്‍' എന്ന പുസ്തകത്തില്‍ നിത്യചൈതന്യയതി തന്റെ ഒരനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പേരിന്റെ പ്രാധാന്യം വിശദീകരിച്ചിട്ടുണ്ടെന്നും പേരുമാറ്റത്തിലൂടെ പലതും സാധിക്കും എന്നും വ്യക്തമാക്കി.
അദ്ദേഹത്തെ കാണാന്‍ എന്നോടു പറഞ്ഞയാള്‍ക്ക് അദ്ദേഹത്തിന്റെ പേരറിയില്ലായിരുന്നു. ഭാരതം കാണാനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്‌കാരികസവിശേഷതകള്‍ കാണിച്ചുകൊടുക്കുന്ന ഒരു ഗൈഡ് എന്ന നിലയില്‍ നല്ല വരുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. ആണ്ടില്‍ ആറുമാസവും അദ്ദേഹം യാത്രകളിലായിരിക്കും. അതിനാല്‍ത്തന്നെ അദ്ദേഹം 'കാടാറ്' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി: ''എനിക്കിപ്പോഴും അങ്ങയുടെ പേരറിയില്ലല്ലോ, എന്നിട്ടും ഞാനിവിടെത്തന്നെ എത്തിയല്ലോ.''
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നാം തമ്മില്‍ കാണേണ്ടത് നമ്മുടെ ഒരു നിയോഗമായതുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു മനസ്സിലാക്കണം. അതുകൊണ്ടാണ് നിന്റെ പേര് മാറ്റേണ്ടതുണ്ട് എന്നു ഞാന്‍ പറയുന്നത്.''
ഞാനദ്ദേഹത്തെ ഓര്‍മിപ്പിച്ചു: ''അങ്ങയുടെ പേരു പറഞ്ഞില്ല.''
അദ്ദേഹം പറഞ്ഞു: ''എനിക്ക് ആയിരം പേരാണ്. 'സഹസ്രനാമന്‍' എന്നു ചുരുക്കിപ്പറയാം. ഒത്തിരി കാര്യങ്ങളില്‍ ഒരു രാസത്വരകംപോലെ പ്രവര്‍ത്തിക്കാനാണ് എന്റെ നിയോഗം. ഓരോ സന്ദര്‍ഭത്തിലും ഞാനെന്റെ പേരുമാറ്റും. ഇപ്പോഴത്തെ എന്റെ പേര് പവനന്‍. നിന്നില്‍നിന്ന് നിന്റെ കഥയുടെ പരാഗങ്ങള്‍ ശേഖരിക്കുകയും എന്റെ കഥയുടെ പരാഗങ്ങള്‍ വിതരണം ചെയ്യുകയുമാണ് നിന്നോടു ബന്ധപ്പെട്ട് എനിക്കു ചെയ്യാനുള്ളത്. അതായത് നീ നിന്റെ കഥ എന്നോടു പറയുക. ഞാന്‍ എന്റെ കഥ നിന്നോടും പറയാം. ഞാന്‍ നിന്റെ കഥ എഴുതാം. നീ എന്റെ കഥയും എഴുതുക. ഞാന്‍ കുറെ ഭാവനയും ചേര്‍ത്തായിരിക്കും നിന്റെ കഥ എഴുതുന്നത്. നീ എന്റെ കഥയും അങ്ങനെതന്നെ എഴുതണം. ഞാനെഴുതുന്നത് വായിച്ചു തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ നിനക്കും നീയെഴുതുന്നത് വായിച്ചു തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ എനിക്കും അവകാശമുണ്ടാവും. ആ തിരുത്തലുകള്‍ സ്വീകരിക്കണോ എന്നു തീരുമാനിക്കാന്‍ എഴുതുന്നയാള്‍ക്കേ അവകാശമുണ്ടാവൂ.''
അദ്ദേഹം കറുത്തുമെല്ലിച്ച ശരീരപ്രകൃതിയുള്ള ആളായിരുന്നെങ്കിലും ആ മുഖത്ത് എല്ലായ്‌പ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു. കറുകറുത്ത താടിമീശകള്‍ക്കിടയിലൂടെ അഷ്ടമിരാത്രിയിലെ ചന്ദ്രോദയംപോലെ ആ പുഞ്ചിരി എപ്പോഴും തിളങ്ങിനിന്നിരുന്നു. അതൊന്നു കണ്ടാല്‍ത്തന്നെ മിക്ക സന്ദര്‍ശകര്‍ക്കും മനസ്സ് ശാന്തമാകും എന്നു കേട്ടറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോയത്. ഇടുക്കിജില്ലയില്‍ ഒരു മലമുകളിലുള്ള ഒരു നെല്ലിമരത്തണലില്‍ ആയിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. മരത്തിനടിയില്‍ മഴയോ വെയിലോ ഏല്ക്കില്ലാത്തവിധം തെങ്ങോലകള്‍ മെടഞ്ഞുണ്ടാക്കിയ ഒരു കുടിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഇരിപ്പും കിടപ്പുമെല്ലാം മരച്ചുവട്ടില്‍ ഒരു തഴപ്പായില്‍ ആയിരുന്നു.
അദ്ദേഹം എന്നോടു പറഞ്ഞു:
''സജീവിനെ ഞാന്‍ സങ്കല്പ് എന്നു വിളിക്കുന്നത് സജീവ് യഥാര്‍ഥ സജീവാകാന്‍ ഇപ്പോള്‍ ഏറ്റവും ആവശ്യം സങ്കല്പങ്ങളാണ് എന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ എനിക്കു മനസ്സിലായതിനാലാണ്. മനോരോഗിയെന്നു വിളിച്ച് മയക്കുമരുന്നുകള്‍ നല്കി സജീവിനെ നിര്‍ജീവനാക്കിയ മനശ്ശാസ്ത്ര-അജ്ഞന്മാര്‍ക്കെതിരെ എനിക്ക് ഒരായുധം പ്രയോഗിക്കാനുണ്ട്. അതൊരു മനഷ്യബോംബാണ്. ആ മനുഷ്യബോംബോകാന്‍ സജീവ് സങ്കല്പാകണം. ഭയപ്പെടേണ്ട, സജീവിനെ ഒരു ചാവേറൊന്നുമാക്കാന്‍ ഞാന്‍ കരുതുന്നില്ല. ഒരു മനശ്ശാസ്ത്ര-അജ്ഞനെയും കൊല്ലാനും ഞാനുദ്ദേശിക്കുന്നില്ല. സജീവിനെ കണ്ട നിമിഷത്തില്‍ എന്റെ ഉള്ളില്‍നിന്ന് ഒരു സ്വരം ഉയര്‍ന്നിരുന്നു. വികല്പങ്ങള്‍ നിറഞ്ഞ ഈ ലോകത്തില്‍ സങ്കല്പവും സംഗീതവുംകൊണ്ട് സജീവിന്റെ സ്വധര്‍മം കണ്ടെത്താനും ജീവിതാനന്ദമാസ്വദിച്ച് ജീവിക്കാനും സഹായിക്കുക. അതിനാലാണ് സജീവിന്റെ പേര് സങ്കല്‌പെന്നുമാറ്റാന്‍ ഞാന്‍ പറഞ്ഞത്. ഈ പേരുമാറ്റം കുറെക്കാലത്തേക്ക് മതി.

