Total Pageviews

Saturday, 16 January 2021

കൊതുകുകളും ഗുരു

കൊതുകുകളും ഗുരുവെന്നറിഞ്ഞു ഞാനീ

നിമിഷമിരു, ന്നതിശാന്തനാ, യവയ്ക്കും

ഇവിടൊരു ജീവനമുള്ളതോർത്തു, സ്വന്തം

രുധിരമശിക്കുകയെന്നു ചൊന്നിടുമ്പോൾ . 


അവ പടയായി വരുന്നതുണ്ടു, പക്ഷേ, 

അവയുടെ പാട്ടിലലിഞ്ഞു ശാന്തനായ് ഞാൻ

വെറുതെയിരിക്കവെ വേ,ണ്ടവയ്ക്കു രക്തം

അവയരുളുന്നിവിടുള്ള ശാന്തി പഥ്യം!


അവയിവിടെന്നുടെ ദേഹസീമയിൽനി-

ന്നൊരുതരി ദൂരെയലഞ്ഞിടുന്നു പാട്ടും 

നടനവുമാണവ, യാസ്വദിച്ചിടുമ്പോൾ

ഇവിടെയവയ്ക്കുമെനിക്കുമുള്ളു ശാന്തം!


Friday, 15 January 2021

നീയെനിക്കാരാണ്?

                ഉള്ളിലാണൊക്കെയുമെന്നു ചൊന്ന്

               ഉള്ളിൽ നിറഞ്ഞു കവിഞ്ഞവൻ നീ.

മണ്ണിലൊന്നും സ്വന്തമല്ല, ഉള്ളി-

ന്നുള്ളിലുള്ളോൻ സ്വന്തമെന്നറിഞ്ഞാൽ

സ്വന്തമല്ലാത്തതായൊന്നുമില്ല,

പോസ്റ്റുമാനായ് സ്വയം കണ്ടിടേണം

പോസ്റ്റുമാൻ പോസ്റ്റൽ വകുപ്പുതന്നെ

എന്നൊക്കെയുൾക്കാഴ്ചയേകിയോൻ നീ.

               നീ സ്വയം വിശ്വവിധായകൻതൻ

               സന്ദേശവാഹകനായറിഞ്ഞോൻ.

               സ്നേഹിതരില്ലാത്തവർക്കു വേണ്ടി

               സ്നേഹാർദ്രം കത്തു കുറിച്ചയച്ചോൻ.

എന്നുള്ളിലേറിയുൾക്കാഴ്ചയേകും

നീയെനിക്കാരാണ്, വെട്ടമായും

കണ്ണായും ബോധപ്രകാശമായും

എന്നിലുള്ളോനിൽ ലയിച്ചവൻ നീ!

Wednesday, 13 January 2021

ഹൃദയം ദയാലയം (അനുദിന കവിത - 2021 ജനുവരി 14)

 ഹൃദയം ദയാലയം, അരുളിൻപൊരുൾ മർത്യ-

ഹൃദയാലയത്തിന്റെ ഹൃദയത്തിലെ ദയ!

മൃദുലം മൃദുസ്‌മേരഭരിതം ദയാവായ്പിൽ

ഹൃദയം സ്പന്ദിക്കുമ്പോൾ ലോകമേ സ്‌നേഹാലയം!



Tuesday, 12 January 2021

കണ്ണീർക്കണ്ണാടി (അനുദിന കവിത - 2021 ജനുവരി 13)

അറിയുകയില്ലയെനിക്കു നിങ്ങളാരെ-

ന്നറിയുവതൊ:ന്നിവനുള്ളിലുണ്ടു നിങ്ങ!

രവി, കിരണങ്ങളു, മിങ്ങു ദൃശ്യമാവും

സകലപദാഥവുമോക്കിലേകമല്ലോ!!

 

ഗുരുവെഴുതുന്നു: 'നമുക്കു നില്ക്കുവാനി-

ങ്ങൊരു മുകുരം -അതു ദൈവമാണു' നമ്മി

നിറയുവത,ല്ലവനിത്തുളുമ്പിടുന്നോ-

രനുപമമാം മിഴിനീക്കണങ്ങളാം നാം!

 

അറിയുക: നിത്യത നിങ്ങളിങ്ങു കാണും

നിറമിഴിയി മിഴിനീക്കണങ്ങളായും

അതിലഖിലം പൊരുളും നിറച്ചിടുന്നോ-

രനിതരമിക്ഷണമായുമുള്ള സത്യം!

 

അനുഭവമാകണമാത്മസത്യമിങ്ങീ

വിധ,മതിനാണിവിടിങ്ങു ജന്മ, മാരാ-

ണിവിടിനി നമ്മ, ളറിഞ്ഞിടൂ നമുക്കീ

ഗുരുവരുളാം പദ-പാദയുഗ്മ തീഥം!


