Total Pageviews

Wednesday, 27 May 2015

പാലാ സബ്ജില്ലാതല പ്രവേശനോല്‍സവം


2015-ലെ പാലാ സബ്ജില്ലാതല പ്രവേശനോല്‍സവം ജൂണ്‍ 1-ന് പ്ലാശനാല്‍ ഗവ. എല്‍. പി. എസ്സില്‍ വച്ച് നടത്താന്‍ തലപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ആര്‍, മുഖ്യ രക്ഷാധികാരിയും വാര്‍ഡ് മെമ്പര്‍ ശ്രീമതി ലിസ്സി ജോര്‍ജ് രക്ഷാധികാരിയുമായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘത്തില്‍ ശ്രീ. റ്റി. എം. ജോര്‍ജ് ജോസ് (AEO Pala), ശ്രീ കെ. ജെ. ജോയി (BPO Pala) കെ.ജി.സുജാത (ഹെഡ്മിസ്ട്രസ്സ്) എന്നിവര്‍ കണ്‍വീനര്‍മാരാണ്. സ്‌കൂളിലെ എല്ലാ പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും കുട്ടികളുടെ അമ്മമാരും അംഗങ്ങളാണ്.
പ്രവേശനോത്സവം ഭംഗിയായി നടത്തുന്നതിന് ആറ് സബ്കമ്മറ്റികളും രൂപീകരിച്ചു.

വിളംബരജാഥയ്ക്കായുള്ള സബ്കമ്മറ്റിയില്‍ PTA പ്രസിഡന്റ് ഷിജോ കെ.പി. ടീച്ചര്‍മാരായ ലിസി അഗസ്റ്റിന്‍, ബിന്ദു ജോണ്‍, PTA മെമ്പര്‍ ലവന്‍ നാലാങ്കല്‍ എന്നിവര്‍ അംഗങ്ങളാണ്.
സ്വീകരണസബ്കമ്മറ്റിയിലെ അംഗങ്ങള്‍ ടീച്ചര്‍മാരായ ഉഷാകുമാരി സി. എന്‍, മോന്‍സി ജോസ്, PTA മെമ്പര്‍ ലവന്‍ നാലാങ്കല്‍ എന്നിവരാണ്.
അനുമോദനസബ്കമ്മറ്റിയില്‍  ടീച്ചര്‍മാരായ കെ. ആര്‍ ജയമോള്‍, രമ പി. എം., PTA മെമ്പര്‍ അജുമോന്‍ വി. കാഞ്ഞിരക്കാട്ടുപാറയില്‍ എന്നിവര്‍ അംഗങ്ങളാണ്.
സൗന്ദര്യവത്കരണസബ്കമ്മറ്റിയിലെ അംഗങ്ങള്‍ ടീച്ചര്‍ ജ്യോതിസ് ജോസ്, PTA മെമ്പര്‍മാരായ ജോമോന്‍ മഠത്തുശ്ശേരില്‍, ജോസുകുട്ടി കുന്നയ്ക്കാട്ട്, ശ്രീനിവാസന്‍ എം. ആര്‍. നാലാങ്കല്‍ എന്നിവരാണ്.
പബ്ലിസിറ്റിസബ്കമ്മറ്റിയില്‍ ടീച്ചര്‍ സുജാത വി.ബി, പൂര്‍വവിദ്യാര്‍ഥികളായ സണ്ണിമാത്യു കുന്നേല്‍പുരയിടം, ജോസാന്റണി മൂലേച്ചാലില്‍, PTA മെമ്പര്‍ ജോസ് പറക്കുന്നേല്‍, എന്നിവര്‍ അംഗങ്ങളാണ്.
പബ്ലിസിറ്റിസബ്കമ്മറ്റിയിലെ അംഗങ്ങള്‍ ടീച്ചര്‍മാരായ സിബിള്‍ വി. തോമസ്, രാജി കെ. ആര്‍., മാതൃസംഗമം പ്രസിഡന്റ് പ്രിയ അനില്‍, മാതൃസംഗമം മെമ്പര്‍മാരായ സിന്ധു അജികുമാര്‍,  താരാ ജോര്‍ജ്, പൊന്നമ്മ കെ.റ്റി. ലില്ലി ജോര്‍ജ്, വത്സമ്മ പി.കെ., PTA മെമ്പര്‍ റെജിമോന്‍ പറയന്‍കുഴി എന്നിവരാണ്.

Saturday, 21 March 2015

അയല്‍പക്കത്തായം

ശ്രീനാരായണഗുരുവിനോട് ചിലര്‍ ചോദിച്ചു: മക്കത്തായമാണോ മരുമക്കത്തായമാണോ നല്ലത്? അദ്ദേഹം മറുപടി പറഞ്ഞു: രണ്ടുമില്ലെങ്കിലും കുഴപ്പമില്ല. അയല്‍പക്കത്തായം   ഉണ്ടായാല്‍ മതി.ക്രാന്തദര്‍ശിയായ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടനുസരിച്ചു ലോകം മുന്നേറുന്നത്  സൂക്ഷ്മദൃഷ്ടികള്‍ ആയ ആര്‍ക്കും കാണാന്‍ കഴിയും. ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്കും സേവാഗ്രാമും വിസിബും കുടുംബശ്രീയും ജനശ്രീയും  ഒക്കെ വീട്ടമ്മമാരുടെ കൂട്ടായ്മകളായി   തുടങ്ങിവച്ച ഈ ദിശയിലുള്ള   നീക്കങ്ങള്‍ ജനാധിപത്യത്തിനുതന്നെ നവചൈതന്യം പകരാന്‍ പോന്നതാണ്.
 