സങ്കല്പ് ചെയ്യേണ്ടത് ഇത്രമാത്രം. എന്റെ കൗമാരകാലഅനുഭവങ്ങള്‍ പകര്‍ത്തിയിട്ടുള്ള കുറെ ബുക്കുകള്‍ ഞാന്‍തരും. അതില്‍ ഇവിടെ ഇപ്പോള്‍ സജീവ് കാണുന്ന എന്നെ കാണാന്‍ സാധിക്കില്ല. എന്നാല്‍ കൗമാരകാലത്തെ സജീവിനെത്തന്നെ സജീവിന് ആ കുറിപ്പുകളില്‍ കാണാന്‍ കഴിയും. ആ ഞാനെങ്ങനെ ഈ ഞാനായി എന്നു സങ്ക്‌ല്പിക്കുകമാത്രമാണ് സജീവ്, അല്ല സങ്കല്പ്, ചെയ്യേണ്ടത്. ആ സങ്കല്പം പകര്‍ത്തുന്നതിലൂടെ സങ്കല്പിന് ഈ എന്നെപ്പോലെ ആകാന്‍ കഴിയും. അതിനുശേഷം സജീവായിക്കോളൂ. ദൈവം നമ്മോടുകൂടെ എന്ന് അനുഭവിച്ചറിഞ്ഞ് സജീവ് എമ്മാനുവേല്‍തന്നെ ആയി ജീവിച്ചോളൂ.''