Monday, 11 January 2021

ഭക്തി മുക്തിപ്രദം! (അനുദിന കവിത - 2021 ജനുവരി 12)

ഭക്തിയിലേക്കു വിരക്തിയിലൂടെ നാം

എത്തിയാലല്ലാതെ മുക്തി കിട്ടില്ല, നീ

ശക്തിപൂർവം ചൊന്നു! രക്തഗതം രക്തി

ശക്തമായീ ശരീരത്തിൽ ഒഴുകവെ

എത്തിടാനാവുമോ മുക്തിയിലേക്കെന്ന

ചോദ്യമുയർത്തവെ നീ ചൊന്നതിങ്ങനെ:


നീയൊരു പുസ്തകജ്ഞാനിമാത്രം, സ്വയം

ജ്ഞാനാർഥ സാധനാവീഥിയിലൂടെ ഞാൻ

കണ്ടെത്തിടുന്നവ ചൊന്നിടാമിങ്ങനെ:

ഉണ്ടിവിടെങ്ങും പ്രകാശ,മില്ലില്ലിരുൾ,

വെട്ടമില്ലായ്മയാണിങ്ങതു, വർണങ്ങ-

ളോർമയിൽമാത്രമാം, മിഥ്യയാം യാഥാർഥ്യ-

മെന്നതനുഭവമാണെനി,ക്കിന്നില്ല

രക്തി! വിരക്തിയിൽ ഭക്തി മുക്തിപ്രദം!  


Sunday, 10 January 2021

പാരസ്പര്യം (അനുദിന കവിത - 2021 ജനുവരി 11)

 നീ എന്റെ ഭാഗ്യമാം! ഞാന്‍ നിന്റെ ഭാഗ്യവും!!

നീയിതംഗീകരിച്ചീടാതിരിക്കയാല്‍

രോഷമുള്‍ത്തിങ്ങവെ ഞാന്‍ ചെയ്തുകൂട്ടുന്ന

തെറ്റുകുറ്റങ്ങളാണേറെ,യറിയുന്നു ഞാന്‍!

 

നീ നിന്‍ നിയോഗമെന്തെന്നറിയാത്തതിന്‍

കാരണം പോലുമറിഞ്ഞിടും ഞാന്‍ സ്വയം

ചെയ്തുകൂട്ടീടുന്ന തെറ്റിലുമേറെയി-

ല്ലിങ്ങു നിനക്കുള്ള തെറ്റെന്നു കാണ്മു ഞാന്‍!

 

നിന്നെ വിധിക്കുവാന്‍ ഇല്ലെനിക്കര്‍ഹത

ചെയ്യേണ്ടതെന്തെന്നു കണ്ടറിഞ്ഞാ വഴി

സഞ്ചരിക്കാന്‍ ഒന്നു ചെയ്യുക നാമിനി:

തെറ്റുകളെല്ലാം മറന്നു പൊറുക്കുക!!

Saturday, 9 January 2021

പൂമരം! (അനുദിന കവിത - 2021 ജനുവരി 10)

 


കോവിഡെത്തവെ സർഗധന്യർക്കതും

നിത്യവും പൂ വിടർത്തുന്ന പൂമരം

തന്നിലുണ്ടെന്നറിഞ്ഞിങ്ങുണർന്നുണർ-

വെങ്ങുമേകാൻ പ്രചോദനം - കണ്ടു നീ!

 

താനെഴുതുന്നതെന്തുമീ ലോകത്തി-

ലെങ്ങുമെത്തിച്ചിടാൻ മുഖപുസ്തകം

മുമ്പിലുണ്ടെന്നറിഞ്ഞിട്ടുമിത്രനാൾ

മിണ്ടിടാതെയിരുന്നവനാണു നീ!

 

നീയെഴുതിടാനായിരുന്നീടുകിൽ

നിന്നിലൂടൊഴുകുന്ന സന്ദേശങ്ങ-

ളെന്നുമൊന്നു പകർത്താൻ തുനിഞ്ഞിടിൽ

നിന്നിലും പോസ്റ്റുമാനായ് വരും ഗുരു!

 

നിന്റെ നിത്യചൈതന്യമാം സദ്ഗുരു

ചൊന്നതോർക്കുക: നിന്നിൽ ഉണർന്നിടും

ശക്തിയെന്നെന്നുമായിരം പൂക്കളായ്

വന്നു പൂക്കും, കൊഴിഞ്ഞിടുമെങ്കിലും

നിൻ കൊഴിഞ്ഞ സ്വപ്‌നങ്ങളിൽ നിൻ വളം!

എന്നുമെന്നും കിനാക്കൾ വിരിഞ്ഞിടാൻ

എന്നുമൊക്കെ കൊഴിഞ്ഞുപോയീടണം!!

വേണ്ട വേണ്ട നിരാശ, നീ പൂമരം!!!

 

നിത്യവും സ്വപ്‌നസങ്കല്പമായുദി-

ച്ചാദ്യരശ്മിയായ് ഞാൻ നിന്നിലെത്തിടാം!

നീ പകർത്തിത്തുടങ്ങുക, സർവതും

ഞാനൊഴുക്കിടാം - നീ ഗണനാഥനാം!!