നാം ചിന്തിച്ച് നടപ്പിലാക്കേണ്ട ഒരാശയമാണ് താഴെ:

ജനാധികാരമാര്‍ഗം
ജോസാന്റണി

അയലുകള്‍ തമ്മില്‍ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികള്‍ വരണ,മവര്‍ ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിന്‍ പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍.

അവരുടെ പാര്‍ട്ടിക്കാര്‍ പറയുന്നതു
മവരു പറഞ്ഞീടേണ്ടിനി; സ്വയമേ
അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ, മപ്പോളവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.

ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടു, മറിയൂ!

 
 

Wednesday, 18 March 2015

പ്ലാശനാല് ഗവ. എല്. പി. സ്കൂൾ ജന്മശതാബ്ദി

നാം എത്ര ഉയരത്തിലെത്തിയാലും ആദ്യാക്ഷരങ്ങള്‍ പഠിച്ച സ്‌കൂളും പഠിപ്പിച്ച അധ്യാപകരും കൂടെ പഠിച്ച കൂട്ടുകാരും ഓര്‍മയില്‍ പുളകമുണര്‍ത്താതിരിക്കില്ല. ഞാന്‍ ഒന്നു മുതല്‍ നാലുവരെ പഠിച്ചത് പ്ലാശനാല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ ആയിരുന്നു. അന്ന് എന്നോടൊപ്പം ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്നവരില്‍ വളരെ കുറച്ചു പേരേ ഇപ്പോള്‍ നാട്ടിലുള്ളൂ. പൂര്‍വവിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും അകലങ്ങളില്‍ എങ്ങൊക്കെയാണ് ജീവിക്കുന്നതെന്ന് അറിയില്ല. അവര്‍ ഓരോരുത്തരെയും അഭിമാനപുളകിതരാകാന്‍ പോന്നതാണ് സ്‌കൂളിന്റെ ഇപ്പോഴത്തെ അവസ്ഥ. കോട്ടയം ജില്ലയിലെ ഗവ. എല്‍. പി. സ്‌കൂളുകളില്‍ മുന്‍പന്തിയിലുള്ള ഈ സ്‌കൂളിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. പൂര്‍വവിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്‌കൂളിന്റെ ശതാബ്ദി സ്മരണകള്‍ നിലനിര്‍ത്തുവാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ പങ്കാളികളാകാന്‍ ഓരോരുത്തരും ഫേസ്ബുക്കിലെ സ്‌കൂളിന്റെ പേജും ഈ വര്‍ഷംതന്നെ സകൂളും സന്ദര്‍ശിക്കുന്നത് നന്നായിരിക്കും.

Thursday, 13 September 2012

പരസ്പരം അറിയുമ്പോള്‍

പരസ്പരം അറിയുമ്പോള്‍

ഉണര്‍ന്നല്ലോ മൂന്നാറിൽ സ്ത്രീ !കേരളത്തിൽ പഞ്ചായത്തിന്‍
ഉണര്‍ത്തുപാട്ടിതിലൂടെ,സ്ത്രീയാം ശ്രീയെങ്ങും !!
അയല്‍ക്കാരെ തന്നെപ്പോലെ സ്‌നേഹിച്ചീടാനിങ്ങെല്ലാർക്കും
അയല്‍ക്കൂട്ടങ്ങളില്‍ത്തന്നെ പ്രഥമപാഠം!
അതു പഠിച്ചപ്പോള്‍ നമ്മള്‍ അറിയുന്നു: പരസ്പരം
അറിയുമ്പോഴല്ലോ പുരോഗതി, വികാസം!!

പരസ്പരം സകലതും പങ്കുവയ്ക്കാന്‍ പഠിച്ചീടില്‍
പരന്റെ ലോകത്തില്‍ പരലോകം കണ്ടീടാം.
തനിക്കായി ചെയ്യുന്നവ അപരനും ഗുണം ചെയ്താല്‍
തങ്ങള്‍ക്കെല്ലാം സ്വര്‍ഗം ഭൂവിലുളവാകുന്നു.
തനിക്കായി മാത്രം കര്‍മ്മം ചെയ്യുന്നോരാം നരകത്തിന്‍
തനിപ്പകര്‍പ്പിവിടെയീ ഭൂവില്‍ സൃഷ്ടിപ്പൂ!

ആഴ്ചതോറും അയല്‍ക്കൂട്ടം കൂടീടുന്നൂ, ഞങ്ങള്‍ തമ്മില്‍
ആത്മാര്‍ഥമായ് സ്‌നേഹിക്കുന്നു, പങ്കുവയ്ക്കുന്നു.
പരസ്പരം സുഖം, ദുഃഖം, ധനം, വിദ്യ പങ്കുവയ്ക്കാന്‍
പഠിക്കുമ്പോള്‍ മനുഷ്യത്വം വളരുമല്ലോ.
പരിസരം ശുചിയാക്കാന്‍, മാലിന്യങ്ങള്‍ വളമാക്കാന്‍
പഠിക്കുവാന്‍ അവസരം ലഭിക്കുമല്ലോ!