Monday, 23 January 2017

ജീവനധ്യാനമംഗളം! ജനുവരി 24

ഞങ്ങളെല്ലാം ജ്ഞാനസ്രോതസ്സും ബോധസൂര്യനുമായ ദൈവമേ നിന്റെ കിരണങ്ങളാണ്. ഇന്നോളം ഉണ്ടായിരുന്നവയും ഇന്ന് ഉള്ളവയും നാളെ ഉണ്ടാകാനുള്ളവയുമായ സര്‍വ ചരാചരങ്ങളും നിന്റെ സ്‌നേഹപ്രവാഹത്തിലെ തുള്ളികള്‍ മാത്രമാണ്. ഏകസൂര്യന്റെ സര്‍വ സമാശ്ലേഷിയായ ജ്ഞാനാംശമെന്ന നിലയില്‍ ഞങ്ങള്‍ സഹോദരീ സഹോദരങ്ങളാണെന്നും സ്‌നേഹസാഗരം ലക്ഷ്യംവച്ച് ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും ഞങ്ങളറിയുന്നു. ഇവിടെയുള്ളതെല്ലാം ഞങ്ങളാണ്. ഞങ്ങളില്‍പ്പെടാത്തതായും ഞങ്ങളുടേതല്ലാത്തതായും ഇവിടെ യാതൊന്നുമില്ല. എങ്കിലും നാളെ പിറന്നുവീഴുന്നവര്‍ക്കുംകൂടിയുള്ള ഇവിടുത്തെ വിഭവസമൃദ്ധിയില്‍നിന്ന് ഇവിടെ ഇന്ന് ഞങ്ങള്‍ക്കാവശ്യമുള്ളവ മാത്രമെടുക്കാനേ ഞങ്ങള്‍ക്കവകാശമുള്ളു. ഈ ബോധ്യത്തോടെ ശാന്തമനസ്‌കരായി, സന്തോഷചിത്തരായി, വിവേകമതികളായി ജീവിക്കുന്നവരാണ് ഞങ്ങള്‍. ജീവിതത്തിന്റെ അര്‍ഥം ആത്മാനന്ദം അനുഭവിച്ചറിയലാണെന്നും ഇവിടെയുള്ള വിഭവങ്ങളിലോ ഇന്ദ്രിയജന്യമായ സുഖങ്ങളിലോ അല്ല അവനവനില്‍ത്തന്നെയാണ് ആത്മാനന്ദമെന്നും ഉള്ള ജ്ഞാനം നിന്റെ അരുളായി ഞങ്ങള്‍ക്ക് അങ്ങ് നല്കിയിട്ടുണ്ടല്ലോ. ആ അരുള്‍ അന്‍പായും അനുകമ്പയായും ഞങ്ങളിലൂടെ പ്രസരിക്കട്ടെ. ഞങ്ങളിവിടെ വിവേകമതികളായി കൃതജ്ഞതാപൂര്‍ണരായി അങ്ങിലലിഞ്ഞ് നിത്യം നിലനില്ക്കട്ടെ.
മംഗളം! 

Thursday, 12 January 2017

സ്വന്തമല്ലാത്തതായൊന്നുമില്ല

സ്വന്തമല്ലാത്തതായൊന്നുമില്ല;
എങ്കിലും ഈ വീട്ടിലുള്ളവരും
രക്തബന്ധുക്കളും ബന്ധുക്കളും
ഇങ്ങയലാളരും ഉറ്റവരാം!

മൂന്നുതരം ദുഃഖങ്ങളും ചുമന്ന്
ആകെത്തളര്‍ന്നു ജീവിപ്പവരും
ഇങ്ങസൂയ, ദ്വേഷമെന്നിവയാല്‍
തന്നില്‍ സ്വയമെരിയുന്നവരും

ദൈവമേ, ഈ ഭൂവിലുള്ളതെല്ലാം
സ്വന്തമാണെന്നറിയുന്നു ഞങ്ങള്‍!

സര്‍വചരാചരങ്ങള്‍ക്കുമെന്നും
സ്വന്തമാം ഞങ്ങളിങ്ങെന്നറിഞ്ഞ്
ഇന്നിവിടുള്ളതിലുള്ളതല്ലാ-
തില്ലൊരു സത്യവുമെന്നറിഞ്ഞ്

സന്തോഷചിത്തരായ്, ജീവിതത്തിന്‍
സത്തയാനന്ദമാണെന്നറിഞ്ഞ്
നിത്യം വിവേകമതികളായി
ശാന്തമനസ്‌കരായ്, സംതൃപ്തരായ്

ദൈവമേ, ഈ ഭൂവിലുള്ളതെല്ലാം
സ്വന്തമാണെന്നറിയുന്നു ഞങ്ങള്‍!

സ്വന്തമുള്ളില്‍നിന്നറിവുണര്‍ന്ന്
ആയറിവിന്‍ വെളിച്ചം നുകര്‍ന്ന്
നന്മയല്ലാതിവിടൊന്നുമില്ല
ഇങ്ങെന്നു ചിന്തിച്ചിടുന്നവരും

തിന്മചെയ്യുന്നവര്‍ തിന്മയാലെ
ഇങ്ങു നശിപ്പാന്‍ കൊതിപ്പവരും
സര്‍വരും നിന്നരുള്‍ സ്വീകരിച്ച്
അന്‍പാലനുകമ്പയാര്‍ന്നവരായ്

ദൈവമേ, ഈ ഭൂവിലുള്ളതെല്ലാം
സ്വന്തമാണെന്നറിയുന്നു ഞങ്ങള്‍!

Saturday, 24 December 2016

യേശുദര്‍ശനം

ക്രിസ്മസ് നമുക്കൊക്കെയാഹ്ലാദവേളയാ-
ണോര്‍മിച്ചിടുന്നീല നമ്മളാരും : മേരി,
ജോസഫുമന്നെത്ര വേദനിച്ചെന്നതും
ഉണ്ണി പാലിന്നു പുല്‍ത്തൊട്ടിയില്‍ കേണതും!
യേശു - ഓര്‍മിക്കണം നമ്മള്‍; മനുഷ്യന്റെ
ദുഃഖങ്ങളൊക്കെയും സ്വാംശീകരിച്ചവന്‍
മുപ്പതു വര്‍ഷങ്ങളജ്ഞാതനായ് ദുഃഖ-
മുക്തിക്കു മാര്‍ഗം തിരഞ്ഞവന്‍, മൂന്നാണ്ടു
സ്വപ്നങ്ങളൊക്കെയും പങ്കുവച്ചെങ്കിലും
കാല്‍വരിയില്‍ കുരിശേറേണ്ടിവന്നവന്‍!
സ്വപ്നങ്ങളില്‍ മുങ്ങി സ്വന്തമാം ജീവിതം
നഷ്ടപ്പെടുത്തീലയോ യേശു? ഹൃത്തിലി-
ന്നാഴ്ന്നിറങ്ങീടുന്നു ചോദ്യമൊ: ന്നുത്തരം
യേശുവിന്‍ വാക്കുകള്‍ക്കുള്ളിലുണ്ടാവുമോ?
''സ്‌നേഹിതര്‍ക്കായ് സ്വയം ജീവന്‍ വെടിഞ്ഞിടാന്‍
പോലും മടിക്കാത്ത സ്‌നേഹമായ്, ശിഷ്യരെ
കാല്‍ കഴുകിത്തുടച്ചേറ്റമുദാത്തമാം
സ്‌നേഹമെന്തെന്നു പഠിപ്പിച്ചിടുന്നു ഞാന്‍!
എന്‍ ശിഷ്യരെ സ്‌നേഹമൊന്നിനാല്‍ വേണമീ
ലോകം തിരിച്ചറിഞ്ഞീടുവാന്‍; നിങ്ങളെ
ദ്രോഹിച്ചിടുന്നവരോടും ക്ഷമിക്കുവാന്‍
ആവണം; രണ്ടുള്ളവര്‍ ഒന്നു നല്കുന്ന
പങ്കിടല്‍ഭാവമാം സ്‌നേഹം വിടര്‍ത്തണം!
രണ്ടുപേരൊത്തുചേരുന്നിടത്തുണ്ടു ഞാന്‍!!
''സ്വാര്‍ഥമാം ജീവിതവ്യഗ്രതയില്‍ സ്വന്ത-
ജീവിതം നഷ്ടമായീടുമെന്നും ത്യാഗ-
ജീവിതം സാര്‍ഥകമാകുമെന്നും അറി-
ഞ്ഞേകുവിനര്‍ഹിപ്പവര്‍ക്കായി സര്‍വതും!
തേടൂ പരന്‍തന്‍ ഹിതം; വേണ്ടതൊക്കെയും
നിങ്ങള്‍ക്കു ലഭ്യമാകും; ഹൃദന്തത്തിലാം
സ്വര്‍ഗ; മിങ്ങാധികള്‍ വിട്ടയല്‍ക്കാരനെ
സ്വന്തമാത്മാവിന്റെയംശമായ് കണ്ടറി-
ഞ്ഞാര്‍ദ്രമായ് സ്‌നേഹിക്കുവിന്‍; ഹൃത്തില്‍ നിങ്ങളോ
കുഞ്ഞുങ്ങളാവുകില്‍ സ്വര്‍ഗരാജ്യം വരും!
യേശു തന്‍ ജീവിതം മാംസമായ് മാറ്റിയാം
ജീവിച്ച;താ ജീവിതം നമുക്കായ് പങ്കു-
വയ്ക്കുവാനാണു ക്രൂശില്‍ മരിച്ച;താ
ജീവചൈതന്യമുള്‍ക്കൊണ്ടു വീണ്ടും ജനി-
ച്ചെത്രയോ പേര്‍ക്കര്‍ഥപൂര്‍ണമായ് ജീവിതം?
യേശു കൃതാര്‍ഥതയ്ക്കുള്ള പര്യായമോ?
യേശുവിന്‍ സന്ദേശമുള്‍ക്കൊണ്ടതിന്‍ പൊരുള്‍
ഹൃത്തിലെ പുല്‍ക്കൂട്ടിലായ് പിറന്നീടുകില്‍
സ്വന്തമാത്മാവിന്റെ ദര്‍പ്പണത്തില്‍ സ്വര്‍ഗ!-
മെല്ലാമടങ്ങുന്ന സത്തയാം ഞാനെന്നു-
മൊന്നുമില്ലന്യമായെന്നും നിരന്തരം
ജ്ഞാനം വിടര്‍ന്നിടില്‍ നിത്യവും ക്രിസ്തുമസ്!!


(വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനെഴുതി അസ്സീസി മാസികയില്‍ പ്രസിദ്ധീകരിച്ചത്)
N.B.
ഇപ്പോഴത്തെ എന്റെ  ദർശനമറിയാൻ
http://almayasabdam.blogspot.in/2016/12/blog-post_25.html

Tuesday, 22 November 2016

സ്വപ്‌നത്തില്‍നിന്ന് പരമാര്‍ഥത്തിലേക്ക്

ഇന്നൊരു സ്വപ്‌നം കണ്ടു. വീട്ടില്‍നിന്ന് ഒരു പാമ്പിനെ പിടികൂടിയെങ്കിലും കൊല്ലാന്‍ മനസ്സ് അനുവദിച്ചില്ല. അതിനെ പറമ്പില്‍ വിജനമായ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ച് ആറ്റുവക്കത്തേക്കു നടന്നു. കടവിലെത്തിയപ്പോള്‍ ആറ്റിലേക്കു വിടാമെന്നു തോന്നി. കടവില്‍നിന്ന് അല്പം മാറിനിന്ന് അതിനെ വെള്ളത്തിലേക്കിട്ടു. അത് ആറിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടുപോകുന്നതു കണ്ട് ആശ്വാസത്തോടെ കടവിലെത്തിയപ്പോള്‍ ശരീരം പകുതി വെള്ളത്തില്‍ ആഴ്ത്തി അത് നടയില്‍ കിടപ്പുണ്ട്.  അത് ദയനീയമായി എന്നെ നോക്കിയപ്പോള്‍ അതിനെ കയ്യിലെടുത്തു. അപ്പോള്‍ വളരെ ആശ്വാസത്തോടെയും സ്‌നേഹത്തോടെയും  അത് എന്റെ നെഞ്ചോടു ചേര്‍ന്നു. എനിക്കു ഭയമല്ല, വാത്സല്യമാണ് തോന്നിയത്. വീട്ടിലേക്കു നടക്കുമ്പോള്‍ വീട്ടിലുള്ള മറ്റാര്‍ക്കും എന്റെ മനോഭാവമായിരിക്കില്ലല്ലോ എന്നോര്‍മ വന്ന ഞാന്‍ അതിനെ പറമ്പിലേക്കിട്ടു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ മുറ്റത്തെ ചെടിച്ചട്ടികളില്‍നിന്ന് പാമ്പിന്‍കുഞ്ഞുങ്ങള്‍ ഓരോന്നോരോന്നായി വീട്ടിലേക്ക് ഇഴഞ്ഞുകയറുന്നു. അവയെ ഓരോന്നിനെയും എടുത്ത് നെഞ്ചോടുചേര്‍ത്തപ്പോള്‍ അവയെല്ലാം പൂച്ചക്കുഞ്ഞുങ്ങളും പട്ടിക്കുഞ്ഞുങ്ങളുമായി മാറിയെങ്കിലും അവയെ ഞാന്‍  പറമ്പില്‍ കൊണ്ടുപോയിട്ടു. പറമ്പിനു മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നുപോകുന്ന കുട്ടികള്‍ പട്ടികള്‍ കടിക്കാന്‍വരുന്നേ എന്നു നിലവിളിച്ചുകൊണ്ട് ഓടുന്നു. നാട്ടിലുള്ളവര്‍ക്ക് പട്ടികളെയും ഭയമാണല്ലോ എന്ന ഓര്‍മയില്‍ ഉണരുമ്പോള്‍ അന്യമായവയെ അല്ലേ ഭയപ്പെടേണ്ടത്? നമുക്ക് അന്യമായെന്തുണ്ട്? എന്ന ചോദ്യവുമായി മുന്നില്‍ നാരായണഗുരു! Love and Devotion എന്ന പുസ്തകത്തില്‍ നല്കിയിട്ടുള്ള സഹസംബന്ധപ്രയുക്തിയില്‍ ജാഗ്രത്തിനെ സൂചിപ്പിക്കുന്ന അക്ഷത്തില്‍ നല്കിയിട്ടുള്ള When I think of it as my snow, how light it is on my bamboo hat എന്ന Kikaku എഴുതിയ ഹൈക്കുവും മനസ്സില്‍ ഉയര്‍ന്നുവന്നു.

Friday, 11 November 2016

വിവേകസരണി

ശരിയായ വഴിയൂടെ സഞ്ചരിച്ചാല്‍
ശരിയായ ലക്ഷ്യത്തില്‍ നമ്മളെത്തും!
ശരിയേതു തെറ്റേതെന്നറിയുവോര്‍ക്കേ
ശരിയുടെ വഴിയൂടെ പോകാനാവൂ!!

അറിയണം അറിവിന്റെയുറവിടമായ് 
അറിവിലുമേറി യാതൊന്നുമില്ല
അറിവാണ്  വൈഭവമൊക്കെയിങ്ങീ 
നിറവായ വിഭവങ്ങളാക്കി  മാറ്റി!

അധ്വാനശക്തിയും വൈഭവവും 
അരുളിടും ധന്യത ധനമായിതാ! 
അതുതന്നെ ശാന്തിയും സന്തോഷവും
അവികലാനന്ദവും അരുളിടുന്നു!!

അറിവിന്റെ വഴിയിലൂടാനന്ദവും
അരുളുമറിഞ്ഞിടാനീ ജീവിതം!
അറിവാണു ശക്തിയും സ്വാതന്ത്ര്യവും
അരുളുന്ന പൊരുളെന്നതറിയണം നാം!

പൂവു കായാകാന്‍ പരാഗമേന്തും
പവനനും ശലഭവുമല്ലോ നമ്മള്‍!
ഇവിടിതറിഞ്ഞു നാം ജീവിക്കുമ്പോള്‍
ഭുവനസ്വപ്‌നം സ്വര്‍ഗമായി മാറും!!

അവനവനാത്മസുഖത്തിനായി
അവികലസ്വപ്‌നങ്ങള്‍ കണ്ടിടേണം!
അപരനുവേണ്ടിയാ സ്വപ്‌നലോകം
അനുദിനം യാഥാര്‍ഥ്യമാക്കിടേണം!!

അതിനുള്ള വഴി സത്യസന്ധതയും
അരുളും നിറഞ്ഞതാണെന്നറിഞ്ഞാല്‍,
അതുവഴി നിത്യവും സഞ്ചരിച്ചാല്‍,
അനിതരാനന്ദസ്വര്‍ഗത്തിലെത്താം!

ശരിയായ സ്‌നേഹവും സൗഹൃദവും
ശരിയായറിഞ്ഞു ജീവിപ്പവര്‍ക്ക്
ശരിയായ വിപണന സങ്കല്പനം
ശരിയായ വിതരണ സങ്കല്പനം!

ശരിയായ ജീവന സങ്കല്പനം
ശരിയായ ജീവിത സങ്കല്പനം!
ശരിയായ ചുവടുവയ്‌പോരോന്നിലും
ശരിയായ മാര്‍ഗമാം, ലക്ഷ്യവുമാം!!

അവനീശനിങ്ങു നമുക്കു നല്കും
അരുളിന്റെ പൊരുള്‍ സര്‍വമെന്നറിഞ്ഞാല്‍
അവനിയിലന്യരായാരുമില്ല!
അനുഭവം: അനുകമ്പയന്‍പുതന്നെ!!

Thursday, 10 November 2016

ഭൂമിവന്ദനം

ഭൂമി വന്ദിക്കുന്നു സൂര്യനെയിങ്ങനെ:
''എന്നിലെ ജീവന്റെ താതനാണല്ലൊ നീ!
നിന്‍ മക്കള്‍ ഭൂമിയില്‍ മാത്രമാണെന്നു ഞാന്‍
ഇന്നറിയുന്ന, ന്നവര്‍ കോടാനുകോടികള്‍!!

നമ്മുടെയാദ്യത്തെമക്കളായായിരം 
സൂക്ഷ്മാണുജീവികള്‍! കോടാനുകോടികള്‍ !!

മര്‍ത്യരിളയവര്‍; ജ്യേഷ്ഠരാം സൂക്ഷ്മാണു-
ജീവികളെന്നറിയാതെയാണിന്നവര്‍
സ്വാര്‍ഥരായ് സസ്യലതാദികളുള്‍പ്പെടെ
യുള്ളതൊടുക്കിയതിക്രമിക്കുന്നിതാ!

മര്‍ത്യര്‍ക്കു വേണ്ടെന്നവര്‍ കരുതുന്നവ-
രില്ലാതെയാവില്ലവര്‍ക്കിങ്ങു ജീവനം
എന്നറിയുന്ന ഞാന്‍ മര്‍ത്യര്‍ക്കവബോധ-
മിങ്ങുണര്‍ന്നീടുവാന്‍ എന്തു ചെയ്തീടണം?''

ഭൂമി വന്ദിക്കുന്നു സൂര്യനെ, സൂര്യനോ
ഭൂമിതന്‍ മക്കളാം നമ്മെ വന്ദിക്കയാം:

''മര്‍ത്യര്‍ക്കുമുള്ളിലീ ഞാനുണ്ടു ബോധമാം
സൂര്യനാ, യെന്നെയറിഞ്ഞുണര്‍ന്നീടുവാന്‍
ഈ ജന്മമെന്നറിഞ്ഞീടുവോര്‍ ഭൂമിയില്‍
ആയിരമായിരം പേര്‍! ഭയം വേണ്ടിനി!!

ശാന്തമനസ്‌കരായ് സന്തോഷചിത്തരായ്
നിത്യം വിവേകമതികളായ്ത്തീര്‍ന്നിടും
മര്‍ത്യരെല്ലാവരും! ജീവിതാര്‍ഥം ഉള്ളി-
ലാണെന്നറിഞ്ഞവര്‍ നിന്നില്‍ വളര്‍ന്നിടും!!''